27 February Thursday
സഹാധ്യാപകനും സുഹൃത്തും അറസ്‌റ്റിൽ

അധ്യാപികയുടെ മരണം കൊലപാതകം

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

 കാസർകോട്‌

മിയാപദവ്‌ വിദ്യാവർധക സ്‌കൂൾ അധ്യാപിക ചിഗറുപാദയിലെ ബി കെ  രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന്‌ തെളിഞ്ഞു. കുമ്പള പെർവാഡ്‌ കടപ്പുറത്ത്‌ കഴിഞ്ഞ പതിനേഴിനാണ്‌ മൃതദേഹം കണ്ടത്‌.  സ്‌കൂളിലെ  ചിത്രകലാധ്യാപകൻ വെങ്കിട്ടരമണ കാറന്ത്‌ (40), സുഹൃത്ത്‌ നിരഞ്ജൻ (23) എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റുചെയ്‌തു. അധ്യാപികയെ ബക്കറ്റു വെള്ളത്തിൽ മുക്കി കൊന്നശേഷം കടലിൽ തള്ളുകയായിരുന്നു. 
വെങ്കിട്ടരമണയുടെ കാറിൽനിന്ന്‌  രൂപശ്രീയുടെ മുടി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതാണ്‌ അന്വേഷണത്തിന്‌ തുമ്പായത്‌. ഈ കാറിലാണ്‌ മൃതദേഹം കടൽക്കരയിൽ എത്തിച്ചത്‌. കഴിഞ്ഞ 16ന് രാവിലെ സ്‌കൂളിലേക്കുപോയ രൂപശ്രീയെ കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെ 17ന്  മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തി. കൊലപാതകമാണെന്ന്  ബന്ധുക്കൾ  ആരോപിച്ചതിനെതുടർന്ന്‌,  കേസ്‌ മഞ്ചേശ്വരം പൊലീസിൽനിന്ന്‌ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
പൂജാ കർമങ്ങൾ ചെയ്യുന്ന  വെങ്കിട്ടരമണയും രൂപശ്രീയും ആറു വർഷമായി അടുപ്പത്തിലായിരുന്നു.  ഭാര്യയും മക്കളുമുള്ള വെങ്കിട്ടരമണ, രൂപശ്രീക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെന്ന്‌ സംശയിച്ച്‌ വഴക്കിട്ടിരുന്നു.  ഇതിന്റെ  പേരിലാണ്‌ രൂപശ്രീയെ കൊല്ലാൻ പദ്ധതിയിട്ടത്‌.  ഭാര്യയും മക്കളും ഇല്ലാതിരുന്ന 16ന്‌  ഉച്ചയ്‌ക്ക്‌  ഹൊസങ്കടി ദുർഗിപ്പള്ളയിൽനിന്ന്‌ വെങ്കിട്ടരമണ രൂപശ്രീയെ കാറിൽകയറ്റി മിയാപദവിലെ വീട്ടിലെത്തി. രൂപശ്രീയുടെ സ്‌കൂട്ടർ ദുർഗിപ്പള്ളയിൽ നിർത്തിയിട്ടു. വീട്ടിൽവെച്ച്‌ ഇരുവരും അടിപിടിയായി.  വാതിൽ തുറന്ന്‌ പുറത്തേക്ക്‌ രക്ഷപ്പെടാൻ ശ്രമിച്ച രൂപശ്രീയെ പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജന്റെ സഹായത്തോടെ കുളിമുറിയിലെത്തിച്ച്‌ വലിയ ബക്കറ്റിൽ നിറച്ചു വച്ചിരുന്ന വെള്ളത്തിൽ മുക്കിക്കൊന്നു.  മൃതദേഹം ചാക്കിൽകെട്ടി കാറിന്റെ ഡിക്കിയിൽവച്ചു. നിരഞ്നെയുംകൂട്ടി കർണാടകത്തിലെ വിട്‌ലയിലേക്ക്‌ പോയി. മൃതദേഹം അവിടെ ഉപേക്ഷിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ മംഗളൂരുവിലെത്തി. നേത്രാവതിപ്പുഴയിൽ തള്ളാനുള്ള നീക്കവും നടന്നില്ല. പിന്നീട്‌ മഞ്ചേശ്വരം കണ്വതീർഥ ഭാഗത്ത്‌ കടലിൽ മൃതദേഹം ഉപേക്ഷിച്ചു. മൊബൈൽ അടങ്ങിയ വാനിറ്റി ബാഗ്‌ കടലിൽ കളഞ്ഞു.   
ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. മഞ്ചേശ്വരം എസ്‌ഐ പി ബാലചന്ദ്രൻ, എസ്‌ഐ ബാബു, സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ പ്രദീഷ്‌ ഗോപാൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top