25 August Sunday

കല്യോട്ട‌് ഹയർസെക്കൻഡറി പ്രീ‐ പ്രൈമറി അധ്യാപികയെ ജോലിയിൽ തിരിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
കാസർകോട്‌
പെരിയ കല്യോട്ട്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രീ‐ പ്രൈമറി അധ്യാപികയായ ശ്രുതിയെ സസ്‌പെൻഡ്‌ ചെയ്‌തുള്ള പിടിഎ പ്രസിഡന്റിന്റെ ഉത്തരവ്‌ പിൻവലിച്ചു. ശനിയാഴ്‌ച ചേർന്ന പിടിഎ എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ ഐകകണ്‌ഠ്യേനയാണ്‌ പിടിഎ പ്രസിഡന്റിന്റെ നടപടി പിൻവലിച്ച്‌ അധ്യാപിക ജോലിയിൽ തുടരണമെന്ന്‌ തീരുമാനിച്ചത്‌.  ആറുവർഷമായി പ്രീ‐ പ്രൈമറി അധ്യാപികയായി ജോലിചെയ്‌തുവരുന്നയാളെ അകാരണമായി പിരിച്ചുവിട്ട പിടിഎ പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടിക്കെതിരെ കേരള സ്‌റ്റേറ്റ്‌ പ്രീ‐ പ്രൈമറി ടീച്ചേഴ്‌സ്‌ അസോസിയേഷൻ (കെഎസ്‌പിപിടിഎ) ജില്ലാകമ്മിറ്റി നേതൃത്വത്തിൽ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. 
പിടിഎ സെക്രട്ടറിയായ സ്‌കൂൾ പ്രിൻസിപ്പലും  ട്രഷററായ പ്രധാനാധ്യാപികയും വിട്ടുനിന്ന യോഗത്തിലാണ്‌ അധ്യാപികയെ സസ്‌പെൻഡ്‌ ചെയ്‌തത്‌. തുച്ഛമായ വേതനത്തിന്‌ ജോലിചെയ്‌തുവരുന്ന അധ്യാപികയെ സ്‌ത്രീ എന്ന പരിഗണനപോലും നൽകാതെ രാഷ്ട്രീയവൈരാഗ്യം വച്ച്‌ പിടിഎ പ്രസിഡന്റ്‌ ദ്രോഹിക്കുകയായിരുന്നു. പ്രസിഡന്റിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്‌ പ്രീ‐ പ്രൈമറി അധ്യാപികയെ തിരിച്ചെടുക്കാൻ പിടിഎ എക്‌സിക്യൂട്ടീവ്‌ നിർബന്ധിതരായത്‌.
പ്രധാന വാർത്തകൾ
 Top