14 April Wednesday

34 തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ 11 പഞ്ചായത്തുകൾകൂടി ശുചിത്വ പദവിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
കാസർകോട്‌ 
ജില്ലയിൽ 11 തദ്ദേശ സ്ഥാപനങ്ങൾ കൂടി ശുചിത്വ പദവിയിൽ. വോർക്കാടി, എൻമകജെ, മീഞ്ച, മൊഗ്രാൽപുത്തൂർ, ചെമ്മനാട്, മൂളിയാർ, കുമ്പടാജെ, കാറഡുക്ക, ബളാൽ, വലിയ പറമ്പ എന്നീ പഞ്ചായത്തുകളും പരപ്പ ബ്ലോക്ക് പഞ്ചായത്തുമാണ് രണ്ടാം ഘട്ടത്തിൽ ശുചിത്വ പദവിക്കർഹമായത്.തദ്ദേശ മന്ത്രി എ സി മൊയ്തീൻ പ്രഖ്യാപനം  നിർവഹിച്ചു.  ഒന്നാം ഘട്ടത്തിൽ  20 പഞ്ചായത്തുകളും രണ്ടു നഗരസഭകളും കാഞ്ഞങ്ങാട് ബ്ലോക്കും ശുചിത്വ പദവി നേടിയിരുന്നു. 
ജൈവ മാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, തുടങ്ങി വിവിധ മാനദണ്ഡങ്ങളിലായി 100ൽ 60 മാർക്കിന് മുകളിൽ ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ ശുചിത്വപദവി. അവശേഷിക്കുന്നവ കൂടി ശുചിത്വ പദവിയിലെത്തിക്കാനും  ഘട്ടം ഘട്ടമായി  സമ്പൂർണ ശുചിത്വ പദവിയിലെത്തിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞു.
ഹരിതകേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി എൻ സീമ അധ്യക്ഷയായി. പഞ്ചായത്തുതലത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മൊമന്റോയും സർട്ടിഫിക്കറ്റും സമർപ്പിച്ചു. 
ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും  സംഘം  പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പഞ്ചായത്തുകളെ തെരഞ്ഞെടുത്തത്. ഹരിത കർമ്മസേനയുടെ പ്രവർത്തനം, പൊതുശൗചാലയങ്ങൾ, നിരത്തുകൾ, ജലാശയങ്ങൾ എന്നിവയുടെ വൃത്തി, മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരെയും വലിച്ചെറിയുന്നവർക്കും എതിരെ സ്വീകരിച്ച നടപടികൾ, ജൈവ മാലിന്യങ്ങളുടെ സംസ്‌കരണം തുടങ്ങിയവയാണ് വിലയിരുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top