03 October Monday

സുരക്ഷയിൽ 
അക്രമികൾ 
വലിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

സുരക്ഷയിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ജീവനക്കാരുമായി പൊലീസ് സുരക്ഷയിൽ കലക്ടറ്റേിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്

കാസർകോട്‌
ഹർത്താലും അക്രമവും ശക്തമാകുമെന്ന്‌ കരുതിയ ജില്ലയിൽ, പക്ഷെ രണ്ടും ഏശിയില്ല. എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട്‌ അക്രമികളെ മുൻകൂർ കസ്‌റ്റഡിയിലെടുത്തും കേസെടുത്തും സുരക്ഷ ശക്തമാക്കിയപ്പോൾ അക്രമികൾ വലിഞ്ഞു. കുമ്പളയിൽ ചരക്കു ലോറിക്കെതിരെ കല്ലെറിഞ്ഞു. പ്രധാന നഗരങ്ങളിൽ മാത്രമാണ്‌ കടകൾ അടഞ്ഞുകിടന്നത്‌. ബസുകൾ ഓടിയില്ല. ജീവനക്കാരെ റെയിൽവേ സ്‌റ്റേഷനിൽനിന്ന് കലക്ടറേറ്റിൽ എത്തിക്കാൻ മാത്രം കാസർകോട്ട്‌ കെഎസ്‌ആർടിസി ഓടി.
ഹർത്താൽ അക്രമം തടയാൻ 28 എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ടുകാരെ  മുൻകൂറായി കസ്‌റ്റഡിയിലെടുത്തു. നീലേശ്വരം 12, മഞ്ചേശ്വരം അഞ്ച്‌, ചന്തേര നാല്‌, കാസർകോട്‌ മൂന്ന്‌, കുമ്പള രണ്ട്‌, മേൽപറമ്പ്‌ രണ്ട്‌ പേരെയുമാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. 
ഹർത്താൽ ദിനത്തിൽ അക്രമത്തിൽ ഏർപ്പെട്ട ആറുപേരെയും അറസ്‌റ്റ്‌ ചെയ്‌തു. കുമ്പള രണ്ട്‌, ഹൊസ്‌ദുർഗ്‌, മഞ്ചേശ്വരം, ചന്തേര, കാസർകോട്‌ എന്നിവിടങ്ങളിൽ ഓരോ ആളെയുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 
നീലേശ്വരത്ത്  പ്രതിഷേധ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടു. തൈക്കടപ്പുറം സ്വദേശികളായ പി അബൂബക്കർ (36) ഷൗക്കത്തലി (50) നൗഷാദ് (37) സഹീർ (32) അബ്ദുൾ റഹ്മാൻ (48) എ എൻ ഷഹീർ (38) സി എച്ച് ഹനീഫ (49) അഫ്സൽ (25), കോട്ടപ്പുറം സ്വദേശി അബൂബക്കർ (38) മന്ദംപുറം സ്വദേശികളായ ഷഫീഖ് (32), ഹാഷിർ (34), മൊഹസീൻ പറമ്പത്ത് (55) തുടങ്ങി 12 പേരെയാണ് അറസ്റ്റ് ചെയ്ത് വിട്ടത്.
നീലേശ്വരം സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീഹരി, എസ്ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സുരക്ഷ നഗരത്തിൽ ഏർപ്പെടുത്തി.
തൃക്കരിപ്പൂരിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ അബ്ദുൽ ഖാദർ ആയിറ്റി, അസ്ലം തൃക്കരിപ്പൂർ, അബൂബക്കർ തൈക്കടപ്പുറം, ഹാഷിർ നീലേശ്വരം, എടച്ചാക്കൈ സ്വദേശികളായ അയ്യൂബ്, നസീർ, വെള്ളാപ്പ് സ്വദേശികളായ ഷൗക്കത്തലി, ഷംനാസ് എന്നിവർക്കും കണ്ടാലറിയാവുന്ന 32 പേർക്കും എതിരെ കേസെടുത്തു. 
 
കാഞ്ഞങ്ങാട്ട്‌ 
സ്വകാര്യ ബസ്സുകളിറങ്ങി
കാഞ്ഞങ്ങാട്ട്‌ പത്തോളം സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി. ചാളക്കടവ്, മുണ്ടോട്ട്, ഉദയപുരം, പുല്ലൂർ, എണ്ണപ്പാറ തുടങ്ങിയ റൂട്ടുകളിലെല്ലാം സർവീസ് നടത്തി.  കനത്ത പൊലീസ് സാനിധ്യം ഉണ്ടായതോടെ ഓട്ടോകളും നിരത്തിലിറങ്ങി.  പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ന​ഗരത്തിൽ പ്രകടനം നടത്തിയിരുന്നെങ്കിലും പൊലീസ് സുരക്ഷ കർശനമാക്കിയതിനാൽ അനിഷ്ട സംഭവമൊന്നും ഉണ്ടായില്ല.  പ്രകടനം നടത്തിയ 20 പോപ്പുലർ ഫ്രണ്ടുകാർക്കെതിരെ ഹൊസ്ദുർ​ഗ് പൊലീസ് കേസെടുത്തു.
 
മലയോരത്ത്‌ ഏശിയില്ല
മലയോരത്ത് പതിവുപോലെ വാഹനങ്ങൾ ഓടി. എന്നാൽ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ബസ് സർവീസ് കുറവായിരുന്നു.  കച്ചവട സ്ഥപനങ്ങളും ഓഫീസുകളും  പ്രവർത്തിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top