21 October Thursday
അദാലത്തിൽ 41 പരാതികൾ

ഡിജിപിക്ക് മുന്നിൽ ജ്വല്ലറി തട്ടിപ്പ്‌ പരാതിയും

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

സംസ്ഥാന പൊലീസ്‌ മേധാവി വൈ അനിൽകാന്ത് ജില്ലാ പൊലീസ്‌ ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്ത്‌

കാസർകോട്‌
സംസ്ഥാന പൊലീസ്‌ മേധാവി വൈ അനിൽകാന്ത് ജില്ലാ പൊലീസ്‌ ആസ്ഥാനത്ത് നടത്തിയ പരാതി പരിഹാര അദാലത്തിൽ  41 പരാതി പരിഗണിച്ചു. പകുതിയും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള സിവിൽ കേസുകളാണ്‌. ഫാഷൻ ഗോൾഡ്‌ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ നിക്ഷേപകർ പരാതി നൽകി. ക്രൈംബ്രാഞ്ച്‌ അന്വേഷണം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാക്കണമെന്നും അല്ലെങ്കിൽ സിബിഐക്ക്‌ വിടണമെന്നും  നിക്ഷേപകർ ആവശ്യപ്പെട്ടു.  
ഉപ്പള കേന്ദ്രീകരിച്ച്‌ പൊലീസ്‌ സ്‌റ്റേഷൻ ആരംഭിക്കണമെന്ന്‌  ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം സാദിഖ്‌ ചെറുഗോളി നിവേദനം നൽകി.  സ്‌റ്റേഷന്‌ അനുമതിയായിട്ടുണ്ടന്നും യാഥാർഥ്യമാക്കാൻ നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.       
 സിവിൽ കേസുകളിൽ അന്വേഷണം വൈകരുതെന്ന് പൊലീസ്‌ മേധാവി നിർദേശം നൽകി. അദാലത്തിൽ പരിഗണിച്ച പരാതികളും പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി ലഭ്യമാക്കാനും നിർദേശിച്ചു. പൊലീസ്‌ വകുപ്പിലെ ആശ്രിത നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട പരാതിയും അദാലത്തിൽ പരിഗണിച്ചു. ജില്ലാ പൊലീസ്‌ മേധാവി സർക്കാരിലേക്ക് കത്ത് അയച്ചിട്ടുണ്ട്.  
സംസ്ഥാന പൊലീസ്‌ ആസ്ഥാനത്ത് നിന്നുള്ള പ്രത്യേക സംഘമാണ് പരാതികൾ കൈകാര്യം ചെയ്‌തത്‌. പരാതികളിൽ 19 എണ്ണം ജില്ലാ പൊലീസ്‌ മേധാവിക്കും നാലെണ്ണം ബേക്കൽ ഡിവൈഎസ്‌പിക്കും കൈമാറി. നാല് പരാതികളിൽ പൊലീസ്‌ ആസ്ഥാനത്ത് നിന്ന്‌ തുടർനടപടികളുണ്ടാകും. ഉത്തരമേഖലാ ഐജി അശോക് യാദവ്, കണ്ണൂർ റേഞ്ച് ഡിഐജി കെ സേതുരാമൻ, ജില്ലാ പൊലീസ്‌ മേധാവി പി ബി രാജീവ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top