25 May Monday

ജില്ലയിൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനത കർഫ്യൂവിൽ നിശ്ചലമായ കാഞ്ഞങ്ങാട്‌ നഗരം

 

കാസർകോട്‌
കോവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയതോടെ കാസർകോട്‌ ജില്ലയിൽ കലക്ടർ ഡോ. ഡി സജിത് ബാബു  നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഉത്തരവിറക്കി. സിആർപിസി 144 പ്രകാരം ഞായറാഴ്‌ച മുതൽ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെയാണ്‌ നിരോധനാജ്ഞ.  ജില്ലയിലെ 17 പൊലീസ്‌ സ്‌റ്റേഷൻ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവൻ വ്യാപാര സ്ഥാനങ്ങളും ഞായറാഴ്‌ച മുതൽ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവർത്തിക്കാൻ പാടില്ല. പൊതുഇടങ്ങളിലെ കൂടിച്ചേരലുകളും പൊതുഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബുകളും സിനിമാ തിയറ്ററുകളും പാർക്കുകളും  വിനോദ സ്ഥാപനങ്ങളും ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും  പ്രവർത്തിക്കാൻ പാടില്ല.
സർക്കാർ നിർദേശിച്ച  പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്ത് പാൽ ബൂത്തുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, റേഷൻ കടകൾ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന കടകൾ എന്നിവ പ്രവർത്തിക്കാം.  അത്തരം കടകളിൽ ജനങ്ങൾ കുറഞ്ഞത് ഒന്നര മീറ്റർ അകലം പാലിച്ച് സാനിറ്ററൈസർ, മാസ്‌കുകൾ എന്നിവ ഉപയോഗിച്ച് മാത്രമേ കടകൾക്കുള്ളിലോ പുറത്തോ എത്തിചേരൂവെന്ന്‌ പൊലീസ്‌ ഉറപ്പാക്കണം.  പൊതുഇടങ്ങളിലെ കൂടിച്ചേരലുകളും പെതുഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും ഉത്തരവുകൾ തൊഴിലുറപ്പ് തൊഴിലാളികൾ, സർക്കാർ നിയോഗിച്ച സന്നദ്ധ പ്രവർത്തകർ, ബോധവൽക്കരണ പ്രവർത്തകർ, വാർഡതല ആരോഗ്യ പ്രവർത്തകർ മൊബൈൽ ഫോൺ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവർ എന്നിവർക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പൊലീസ്‌  ഉറപ്പാക്കണം.
     ദിവസവും കൂടുതൽ രോഗികൾക്ക്‌ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗം വ്യാപിക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ്‌ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്‌. ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാതെ വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ചിലയിടങ്ങളിൽ  നാട്ടിൽ കറങ്ങി നടക്കുന്നു. ആളുകൾ കൂട്ടംകൂടുന്നത്‌  ഒഴിവാക്കണമെന്ന ആവശ്യവും ചിലർ അനുസരിക്കുന്നില്ല. കോവിഡ്‌ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി നാടാകെ കറങ്ങിയതും പരിപാടികളിൽ പങ്കെടുത്തതും എംഎൽഎമാരുമായി സമ്പർക്കത്തിലേർപ്പെട്ടതും ഗുരുതരമായ ആരോഗ്യപ്രശ്‌നമായിരിക്കുകയാണ്‌. ഇയാളുടെ ബന്ധുക്കളെ പരിശോധനക്ക്‌ വിധേയമാക്കുകയാണ്‌. സ്‌ത്രീകളും കുട്ടികളും ഇവരിലുണ്ട്‌. കാസർകോട്‌ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പോലും  ഇയാൾ ആരോഗ്യപ്രവർത്തകരുമായി സഹകരിക്കുന്നില്ലെന്ന പരാതിയുണ്ട്‌.
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top