20 June Thursday

മുഖ്യമന്ത്രി ഒരേസമയം നാടിന‌് സമർപ്പിച്ചത‌് 22 പദ്ധതികൾ

സ്വന്തം ലേഖകൻUpdated: Saturday Feb 23, 2019

അലാമിപ്പള്ളി പുതിയ ബസ‌്സ‌്റ്റാൻഡിൽ ആയിരം ദിവസം പദ്ധതികളുടെ ഉദ‌്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

കാഞ്ഞങ്ങാട‌്

കാഞ്ഞങ്ങാടിന്റെ വികസന സ്വപ്‌നങ്ങൾക്ക‌് നിറം പകർന്ന 22 പദ്ധതികളുടെ ഉദ‌്ഘാടനം ആയിരങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വർണബലൂണുകൾ വാനിലേക്കുയർന്നു. കതിനാവെടികൾ മുഴങ്ങി.  ജനസഹസ്രങ്ങളെക്കൊണ്ട‌് നഗരം നിറഞ്ഞു. സ്വപ‌്നസാക്ഷാൽക്കാരമായ കർമപദ്ധതികൾക്ക‌് സാഫല്യം. വികസനത്തിന്റെ വഴിയിൽ ആയിരം ദിനങ്ങൾ പൂർത്തിയാക്കിയ എൽഡിഎഫ‌്  സർക്കാരിന്റെ നാൾവഴികളിൽ കാഞ്ഞങ്ങാടിന്റെ കുതിപ്പു രേഖപ്പെടുത്തുന്നതായി ഉദ‌്ഘാടന പരിപാടി. 
അലാമിപ്പള്ളി പുതിയ ബസ‌്സ‌്റ്റാൻഡിൽ തയ്യാറാക്കിയ വേദിയിലായിരുന്നു പ്രൗഢഗംഭീര പരിപാടി.  മുഖ്യമന്ത്രി പിണറായി വിജയൻ ബട്ടൺ അമർത്തി 275. 52 കോടി രൂപയുടെ  22 പദ്ധതികളുടെ ഉദ‌്ഘാടനം നിർവഹിച്ചു.  മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനായി. 25 കോടി രൂപ മുതൽ മുടക്കി അലാമിപ്പള്ളിയിൽ നിർമിച്ച   ആധുനിക ബസ‌്സ‌്റ്റാൻഡ‌് കം ഷോപ്പിങ‌് കോംപ്ലക‌്സ‌്,  ഗതാഗതക്കുരുക്കിൽ വികസനവും ഗതാഗതവും സ‌്തംഭിച്ചുനിന്ന കാഞ്ഞങ്ങാടിന‌് ഉണർവു പകർന്ന കെഎസ‌്ടിപി റോഡ‌്, അലാമിപ്പള്ളി ബസ‌്സ‌്റ്റാൻഡിൽ രാത്രി എത്തുന്ന സ‌്ത്രീകൾക്ക‌് താമസിക്കാനും ദിനകൃത്യങ്ങൾ നിർവഹിക്കാനും ഉപകരിക്കുന്ന ഷീ ലോഡ‌്ജ‌്, എയർകണ്ടീഷണർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മൂന്ന‌് ഹൈടെക‌് അങ്കണവാടികൾ, ഹരിതകർമസേന, വാഴുന്നോറടി ‐-പൂടംകല്ലടുക്കം ജലവിതരണ പദ്ധതി,  തീരദേശ കുടിവെള്ള പദ്ധതി തറക്കല്ലിടൽ, സീറോവേസ‌്റ്റ‌് നഗരസഭാ പദ്ധതി, എല്ലാവർക്കും വീട‌് പദ്ധതിയിൽ പൂർത്തിയാക്കിയ 102  വീടുകളുടെ താക്കോൽദാനം, നവീകരിച്ച മത്സ്യമാർക്കറ്റിലെ ട്രീറ്റ‌്മെന്റ‌് പ്ലാന്റ‌്, കാഞ്ഞങ്ങാട‌് നഗരത്തിലെ പേ പാർക്കിങ‌് പദ്ധതി പ്രഖ്യാപനം, തീരദേശസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ച‌് കൈറ്റ‌് പട്ടംപറത്തൽ പ്രവൃത്തി, ബഡ‌്സ‌് സ‌്കൂൾ  എന്നിവയുടെ ഉദ‌്ഘാടനമാണ‌് വെള്ളിയാഴ‌്ച   നടന്നത‌്. 
വീടുകളുടെ താക്കോൽദാനം പി കരുണാകരൻ എംപി നിർവഹിച്ചു‌. അസി. എൻജിനിയർ റോയി മാത്യു റിപ്പോർട്ട‌് അവതരിപ്പിച്ചു.  ചടങ്ങിൽ പങ്കെടുത്ത വ്യവസായി ഗോകുലം ഗോപാലൻ നഗരത്തിൽ പണിയുന്ന കുട്ടികളുടെ പാർക്കിനുവേണ്ടി   ധനസഹായം  വാഗ‌്ദാനം ചെയ‌്തു.   എംഎൽഎമാരായ എം രാജഗോപാലൻ, കെ കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭാ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, കാഞ്ഞങ്ങാട‌് ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം ഗൗരി,  കലക്ടർ ഡോ. ഡി സജിത‌് ബാബു, സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ‌്ണൻ, കാഞ്ഞങ്ങാട‌് നഗരസഭാ വൈസ‌്ചെയർപേഴ‌്സൺ  എൽ സുലൈഖ, എൻ ഉണ്ണികൃഷ‌്ണൻ, ഗംഗാരാധാകൃഷ‌്ണൻ, ഭാഗീരഥി, സി കെ വത്സലൻ, അഡ്വ. പി അപ്പുക്കുട്ടൻ, ബിൽടെക‌് അബ്ദുള്ള, എൻ മധു, സി കെ ബാബുരാജ‌്, ഇ വി ജയകൃഷ‌്ണൻ, സി യൂസഫ‌്ഹാജി, രാഘവൻ വെളുത്തോളി,  മുകുന്ദ‌് പ്രഭു എന്നിവർ സംസാരിച്ചു.  നഗരസഭാ ചെയർമാൻ വി വി രമേശൻ സ്വാഗതവും  നഗരസഭാ സെക്രട്ടറി പി എൻ അനീഷ‌് നന്ദിയും പറഞ്ഞു‌.
നഗരസഭാ ചെയർമാൻ വി വി രമേശൻ മുഖ്യമന്ത്രി പിണറായി വിജയന‌് ഉപഹാരം നൽകി. കോൺട്രാക്ടർമാരായ എം ശ്രീകണ‌്ഠൻ നായർ, എം എസ‌് പ്രദീപ‌്, രാജേഷ‌്, ജയന്തി ഇലക്ട്രിക്കൽസ‌്, ആർഡിഎസ‌് പ്രൊജക്ട‌് ഉടമ സുമിത്ത‌് ഗോയൽ, അരയി സന്നദ്ധസേവന സംഘടന  വൈറ്റ‌് ആർമി, ബസ‌്സ്‌റ്റാൻഡിൽ ആയിരം ചിത്രം വരച്ച വിശ്വകലാക്ഷേത്രം ഭാരവാഹികൾ എന്നിവർക്കും ചടങ്ങിൽ ഉപഹാരം നൽകി.
പ്രധാന വാർത്തകൾ
 Top