18 September Wednesday

ആയംകടവ് പാലം ഉദ്ഘാടനത്തിന്‌ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ആയംകടവ് പാലം

ഉദുമ
കാത്തിരിപ്പിന്  വിരാമമിട്ട്  മലബാറിലെ  ഏറ്റവും ഉയരം കൂടിയ  ആയംകടവ് പാലം ഉദ്ഘാടനത്തിന്‌ ഒരുങ്ങി. പുല്ലൂർ–- പെരിയ പഞ്ചായത്തിനെയും ബേഡടുക്ക പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന  ആയം കടവ് പാലം  ജില്ലയുടെ സ്വപ്ന പദ്ധതി കൂടിയാണ്‌.  കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 14 കോടി ചെലവിലാണ് പാലം നിർമിച്ചത്‌.   പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെ നാല് തൂണുകളിലായി 25.32 മീറ്റർ  നീളത്തിലാണ്  പാലം നിർമിച്ചത്. 11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ആയം കടവ് പാലത്തിന്റെ പ്രാധാന്യം അധികൃതർക്ക്‌ മനസിലാക്കി കൊടുക്കാൻ കെ കുഞ്ഞിരാമൻ എംഎൽഎ നിരന്തരം പ്രയത്‌നിച്ചു. കലക്ടർ ഡോ. ഡി സജിത് ബാബു പ്രത്യേക താൽപര്യമെടുത്ത്‌ പാലത്തിന്റെ അടിഭാഗത്ത്‌ ഡിടിപിസി സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ  ടൂറിസ്റ്റ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്.  
   പന്ത്രണ്ട് വർഷം മുമ്പ് ബേഡടുക്ക പഞ്ചായത്തിൽ നിന്ന്‌ ഒരു യാത്രക്കാരന് പുല്ലൂർ–- പെരിയ പഞ്ചായത്തിലെത്താൻ കരിച്ചേരി- പൊയിനാച്ചി വഴി ചുറ്റി പോകണം. ഒന്നര മണിക്കൂർ സമയം എടുക്കും. മൂന്നാംകടവ് പാലം വന്നപ്പോഴാണ്   ദൂരം കുറഞ്ഞത്‌. ആയംകടവ് പാലത്തിലൂടെയുള്ള യാത്ര വീണ്ടും ദൂരം കുറയും. ബേഡടുക്ക പഞ്ചായത്തിൽ നിന്ന്‌  പെരിയിലെ ഗവ. പോളിടെക്‌നിക്ക്,  ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നവോദയ സ്‌കൂൾ, കേന്ദ്ര സർവകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള നിരവധി വിദ്യാർഥികൾക്കും പെരിയ പിഎച്ച്സി, വിവിധ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക്‌ ജോലിക്കും  വിവിധ  ആവശ്യങ്ങൾക്കും വരുന്നവർക്കും ആയംകടവ് പാലം  എളുപ്പവഴിയാകും.  കുണ്ടംകുഴി, ബേഡടുക്ക, പെർളടക്കം, കൊളത്തൂർ, കരിച്ചേരി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക്  പാലം ഉപകരിക്കും. പാലത്തിന്റെ അവസാന മിനുക്ക് പണികൾ പരിശോധിക്കാനായി  കെ  കുഞ്ഞിരാമൻ എംഎൽഎ,  കലക്ടർ ഡോ. ഡി സജിത് ബാബു,  കാസർകോട്  വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ് മോഹൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ വിനോദ് കുമാർ, ബേഡടുക്ക പഞ്ചായത്ത് പ്രസിഡന്റ്  സി രാമചന്ദ്രൻ, പുല്ലൂർ–- പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായർ എന്നിവർ സന്ദർശിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top