29 February Saturday
ജില്ലാ പഞ്ചായത്ത്‌ യോഗം

മംഗളൂരുവിലെ പ്രതിഷേധം: നോട്ടീസ്‌ പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020
കാസർകോട്‌
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ മലയാളികളായ രണ്ടായിരം പേർക്ക്‌ മംഗളൂരു പൊലീസ്‌ നോട്ടീസയച്ച നടപടി കർണാടക സർക്കാർ പിൻവലിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ യോഗം ആവശ്യപ്പെട്ടു. എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ തീരുമാനത്തെ ഒറ്റക്കെട്ടായി പിന്തുണച്ചു. ബിജെപി അംഗങ്ങളായ രണ്ട്‌ പേർ എതിർത്തു. മംഗളൂരുവിൽ വെടിവെപ്പും രണ്ട്‌ മരണവും നടന്ന ഡിസംബർ 19ന്‌ മംഗളൂരു നോർത്ത്‌  പൊലീസ്‌ സ്‌റ്റേഷനൻ പ്രദേശത്തെ അഞ്ച്‌ മൊബൈൽ ടവറുകളുടെ പരിധിയിലുണ്ടായിരുന്ന ഫോൺ നമ്പറുകളുടെ വിലാസത്തിലേക്കാണ്‌ നോട്ടീസ്‌ അയച്ചത്‌. ജില്ലയിൽ നിന്ന്‌ ആശുപത്രിയിൽ ചികിത്സയ്ക്ക്‌ പോയ വൃക്ക രോഗികൾക്കും ക്യാൻസർ രോഗികൾക്കും നോട്ടീസ്‌ ലഭിച്ചിട്ടുണ്ട്‌. വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികൾ, വിമാനത്താവളത്തിൽ പോയവർ, തൊഴിലാളികൾ, വ്യാപാരികൾ  തുടങ്ങിയവരും  നോട്ടീസ്‌ ലഭിച്ചവരിലുണ്ട്‌. 
നിരപരാധികൾക്കെതിരെയാണ്‌ പൊലീസ്‌ കള്ളക്കേസ്‌എടുത്തിരിക്കുന്നത്‌. കർഫ്യൂ ലംഘിക്കൽ, പൊലീസിനെ അക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. വലിയ ആശങ്കയാണ്‌ ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. നിരപരാധികളെ പീഡിപ്പിക്കാനാണ്‌ പൊലീസ്‌ ശ്രമിക്കുന്നത്‌. ജില്ലയിലുള്ളവർ ഏറെ ആശ്രയിക്കുന്നതാണ്‌ മംഗളൂരു നഗരം. പ്രതിഷേധത്തിന്റെ പേരിൽ മലയാളികളെ പീഡിപ്പിക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കാനാകില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. എല്ലാ നോട്ടീസുകളും പിൻവലിക്കാൻ കർണാടക സർക്കാർ തയ്യാറാകണം.   
സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹർഷാദ്‌ വോർക്കാടി അവതരിപ്പിച്ച വിഷയത്തിന്‌ പിന്തുണയുമായി എൽഡിഎഫ്‌ അംഗങ്ങളും സംസാരിച്ചു.   എ പി ഉഷ, ഇ പത്മാവതി, ജോസ്‌ പതാലിൽ, പി സി സുബൈദ, എം നാരായണൻ, ഫരീദ സക്കീർ, ഷാനവാസ്‌ പാദൂർ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ വി പി ജാനകി, എം ഗൗരി, എ കെ എം അഷറഫ്‌ എന്നിവർ സംസാരിച്ചു. കുറ്റം ചെയ്‌തവർക്കെതിരെയാണ്‌ നടപടിയെന്നും കുറ്റവാളികളെ കണ്ടത്താനാണ്‌ നോട്ടീസ്‌ അയച്ചതെന്നുമായിരുന്നു ബിജെപി അംഗങ്ങളായ കെ ശ്രീകാന്ത്‌, പുഷ്‌പ അമെക്കള എന്നിവരുടെ വാദം. ജില്ലയിൽ നിന്നുള്ളവരെ കുറ്റവാളികളാക്കുന്നതിരെ എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ ബിജെപി അംഗങ്ങൾ ഒറ്റപ്പെട്ടു. ഇവരുടെ വാദങ്ങൾ  തള്ളി ജില്ലാ പഞ്ചായത്ത്‌ യോഗം തീരുമാനം അംഗീകരിച്ചു.
പ്രധാന വാർത്തകൾ
 Top