26 March Tuesday

പാർടിയെ തകർക്കാമെന്നത‌് വ്യാമോഹം: പി കരുണാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കാസർകോട‌്

പെരിയ കല്യോട്ടുണ്ടായ കൊലപാതകത്തിന്റെ പേരിൽ  അക്രമവും കള്ളപ്രചാരണവും നടത്തി ജില്ലയിൽ പാർടിയെ തകർത്ത‌് കളയാമെന്നത‌് വ്യാമോഹം മാത്രമാണെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം  പി കരുണാകരൻ എംപി പറഞ്ഞു.  
ജില്ലാ കമ്മിറ്റി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം അത്യന്തം ദൗർഭാഗ്യകരമാണെന്ന‌് പാർടി വ്യക്തമാക്കിയിട്ടുണ്ട‌്. കൊലയാളികളെ തള്ളിപ്പറഞ്ഞിട്ടുമുണ്ട‌്.  പ്രതിയെ പാർടിയിൽ നിന്ന‌് പുറത്താക്കിയിട്ടുമുണ്ട‌്. എന്നിട്ടും കൊലയാളികളെന്ന‌് പറഞ്ഞ‌് പാർടിയെ വേട്ടയാടുകയാണ‌്.  
ചില മാധ്യമങ്ങളും കൂട്ടു നിൽക്കുന്നു. ഹർത്താലിന്റെ മറവിൽ കോൺഗ്രസ‌് ക്രിമിനലുകൾ നടത്തിയ അക്രമം മാധ്യമങ്ങൾ കാണുന്നില്ല.  വീടുകളും കടകളും തീയിട്ട‌് തകർത്തു. സ‌്ത്രീകളെയും അക്രമിച്ചു.  നിരവധി പാർടി ഓഫീസുകൾ തകർത്തു. ദിനേശ‌് ബീഡി കമ്പനിക്ക‌് തീയിട്ടു. കോടികളുടെ നഷ്ടമുണ്ടായി. ഇതൊന്നും കാണാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. 
നിരവധി തിക്താനുഭവങ്ങൾ  നേരിട്ട‌് ശക്തിപ്രാപിച്ച പ്രസ്ഥാനമാണ‌് ജില്ലയിൽ സിപിഐ എം.  ജില്ലയിലെ ഏറ്റവും വലിയ പാർടിയാണ‌ിത‌്. ജില്ലയിൽ 37 സിപിഐ എം പ്രവർത്തകരെയാണ‌് എതിരാളികൾ കൊന്നൊടുക്കിയത‌്. ഇവരിൽ 12 പേരെ കൊന്നത‌്  കോൺഗ്രസുക്കാരാണ‌്. ചീമേനിയിൽ അഞ്ചു പ്രവർത്തകരെ തീയിട്ടും വെട്ടിയുമാണ‌് കൊന്നത‌്.  ഇതൊക്കയും അതിജീവിച്ചാണ‌് പാർടി ശക്തിപ്പെട്ടത‌്. 
സമാധാനം വേണമെന്ന‌്ഏറ്റവും കൂടതൽ ആഗ്രഹിക്കുന്ന പാർടിയാണ‌് സിപിഐ എം. ക്രമസമാധാനം നിലനിർത്താൻ ഏറെ സഹിച്ച പാർടിയാണിത‌്. പാർടിക്കെതിരെയുള്ള കള്ളപ്രചാരണം ജനങ്ങളെ അണിനിരത്തിയാണ‌് നേരിടുന്നത‌്. 
പെരിയ കൊലപാതകം സർക്കാരിനെതിരെ തിരിച്ചുവിടാനാണ‌് ശ്രമിക്കുന്നത‌്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ പോകാൻ ഞങ്ങൾ തയ്യാറായിരുന്നു‌. കോൺഗ്രസ‌് നേതാക്കളോട‌് സംസാരിച്ചപ്പോൾ പറ്റില്ലെന്നാണ‌് പറഞ്ഞത‌്. 
 കൊലപാതകത്തൽ നിന്ന‌് മുതലെടുപ്പ‌് നടത്താനാണ‌് കോൺഗ്രസിന്റെ ശ്രമം. ഇതൊന്നും ജനങ്ങൾക്ക‌് മുന്നിൽ വിലപോകില്ലെന്ന‌് പി കരുണാകരൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top