27 September Sunday

ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയും സഹായിയും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 മഞ്ചേശ്വരം

ഭർത്താവിനെ കഴുത്തിൽ തോർത്തുമുറുക്കി കൊന്ന ഭാര്യയും സഹായിയും അറസ്‌റ്റിലായി.  സഹായികളായ രണ്ടുപേരെ പൊലീസ്‌ തെരയുന്നു. തലപ്പാടി കെ സി റോഡ് സ്വദേശി പാവൂർ കിദംബാടിയിൽ താമസിക്കുന്ന  ഇസ്മായിലിനെ (50) കൊലപ്പെടുത്തിയ കേസിലാണ്‌ ഭാര്യ ആയിശ (39), അയൽവാസിയും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42) എന്നിവരെ മഞ്ചേശ്വരം പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കർണാടക കൊണാജെ മഞ്ഞനാടി സ്വദേശികളായ അറഫാത്ത്‌, സിദ്ദീഖ്‌ എന്നിവരെയാണ്‌  തെരയുന്നത്‌. 
കഴിഞ്ഞ 20 നാണ്‌ ഇസ്‌മായിലിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഹൃദയാഘാതമാണെന്നു കരുതി കബറടക്കാനിരുന്ന മൃതദേഹത്തിന്റെ കഴുത്തിൽ പാടുകൾ കണ്ടത്തിയതിനെതുടർന്നാണ്‌  കൊലപാതകമാണെന്ന്‌ ബന്ധുക്കൾ സംശയിച്ചത്‌. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിൽ കഴുത്തുമുറുക്കിയാണ്‌ കൊലപ്പെടുത്തിയതെന്ന്‌ മനസ്സിലായി. 
ആയിശയെ ചോദ്യംചെയ്‌തപ്പോഴാണ്‌ കൊലപാതകം പുറത്തറിഞ്ഞത്‌. ഭർത്താവ് മദ്യപിച്ച്‌ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും അയൽവാസിയായ മുഹമ്മദ്‌ ഹനീഫയുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആയിശ മൊഴിനൽകി. ആയിശയും ഹനീഫയും അടുപ്പത്തിലായിരുന്നു. കൊലപാതകം നടത്തിയാൽ 10,000 രൂപ നൽകാമെന്ന്‌ ആയിശ ഉറപ്പ്‌ നൽകിയിരുന്നു. ഹനീഫ സുഹൃത്തുക്കളായ അറഫാത്ത്‌, സിദ്ദീഖ്‌ എന്നിവരുടെ സഹായം തേടി.
ആയിശക്ക്‌ മൂന്ന്‌ മക്കളുണ്ട്‌.  മഞ്ചേശ്വരം സിഐ എ വി ദിനേശന്‍, എസ്ഐ ഇ അനൂപ്കുമാര്‍, എസ്‌ഐമാരായ വിഷ്‌ണുപ്രസാദ്‌, ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top