25 May Monday

കോവിഡ്‌: 9 പേർകൂടി ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
കാസർകോട്‌
ജില്ലയിൽ ഒമ്പതു പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. നാലുപേർ കാസർകോടും മൂന്ന്‌ പേർ മംഗളൂരുവിലും രണ്ടുപേർ കോഴിക്കോട്‌ ആശുപത്രിയിലുമാണുള്ളത്‌. ഇതു വരെ 47 പേർ ജില്ലയിൽ രോഗബാധിതരാണ്‌. 
കാസർകോട് രോഗം സ്ഥിരീകരിച്ചവരിൽ  ചെമ്മനാട്‌ ചന്ദ്രഗിരി സ്വദേശികളായ 23,  29 വയസുള്ളവരുണ്ട്‌.  60,  26 വയസുള്ള  മധൂർ പുളിക്കൂർ സ്വദേശികളും 29 വയസുള്ള പുല്ലൂർ സ്വദേശിയും 33 വയസുള്ള  കുഡ്‌ലു  സ്വദേശിയുമുണ്ട്‌. ഇവരിൽ ഒരു സ്ത്രീയും ബാക്കിയുള്ളവർ  പുരുഷന്മാരുമാണ്. പുല്ലൂർ, കുഡ് ലു സ്വദേശികൾ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.  മംഗളൂരുവിൽ സ്ഥിരീകരിച്ചവരുടെ സ്ഥലം അറിവായിട്ടില്ല.  രണ്ടുപേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്‌. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം വർധിച്ചതോടെ ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ സജ്ജീകരിച്ചു. എല്ലാപഞ്ചായത്തുകളിലും ഐസൊലേഷൻ വാർഡുകൾ ഏർപ്പെടുത്തി.
സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി ആരംഭിച്ചു.  ചൊവ്വാഴ്ചയും കലക്ടരുടെയും പൊലീസ്‌ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ  പരിശോധന നടത്തി. റോഡിൽ അനാവശ്യമായി കറങ്ങി നടന്നവരെയും കൂട്ടംകൂടി നിന്നവരെയും വിരട്ടി ഓടിച്ചു. നിയമംലംഘിച്ച രണ്ട്‌ പ്രവാസികൾക്കെതിരെ പാസ്‌പോർട്ട്‌ കണ്ടു കെട്ടുന്നതടക്കമുള്ള നടപടി സ്വീകരിച്ചു.  അഞ്ച്‌ പേർക്കെതിരെ കേസ്‌ എടുത്തു.  വിദേശത്ത്‌നിന്ന്‌ മാർച്ച്‌ ഒന്ന്‌ മുതൽ ജില്ലയിൽ എത്തിയവരുടെ പേര്‌വിവരങ്ങൾ ശേഖരിച്ചു പൊലീസ്‌ അവരുടെ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു. നാലായിരത്തോളം പേരുകൾ മംഗളൂരു വഴിയും കേരളത്തിലെ നാല്‌ വിമാനത്താവളം വഴിയും ജില്ലയിൽ എത്തിയിട്ടുണ്ട്‌. അവർ നിരീക്ഷണത്തിലായിരിക്കുമെന്ന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിഐജി സേതുരാമൻ അറിയിച്ചു.  
ജില്ലയുടെ ചുമതല അഞ്ച്‌ ഡിവൈസ്‌പിമാർക്ക്‌ നൽകി.  അവശ്യ സാധനങ്ങൾ ഉറപ്പ്‌വരുത്താനും നടപടി എടുത്തു. അവശ്യസാധനങ്ങളുടെകടയും ബേക്കറിയും ഇറച്ചി–-മീൻകടകളും തുറക്കാം.കൂട്ടംകൂടാൻ പാടില്ല.  
കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പുംഅനുവദിക്കില്ല എന്ന്‌ കലക്ടർ പറഞ്ഞു. ബുധനാഴ്‌ച മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ വിവിധ പ്രദേശങ്ങളിൽ  പരിശോധന നടത്തും. മണി എക്‌സ്‌ചേഞ്ച് യൂണിറ്റുകൾ കർശനമായ സുരക്ഷാ സംവിധാനങ്ങളോടെ മാത്രമേ പ്രവർത്തിക്കുവാൻ പാടുള്ളൂ. 
 
2736 പേർ നിരീക്ഷണത്തിൽ  
കാസർകോട്‌
ആകെ 2736 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ആശുപത്രികളിൽ 85 പേരും വീടുകളിൽ 2651 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. പുതുതായി 99 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 202 പേരുടെ പരിശോധനാ ഫലം വരാനുണ്ട്.
പ്രധാന വാർത്തകൾ
 Top