29 February Saturday

ജ്വലിക്കും ഗുരുവായൂർ സത്യഗ്രഹ സ്‌മരണകൾ

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ഗുരുവായൂർ സത്യഗ്രഹ സ‌്മാരക മന്ദിരം

കാഞ്ഞങ്ങാട‌് 

ഉത്തരമലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമകൾ കെ മാധവൻ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരമായ  ഗുരുവായൂർ സത്യാഗ്രഹ സ‌്മാരക മന്ദിരത്തിൽ  നിറയും. സത്യാഗ്രഹസമരവും ഉപ്പുസത്യാഗ്രഹ സമരവുമെല്ലാം ഡിജിറ്റൽ  ലൈബ്രറിയുടെ രൂപത്തിൽ പുതുതലമുറയിലേക്കെത്തും.തീഷ്ണമായ കർഷക സമരങ്ങളും സമാനതകളില്ലാത്ത പോരാട്ടങ്ങളുമെല്ലാം പറഞ്ഞും പഠിപ്പിച്ചും തരുന്ന ഗവേഷണ പഠനകേന്ദ്രമാകും മന്ദിരം. 2010 ലാണ് കെ മാധവൻ ഫൗണ്ടേഷന്റെ പിറവി. കെ മാധവന്റെ ജീവിതത്തെ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ ലക്ഷ്യമിട്ടാണ് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ ഫൗണ്ടേഷൻ രൂപവത്കരിച്ചത്.  ഗുരുവായൂർ സത്യാഗ്രഹസമര സേനാനി  കെ മാധവേട്ടന്റെ ജന്മനാട്ടിൽ   സ‌്മാരകമന്ദിരം  എന്ന  ചിന്തയാണ‌്  ഗുരുവായുർ  സത്യാഗ്രഹ സ്മാരകം യാഥാർത്ഥ്യമാക്കിയത‌്. അന്നത്തെ എംഎൽഎ ആയിരുന്ന പള്ളിപ്രം ബാലൻ ചെയർമാനായി രൂപീകരിച്ച ഫൗണ്ടേഷന്‌  വൈസ്‌ ചെയർമാനായി മുൻ എംഎൽഎ കെ പുരുഷോത്തമൻ മരണം വരെ  നേതൃത്വപരമായി പ്രവർത്തിച്ചു. 
  ചെമ്മട്ടംവയലിൽ ദേശീയ പാതയോരത്താണ് സംസ്ഥാന സർക്കാർ നൽകിയ ഏഴരസെന്റ് ഭൂമിയിൽ രണ്ടു നിലകളിലായി നിർമ്മിച്ചത‌്.  രണ്ടാമത്തെ നിലയിലാണ് ലൈബ്രറിയിയും മറ്റും ഒരുക്കുക.  മാഹാത്മാഗാന്ധിയുടെയും കാറൽമാർക്‌സിന്റെയും ചിത്രങ്ങൾ ചുമരിൽ സ്റ്റിൽ പ്രതലത്തിൽ കറുത്ത പെയിന്റ് കൊണ്ട് ആലേഖനം ചെയ്തിട്ടുണ്ട്. രണ്ടു മഹാരഥൻമാരുടെയും ജീവിത സന്ദേശങ്ങളും എഴുതി വച്ചിട്ടുണ്ട്‌.  കെട്ടിടത്തിന്റെ നിർമാണചെലവ്‌ ഒരു കോടി രൂപയാണ്. 
2975 അക്ഷരങ്ങളിൽ 
സമര ചരിത്രം 
ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് ഇംഗ്ലീഷ് അക്ഷരങ്ങൾ അടുക്കിവച്ച് സത്യാഗ്രഹ സമരത്തിന്റെ ലഘുവിവരണം തയ്യാറാക്കിയിട്ടുണ്ട‌്. കമ്പി കൊണ്ട് നിർമിച്ചവയാണ്  അക്ഷരങ്ങളോരോന്നും. ഗ്രിൽസ് വയ്ക്കുന്നതു പോലെ കമ്പിപ്പട്ടകൾ വരി വരിയായി നിർമിച്ച് അതിൽ കമ്പിക്കഷ്ണങ്ങൾ കൊണ്ട് ഇംഗ്ലീഷ്  അക്ഷരങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. 34 തട്ടുകളിലായാണ് കമ്പിപ്പട്ടകൾ ഘടിപ്പിച്ചത്. ഓരോ വരിയിലും 100 അക്ഷരങ്ങൾ. ആകെ 2975 അക്ഷരങ്ങളിലായാണ് ലഘുവിവരണം പൂർത്തിയാക്കിയത്. കെമാധവന്റെ കൊച്ചുമകൻ ബംഗളൂരുവിലെ ആർക്കിടെക്ട്  രാകേഷ് കോടോത്താണ‌് രൂപകൽപന ചെയ്തത്.
 
 

 

പ്രധാന വാർത്തകൾ
 Top