02 June Tuesday

ആഘോഷമില്ലാതെ ചെറിയ പെരുന്നാൾ

പി മഷൂദ്Updated: Saturday May 23, 2020

പെരുന്നാളിന്‌ മുന്നോടിയായി: പടന്ന തെക്കേക്കാട്ടിലെ വീട്ടിൽനിന്നുള്ള ദൃശ്യം

തൃക്കരിപ്പൂർ

മനസും ശരീരവും നിയന്ത്രിച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് ഒരു മാസക്കാലം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനമാകുന്നു. ശവ്വാൽ മാസപ്പിറവി കാണുന്നതോടെ ലോകമെങ്ങുമുള്ള മുസ്ലീം മതവിശ്വാസികൾ ഈദുൽ ഫിതർ ആഘോഷങ്ങളിലേക്ക് കടക്കും. 
കോവിഡ് 19 മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ ആഘോഷങ്ങളില്ലാതെയാണ് ചെറിയ പെരുന്നാൾ.
മാസപ്പിറവി ദൃശ്യമായാൽ പള്ളികളിലും വീടുകളിലും തക്ബീർ ധ്വനികളുയരും. 
പള്ളികൾ അടഞ്ഞ് കിടക്കുന്നതിനാൽ ഈദ് നിസ്കാരം വീടുകളിൽ നടക്കും. ഈദ് ഗാഹുകളിലും ഇത്തവണ നിസ്കാരമില്ല. മുഖ്യമന്ത്രി മതനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പള്ളികളിൽ ഒരുമിച്ച് കൂടുന്നതും  വ്യാപാര കേന്ദ്രങ്ങളിലെ തിരക്ക്‌ ഒഴിവാക്കാനും ആഘോഷങ്ങളിലെ പകിട്ട് ഒഴിവാക്കാനും തീരുമാനിച്ചത്.
 ഒരു മാസം നീണ്ടുനിന്ന റംസാൻ വ്രതത്തിന് അവസാനംകുറിച്ചെത്തുന്ന ഈദുൽ ഫിതർ എല്ലാം മറന്ന് ആഘോഷിക്കാനുള്ളതല്ല എന്ന തിരിച്ചറിവും ഈ പെരുന്നാളിന്റെ സവിശേഷതയാണ്. ശവ്വാൽ മാസപിറവിയുടെ ചന്ദ്രൻ ആകാശത്ത് ദൃശ്യമായാൽ ഫിതർ സകാത്ത് ധാന്യം വിതരണം നടക്കും. 
പെരുന്നാൾ ദിവസത്തിലെ പ്രത്യേക നമസ്‌കാരമാണ്‌ വലിയ ആഘോഷം. ഇതിനുശേഷം ബന്ധുമിത്രാദികളുമായും സുഹൃത്തുക്കളുമായും ബന്ധം പുതുക്കി പരസ്പരം അശ്ലേഷിച്ച് ഈദ് ആശംസകൾ കൈമാറുന്ന രീതിക്ക്‌ പകരം ഇത്തവണ സാമൂഹിക അകലം പാലിച്ചായിരിക്കും അവയൊക്കെ. ആലിംഗനത്തിനും ഹസ്തദാനത്തിനും നിയന്ത്രണമുണ്ട്.
വസ്ത്രധാരണത്തിലും സദ്യവട്ടങ്ങളിലും മിതത്വം പാലിക്കണമെന്നും, ആഢംബരം പാടില്ലെന്നും പണ്ഡിതൻമാർ മഹല്ലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഘോഷത്തിനിടയിലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായിരിക്കാനും സഹായം നൽകാനുമാണ് വിശ്വാസികൾ ഒരുങ്ങുന്നത്. 
പ്രധാന വാർത്തകൾ
 Top