29 May Friday
കോവിഡ്‌ –-19

കാസർകോട്ടെ 19 പേരും ദുബായിൽനിന്നെത്തിയവർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കാസർകോട്‌
കാസർകോട്‌ ജില്ലയിൽ തിങ്കളാഴ്‌ചമാത്രം കോവിഡ്‌ –-19 സ്ഥിരീകരിച്ച 19 പേരും ദുബായിൽനിന്നെത്തിയവർ. ഒരാൾ സ്‌ത്രീയാണ്‌.  ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. 
അമ്പത്തിരണ്ടുകാരനായ നെല്ലിക്കുന്ന് സ്വദേശി, 24, 33, 31  വയസ്സുള്ള ബേക്കൽ ബാരെ സ്വദേശികൾ, നാൽപ്പത്തൊന്നുകാരനായ ബേക്കൽ  സ്വദേശി, 34, 40, 37 വയസ്സുള്ള  കളനാട്  സ്വദേശികൾ, നാൽപ്പത്തേഴുകാരനായ കുഡ്‌ലു  സ്വദേശി, 34, 21 വയസ്സുള്ള  കാസർകോട്‌ സ്വദേശികൾ, അമ്പതുകാരനായ അലാമിപ്പള്ളി സ്വദേശി, മുപ്പത്തിരണ്ടുകാരനായ ചിത്താരി  സ്വദേശി, 27, 33 വയസ്സുള്ള  ഉദുമ സ്വദേശികൾ, 32 വയസ്സുള്ള മല്ലം  സ്വദേശി, 27 വയസ്സുള്ള പൂച്ചക്കാട്  സ്വദേശി, 34 വയസ്സുള്ള കൊമ്പൻപാറ  സ്വദേശി, 26 വയസ്സുള്ള  ചിത്താരി  സ്വദേശിനി എന്നിവർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌.
    കോവിഡ്‌ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പരിശോധനാഫലം  വരാനുണ്ട്‌.  
 ജില്ലയിൽ 2470 പേർ നിരീക്ഷണത്തിലാണ്‌. 61 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിലാണ്.  825 പേരെ കൊറോണ നിയന്ത്രണത്തിനുള്ള ജില്ലാ കേന്ദ്രത്തിൽനിന്ന് നേരിട്ട് നിരീക്ഷിക്കുന്നു. ബാക്കി 1584 പേരെ വിവിധ പഞ്ചായത്ത്, - മുനിസിപ്പൽ വാർഡുകളിൽ ജാഗ്രതാ സമിതികളുടെ നേതൃത്വത്തിൽ നിരീക്ഷിച്ചുവരുന്നു. 
 കാസർകോട്‌ ജില്ലയിൽ നിരോധനാജ്ഞ ശക്തമാക്കുന്നതിന്റെ ഭാഗമായി 1500 പൊലീസുകാരെ വിന്യസിക്കും. വടക്കൻ മേഖലാ ഐജി അശോക്‌ യാദവ്‌, ഡിഐജി സേതുരാമൻ, എറണാകുളം സിറ്റി പൊലീസ്‌ കമീഷണർ വിജയ്‌ സാഖറെ, കോട്ടയം  ക്രൈംബ്രാഞ്ച്‌ എസ്‌പി സാബു മാത്യു, ജില്ലാ പൊലീസ്‌ മേധാവി പി എസ്‌ സാബു, ടെലി കമ്യൂണിക്കേഷൻ എസ്‌പി ഡി ശിൽപ എന്നിവർ  നേതൃത്വം നൽകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റുചെയ്യാൻ 10 വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിക്കും.
പ്രധാന വാർത്തകൾ
 Top