20 August Tuesday
തീരദേശ ഹൈവേ

കുതിപ്പിനൊരുങ്ങി തീരമേഖല

സ്വന്തം ലേഖകൻUpdated: Sunday Mar 24, 2019

മാവിലാ കടപ്പുറത്തെ അഴിത്തലയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പാലത്തിനായി കണ്ടെത്തിയ പുലിമുട്ട് പ്രദേശം

തൃക്കരിപ്പൂർ

തീരദേശ ഹൈവെ യാഥാർഥ്യമാവുന്നതോടെ ജില്ലയിലെ തീരദേശം വൻ കുതിപ്പിന‌് തയ്യാറെടുക്കുന്നു. തീരദേശ വികസനം ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന തീരദേശ ഹൈവെയുടെ ആദ്യഘട്ട നിർമാണം ആരംഭിക്കുന്നത‌് വലിയപറമ്പിൽനിന്നാണ‌്. ഇതിന‌് അലൈൻമെന്റ‌് തയ്യാറാക്കുന്നതിന് നടപടിയായി. നാറ്റ്പാക‌് നേതൃത്വത്തിലാണ് അലൈൻമെന്റും ഡിപിആറും തയ്യാറാക്കുന്നത്. ദേശീയപാതയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, പ്രധാന മത്സ്യബന്ധന തുറമുഖങ്ങളെയും മത്സ്യബന്ധന മേഖലകളെയും ബന്ധിപ്പിക്കുക, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവെ നിർമിക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ റോഡിന് 5.5 മീറ്ററും ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളില്‍ ഏഴ‌് മീറ്ററും വീതിയുണ്ടാകും. കിഫ്ബി വഴിയാണ്  പദ്ധതിക്കുള്ള തുക ലഭ്യമാക്കുന്നത്. ഭൂവിസ്തൃതിയിൽ വീതി കുറഞ്ഞ മേഖലയാണ‌്  വലിയപറമ്പ്. നിലവിലുള്ള പ്രധാന റോഡ് വീതി കൂട്ടി ഹൈവെയായി വികസിപ്പിക്കുന്നതിനാണ് ആദ്യഘട്ടത്തിൽ അലൈൻമെന്റ് തയ്യാറാക്കിയത്. കായലിനും കടലിനുമിടയിൽ സ്ഥിതി ചെയ്യുന്ന വലിയപറമ്പ് ദ്വീപിന് 50 മുതൽ 500 മീറ്റർ വരെയാണ് വീതി. 
രണ്ട് തവണ റോഡ് വികസനത്തിന‌് പരിസരവാസികൾ സ്ഥലം വിട്ടുനൽകിയിരുന്നു. ഇനിയും റോഡ് വികസിപ്പിച്ചാൽ വീടുൾപ്പെടെ നഷ്ടപ്പെടുമെന്ന  നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത്  ജനസാന്ദ്രത കുറഞ്ഞ കടലോരത്തു കൂടി ഹൈവെ പരിഗണിക്കണമെന്ന എം രാജഗോപാലൻ എംഎൽഎയുടെ നിർദേശം പരിഗണിച്ചാണ‌്  സർവേ പൂർത്തിയാക്കുന്നത്. രണ്ട് രീതിയിലുള്ള അലൈൻമെന്റാണ് തയ്യാറാക്കുന്നത്.  
പാതക്ക് സമാന്തരമായി വിനോദ സഞ്ചാരം ലക്ഷ്യമിട്ട് സൈക്കിൾ ട്രാക്കും നിർമിക്കും. റോഡിന് പുറമെ രണ്ട് മുതൽ മൂന്ന് മീറ്റർ വീതിയിലാണ് 656 കിലോമീറ്റർ സൈക്കിൾ ട്രാക്ക് നിർമിക്കുക. ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 14 മീറ്റർ വീതിയിലാണ്  ഹൈവെ വിഭാവനം ചെയ്യുന്നത്.  ജില്ലയിൽ വലിയ പറമ്പ് പഞ്ചായത്തിലെ ഉദിനൂർ കടപ്പുറം മുതൽ മഞ്ചേശ്വരം കുഞ്ചത്തൂർ വരെ 91 കിലോമീറ്ററാണ് തീരദേശ ഹൈവേ. അഞ്ച് പുതിയ പാലങ്ങളും നിർമിക്കും. ഇതിൽ 11 കിലോമീറ്റർ സംസ്ഥാന പാതയും 16 കിലോമീറ്റർ ദേശീയപാതയും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.  
തൃക്കരിപ്പൂർ മണ്ഡലത്തിൽ 21.1 കിലോമീറ്റർ നീളത്തിലാണ് റോഡ് കടന്ന് പോകുന്നത്. പാണ്ട്യാലകടവിലും അഴിത്തലയിലും രണ്ട് പുതിയ പാലം നിർമ്മിക്കും. കെ പി സതീഷ് ചന്ദ്രൻ എംഎൽഎയായ കാലത്താണ് വലിയപറമ്പിന്റെ തെക്കൻ മേഖലയിലെ ഗതാഗത സൗകര്യത്തിന് പയ്യന്നൂർ നഗരസഭയിലെ രാമന്തളി രണ്ട്തെങ്ങിനെ വലിയപറമ്പിലെ പാണ്ട്യാല കടവുമായി ബന്ധിപ്പിക്കുന്നതിന് 2005 ൽ ഒരു കോടി അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയുംചെയ്തത്. രണ്ട് തവണ എസ്റ്റിമേറ്റ് പുതുക്കി 18 കോടിയായി ഉയർത്തുകയും ചെയ്ത് ടെൻഡർ നടപടിയിലേക്ക് നീങ്ങുന്നതിനിടെയാണ് തീരദേശ ഹൈവെയുടെ നടപടിയാരംഭിച്ചത്.  രണ്ട്തെങ്ങ് മുതൽ പാണ്ട്യാല കടവ‌് വരെ 450 മീറ്ററിലും പുലിമുട്ട് മുതൽ അഴിത്തല വരെ 280 മീറ്ററിലും രണ്ട് പാലങ്ങളാണ് നിർമിക്കേണ്ടത്. 
വലിയപറമ്പിലെത്തുന്ന വിനോദ സഞ്ചാരികൾ ഏറെയും എത്തുന്നത് മാവിലാകടപ്പുറം പുലിമുട്ടിലാണ്. ഈ കരയെ നീലേശ്വരം നഗരസഭയിലെ അഴിത്തലയുമായി ബന്ധിപ്പിച്ച് പുതിയൊരു പാലം കൂടി വരുന്നതോടെ വ്യാവസായിക  വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാകും. ഈ വർഷം നിർമാണം തുടങ്ങുന്ന പാതയുടെ ഒന്നാം ഘട്ടം 2020  ൽ പൂർത്തികും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top