19 September Thursday

പൊതാവൂരിൽനിന്നൊരു ചമയക്കാരൻ

പി വിജിൻദാസ‌്Updated: Friday Aug 23, 2019
ചെറുവത്തൂർ
സിനിമയിലേക്കുള്ള വഴിയിൽ പൊതാവൂരിലെ ആർ രജീഷ്‌   കൈവെക്കാത്ത  ഇടങ്ങളില്ല. മേയ്‌ക്കപ്പ്‌ മാനായി തിളങ്ങുമ്പോൾ തന്നെ തിരക്കഥയിലേക്ക്‌ തിരിയുകയാണിപ്പോൾ. ചെറുപ്പം മുതൽ  സിനിമയായിരുന്നു ഉള്ളിൽ. അത്‌ സഫലീകരിക്കാൻ നടന്നുതീർത്ത വഴികൾ ഏറെയാണ്.മിമിക്രി കലാകാരനായും  പ്രാദേശിക ചാനൽ അവതാരകനായും ഗാന രചയിതാവായും പ്രവർത്തിച്ചു.സംവിധായകന്റെ കുപ്പായമണിഞ്ഞ് ആൽബങ്ങളും ഷോർട് ഫിലിമും ഒരുക്കി.    ഒടുവിൽ  സിനിമ മേയ്ക്കപ്പ് മാനായി.  ഹരി ആലപ്പുഴ എന്ന മേക്കപ്പ്മാന്റെ  സഹായിയായി ടി വി സീരിയലിലൂടെയായിരുന്നു തുടക്കം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  സിനിമയിലെ അറിയപ്പെടുന്ന മേക്കപ്പ് മാനാണിപ്പോൾ രജീഷ്. പട്ടണം ഷാ, പാണ്ഡ്യൻ, പ്രദീപ് രംഗൻ തുടങ്ങി  പ്രഗത്ഭരായ മേക്കപ്പ്‌മാൻമാരുടെ സഹായിയായി പ്രവർത്തിച്ചു. മലയാളം, തമിഴ്, കന്നഡ സിനിമകളിൽ രജീഷിന്റെ വിരൽ സ്പർശത്തോടെ  നിരവധി അഭിനേതാക്കൾ അഭ്രപാളിയിലെത്തി. മനോജ് കെ ജയൻ, ബാബു ആന്റണി, ദുൽഖർ സൽമാൻ, പ്രകാശ് രാജ്, പ്രിയങ്ക നായർ തുടങ്ങി ഒട്ടനവധി താരങ്ങളുടെ പേഴ്‌സണൽ മേക്കപ്പ് മാനായും പ്രവർത്തിക്കുന്നു.   കാക്ക മുട്ടൈ, കാവ്യ തലൈവൻ, വീരം, ചെന്നൈയിൽ ഒരു നാൾ, തുടങ്ങി പതിനഞ്ചോളം തമിഴ് പടങ്ങളിലും ഉസ്താദ് ഹോട്ടൽ,  പുലിമുരുകൻ, മാമാങ്കം, കായംകുളം കൊച്ചുണ്ണി തുടങ്ങി ബിഗ് ബജറ്റ് സിനിമകളടക്കം  ചമയമൊരുക്കി. സ്വന്തമായി ആർആർ മേക്കപ്പ് സ്റ്റുഡിയോ എന്ന പേരിൽ ഫ്രീ ലാൻഡ് ആയി  ബ്രൈഡൽ, ഗ്രൂമ്  മേക്കപ്പുകളും  ചെയ്യുന്നു.  മത്സ്യതൊഴിലാളിയായ സി രാജന്റെയും രാധാമണിയുടെയും മകനാണ്‌. എം ആർ രഞ്ജിനിയാണ് ഭാര്യ. രഘുനന്ദ്, ഋഷികേശ് എന്നിവർ മക്കളാണ്.
 
 
പ്രധാന വാർത്തകൾ
 Top