രാജപുരം
ആനപ്പേടിയിൽ ഉറങ്ങാതെ പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി ഗ്രാമം. എത്രകാലം ഇങ്ങനെ കഴിയും? എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ. കാട്ടാന കൂട്ടത്തോടെയെത്തി കണ്ണിൽ കണ്ടതെല്ലാം പിഴുതെറിഞ്ഞു. കല്ലപ്പള്ളി പ്രദേശത്താണ് കാട്ടാനകൾ കൃഷി നശിപ്പിച്ചത്. മഴക്കാലം തുടങ്ങിയതോടെയാണ് ആനകൾ ജനവാസകേന്ദ്രത്തിലെത്തി കൃഷി നശിപ്പിക്കുന്നത് രൂക്ഷമായത്. തുടർച്ചയായി ഏഴ് ആനകളാണ് ജനവാസകേന്ദ്രത്തിലെത്തിയത്.
കല്ലപ്പള്ളി, രംഗത്ത് മല പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം കൃഷി നശിപ്പിച്ചത്. രംഗത്ത്മലയിലെ മറിയം ഫിലിപ്പ്, അരുൺരംഗത്ത്മല, തങ്കച്ചൻ, സണ്ണി, ജോഷി, ഷോബി, ഫിലിപ്പ് എന്നിവരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.
തെങ്ങ്, കവുങ്, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് ഒരു പ്രദേശത്തെ കൃഷി പൂർണമായും നശിപ്പിച്ചു. കർണാടക അതിർത്തിയോട് ചേർന്ന പ്രദേശത്ത് ഒരുകിലോമീറ്റർ ദൂരം സ്ഥാപിച്ച ഫെൻസിങിന്റെ പ്രവർത്തനം നിലച്ചതോടെയാണ് ആന വീണ്ടും നാട്ടിലെത്തിയത്
കൃഷിയോ പോയി ജീവനെങ്കിലും വേണം
രാജപുരം
ജീവിതകാലം മുഴുവൻ മണ്ണിൽ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ കൃഷിയിടം ഒരു രാത്രിയിൽ കാട്ടാനകൾ തകർത്തത് കാണാനാകാതെ വേദനിക്കുകയാണ് രംഗത്ത് മലയിലെ മറിയാമ്മച്ചേടത്തി. വർഷങ്ങൾക്ക്മുമ്പ് തുടങ്ങിയ ആനശല്യത്തിൽനിന്ന് ഇന്നും മോചനമില്ലാതെ കഴിയുകയാണ് പ്രായം 80 കഴിഞ്ഞ മറിയാമ്മയും കുടുംബവും.
വൻ ശബ്ദമുണ്ടാക്കി കഴിഞ്ഞ രാത്രി കൂട്ടത്തോടെ ആനകളെത്തി വീട്ടുമുറ്റത്ത് നിന്നപ്പോൾ ഒന്ന് പതറി. ജീവൻ തിരിച്ചുകിട്ടുമോയെന്ന് ആശങ്കപ്പെട്ടു. ശ്വാസംവിടാതെ വീടിനകത്ത് കഴിയുകയായിരുന്നു മറിയാമ്മയും മക്കളും. മണിക്കൂറുകൾക്ക് ശേഷമാണ് ആന പതുക്കെ കാട് കയറിയത്. ഏഴിലധികം ആനകൾ വീട്ടുമുറ്റത്തെത്തുന്നത് ആദ്യമായാണെന്ന് വീട്ടുകാർ പറയുന്നു.
ആദ്യമെല്ലാം പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ബഹളമുണ്ടാക്കിയാൽ ആന പോകും. എന്നാൽ ഇപ്പോൾ നേരം പുലർന്നാലും പോകുന്നില്ല. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും പേടിയിലാണ്. ആനവരുന്നത് തടയണമെന്നാണ് കല്ലപ്പള്ളിക്കാർക്ക് പറയാനുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..