27 May Wednesday

അതിജീവിക്കാൻ മുന്നിൽ ഇവരുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കാഞ്ഞങ്ങാട്‌
ജില്ലയിൽ ആദ്യം കൊറോണ കേസ്  റിപ്പോർട്ട് ചെയ്തത്‌ മുതൽ 24  മണിക്കൂറും പ്രവർത്തിക്കുയാണ്‌ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കൊറോണ കൺട്രോൾ സെൽ. രോഗ ബാധിതരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കൽ, പൊതുജനങ്ങളുടെ സംശയ ദൂരീകരണം, വാർഡ്തല ജാഗ്രതാ സമിതികളുടെ പ്രവർത്തനം വിലയിരുത്തൽ തുടങ്ങിയവ ഇവിടെ നടക്കുന്നു. ശുചീകരണ ജീവനക്കാർ മുതൽ ഡോക്ടർമാർ വരെ ഒരേമനസ്സോടെ കൊറോണയെ  പ്രതിരോധിക്കാൻ കർമ്മനിരതർ. ഇവരിൽ ഭൂരിഭാഗം പേർക്കും കൺട്രോൾ സെൽ തന്നെയാണ്  വീട്. 
ഇതര സംസ്ഥാനത്ത് നിന്നും വിദേശത്തു നിന്നും വന്നവരുടെ  വിവരങ്ങൾ കൈമാറുന്നതിനും കോവിഡ്‌ ബാധിതരുമായി നേരിട്ട് ഇടപഴകി എന്ന് സംശയമുള്ളവർ  സംശയ ദൂരീകരണത്തിനും  ഇവിടെ വിളിക്കുന്നു. തൊട്ടടുത്തുള്ള ആരോഗ്യ സഹായ കേന്ദ്രങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതിനും കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യകരമായ സംശയനിവാരണത്തിനും   മാനസിക പിരിമുറുക്കത്തിന് കൗൺസിലിങ്ങിനും കൺട്രോൾ സെല്ലിനെ സമീപിക്കുന്നവർ നിരവധി. ആയിരത്തിലധികം കോളുകളാണ് ദിവസവും  വരുന്നത്‌. ഡിഎംഒ,  ഡെപ്യൂട്ടി ഡിഎംഒ, എൻഎച്ച്എം പ്രോഗ്രാം ഓഫീസർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കൺട്രോൾ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ആദ്യം റിപ്പോർട്ട് ചെയ്ത് മൂന്ന് കൊറോണ കേസുകളിൽ ഒന്ന് ജില്ലയിലായിരുന്നു. ഇതിനെ ചികിത്സിച്ച്‌ ഭേദമാക്കിയ ഇവർക്ക് പറയാൻ ഒന്നേയൂള്ളൂ. ആരോഗ്യപ്രവർത്തകർ നൽകിയ നിർദേശം   കർശനമായി പാലിക്കൂ  നാടിനെ  രക്ഷിക്കൂ  മഹാമാരിയിൽനിന്ന്‌.  ഫോൺ-: 04672209901, 2209902, 2209903, 2209904, 2209906.
പ്രധാന വാർത്തകൾ
 Top