18 September Wednesday

കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം താറുമാറായി; ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻUpdated: Saturday Aug 24, 2019

മംഗളൂരുവിൽ പടീൽ–- -കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിലേക്ക്‌ വീണ മണ്ണ്‌ നീക്കുന്നു

മംഗളൂരു> മംഗളൂരുവിനുസമീപം റെയിൽവേ പാ‌ളത്തിലേക്ക‌് മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺവഴിയുള്ള ട്രെയിൻ ഗതാഗതം താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത്‌ വഴിതിരിച്ചുവിടുകയുംചെയ‌്തു. വെള്ളിയാഴ്‌ച രാത്രി 9.45ഓടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സർവീസ്‌ പുനരാരംഭിക്കില്ലെന്ന്‌ റെയിൽവേ അറിയിച്ചു. 

   കനത്ത മഴയിൽ വെള്ളിയാഴ‌്ച പുലർച്ചെ പടീൽ-കുലശേഖര റെയിൽവേ സ‌്റ്റേഷനുകൾക്കിടയിലാണ‌് പാളത്തിലേക്ക‌് മണ്ണിടിഞ്ഞുവീണത‌്. പാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ‌്. 
 
ലോകമാന്യതിലക് --തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്, എറണാകുളം -പുണെ എക‌്സ‌്പ്രസ‌്, എറണാകുളം-നിസാമുദ്ദീൻ മംഗള എക‌്സ‌്പ്രസ‌് എന്നീ ട്രെയിനുകൾ വേഗംകുറച്ച‌് പകൽ ഇതുവഴി കടത്തിവിട്ടിരുന്നു. മണ്ണിടിച്ചിൽ തുടരുന്നതുമൂലം രാത്രി ട്രെയിൻ കടത്തി വിടേണ്ടെന്ന‌് റെയിൽവേ തീരുമാനിച്ചു. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ‌്റ്റേഷനുകളിൽനിന്ന‌് അഞ്ച‌് ബസ്സുകളിലായി യാത്രക്കാരെ സൂറത്ത‌്കൽ സ‌്റ്റേഷനിലെത്തിച്ചു. 
 
വെള്ളിയാഴ‌്ചത്തെ ലോകമാന്യതിലക‌്--കൊച്ചുവേളി ഗരീബ‌് രഥ‌് (12201), എറാണാകുളം -ഓഖ (16338), നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ‌്റ്റ‌് (22634), ജാംനഗർ-തിരുനെൽവേലി (19578), മഡ‌്ഗോൺ-മംഗളൂരു പാസഞ്ചർ ട്രെയിൻ (56641), മഡ‌്ഗോൺ-മംഗളൂരു ഇന്റർസിറ്റി എക‌്സ‌്പ്രസ‌് (22635) എന്നീ ട്രെയിനുകളും ശനിയാഴ്‌ചത്തെ 16346 നേത്രാവതി എക്‌സ്‌പ്രസ്‌ റദ്ദാക്കി. ലോക്‌മാന്യതിലക്‌ കൊച്ചുവേളി ഗരീബ്‌രഥ്‌, എറണാകുളം–-ഓഖ,  ഹസ്രത്‌ നിസാമുദ്ദീൻ–-തിരുവനന്തപുരം,  ജാംനഗർ–-തിരുനെൽവേലി, തിരുവനന്തപുരം–-ഹസ്രത്‌ നിസാമുദ്ദീൻ,  ഓഖ എറണാകുളം എക്‌സ്‌പ്രസുകളും റദ്ദാക്കി. 
 
കൊച്ചുവേളി ചണ്ഡിഗഡ്‌ എക്‌സ്‌പ്രസ്‌, മംഗള ലക്ഷദ്വീപ്‌ എക്‌സ്‌പ്രസ്‌,  കൊച്ചുവേളി –-ശ്രീനഗർ എക്‌സ്‌പ്രസ്‌ എന്നിവ ശനിയാഴ്‌ച ഷൊർണ്ണൂർ ഈറോഡുവഴി പോകും. 
 
തിരുവനന്തപുരം -ലോകമാന്യതിലക‌് നേത്രാവതി എക‌്സ‌്പ്രസ‌് (16346) എറാണാകുളത്ത‌് യാത്ര അവസാനിപ്പിച്ചു. നാഗർകോവിൽ-മുംബൈ സിഎസ‌്ടി എക‌്സ‌്പ്രസ‌് (16340)  ഡിൻഡിഗല്ലിൽ സർവീസ‌് അവസാനിപ്പിച്ചു. മംഗളൂരു സെൻട്രലിൽനിന്ന‌് വെള്ളിയാഴ‌്ച മഡ‌്ഗോണിലേക്ക‌് പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്‌പ്രസ് എന്നിവ മംഗളൂരു ജങ്ഷനിൽ യാത്രയവസാനിപ്പിച്ച് തിരികെവന്നു. തിരുവനന്തപുരം--നിസാമുദ്ദീൻ രാജധാനി എക‌്സ‌്പ്രസ‌് (12431), കൊച്ചുവേളി-ഇൻഡോർ എക‌്സ‌്പ്രസ‌് (19331) എന്നീ ട്രെയിനുകൾ ഷൊർണൂരിൽനിന്നും ഈറോഡുവഴി തിരിച്ചുവിട്ടു.
പ്രധാന വാർത്തകൾ
 Top