30 November Monday

കളയാനില്ല ഒന്നും

പി പി കരുണാകരൻUpdated: Monday Nov 23, 2020

മാലിന്യത്തിൽനിന്ന് ഉൽപ്പന്നങ്ങൾ നിർമിക്കുന്നു

കാഞ്ഞങ്ങാട്
ചെമ്മട്ടം വയലിലെ ഈ മാലിന്യസംസ്‌കരണകേന്ദ്രം ഒരു കാലത്ത്‌ നാട്ടുകാരുടെ തലവേദനയായിരുന്നു. മൂക്കുപൊത്താതെ വഴി നടക്കാനാവില്ല. അഞ്ച് വർഷം മുമ്പ് ജനകീയ സമരത്തെ തുടർന്ന് അടച്ചു പൂട്ടി. തെരുവുനായ്ക്കളും ദുർഗന്ധവും പകർച്ച വ്യാധിയും കാരണം ജനകീയ ഇടപെടലിനെ തുടർന്ന് കാര്യക്ഷമതയില്ലാത്ത അന്നത്തെ ഭരണനേതൃത്വത്തിന് സംസ്കരണ കേന്ദ്രം  പൂട്ടേണ്ടി വന്ന കേന്ദ്രത്തിനുണ്ടായത്‌ അവിശ്വസനീയമാറ്റം. 
പെണ്ണൊരുമയിൽ പ്രതീക്ഷ തളിർത്തു
ഇച്ഛാശക്തിയും കാര്യശേഷിയുമുള്ള  ഇടതു ഭരണവും ഊർജസ്വലരായ നേതൃത്വവും  കുടുംബശ്രീയുടെ ഹരിത കർമ സേന ഒത്തുചേർന്നപ്പോൾ 'നോവേസ്റ്റ് നോ കോസ്റ്റ് 'എന്ന പദ്ധതി യാഥാർഥ്യമായി.  ഇന്ന് 40 തൊഴിലാളികളാണ് ആരോഗ്യത്തോടെ ജോലി നോക്കുന്നത്. അത്യാധുനിക രീതിയിലുള്ള ഓഫീസും  ജോലി സ്ഥലവും ഇന്ന് മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു. 
മാലിന്യം കൃത്യമായ ആസൂത്രണത്തോടെ ശേഖരിച്ചാൽ വലിയ വിപണന സാധ്യതയുണ്ടെന്ന്  തെളിയിക്കപ്പെട്ടു.  ഇന്ന് ഇതിലെ വരുമാനം കൊണ്ട് അമ്പതോളം കുടുംബങ്ങൾ പുലരുന്നു.  മാലിന്യം ശാസ്ത്രീയ  വിപണന മൂല്യം കൂടി പരിഗണിച്ച് ഉപയോഗിച്ചപ്പോൾ മഴക്കാല പകർച്ച വ്യാധികൾ 60 ശതമാനവും കുറഞ്ഞതായാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം.
പ്രവർത്തനം ഇങ്ങനെ
ആഴ്ചയിൽ ഒരിക്കൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ നഗരസഭാ പരിധിയിലെ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്നു. പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, കുപ്പിച്ചില്ല്, ചെരുപ്പ് തുടങ്ങിയവ തരം തിരിച്ചാണ് ഇവർ ശേഖരിക്കുന്നത്. തുടർന്ന് ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച്  കഴുകി ഉണക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും കുപ്പിച്ചില്ലുകളും കഴുകി ഉണക്കി കയറ്റി അയക്കുന്നു. വീടുകളിൽ നിന്ന് ശേഖരിക്കുന്ന തുണിത്തരങ്ങൾ കൊണ്ട് നിർമ്മിക്കുന്നത് മനോഹരങ്ങളായ ചവിട്ടികൾ. ഇതിന് നല്ല ആവശ്യക്കാരുണ്ടെന്നും കോ‐ഓഡിനേറ്റർമാരായ കല്ലൂരാവിയിലെ ബി എം സാഹിൽ അരയിയിലെ പി അഞ്ജിത, പാക്കത്തെ വി വിനീഷ് എന്നിവർ ഒരേ സ്വരത്തിൽ പറയുന്നു. നഗര സഭയുടെ  സഹായവും ദൗത്യത്തിന് പിന്നിലുണ്ട്. പഴയ സാരികൾ കൊണ്ട് നിർമ്മിക്കുന്ന ചാക്കുകളിലാണ് പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ കയറ്റി അയക്കുന്നത്. ഒരു വർഷം കഴിഞ്ഞു. ആർക്കും പരാതികളില്ലാതെ പോകുന്നു. വീടുകളിലെ ഭക്ഷണ പദാർഥങ്ങൾ ഒഴികെ എന്തും ട്രെഞ്ചിങ് ഗ്രൗണ്ടിൽ സ്വീകരിക്കും. ഒരു വീട്ടിൽനിന്ന്  ഈടാക്കുന്നത് അമ്പത് രൂപയാണ്. 
വീട്ടമ്മമാർ സംഘടിച്ചപ്പോൾ
കെ സീമ, പ്രസന്ന, എം ലക്ഷ്മി, പി ജയശ്രീ തുടങ്ങിയ ഹരിത കർമ്മ സേനയിലെ വീട്ടമ്മമാരുടെ പ്രധാന വരുമാന മാർഗം കൂടിയാണിത്. ഒരു ദിവസം ഇവർക്ക് 320 രൂപ ലഭിക്കുന്നു. മികവുറ്റ കൈയ്യുറകളും സാങ്കേതിക പരിശീലനങ്ങളും നൽകിയ ശേഷമാണ് ജോലി ചെയ്യാൻ തുടങ്ങിയതെന്ന് ഇവർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top