28 November Saturday

ഈ കരുതൽ ഇവിടെമാത്രം സഹകരണത്തിൽ നൂറുമേനി

പി പി കരുണാകരൻUpdated: Sunday Nov 22, 2020

ഉദുമ ലേബർ കോൺട്രാക്ട‌് സൊസൈറ്റിയുടെ നെൽകൃഷി

കാഞ്ഞങ്ങാട‌്
സഹകരണ മേഖല  ഇത്തവണ കൊയ്‌തത്‌ നൂറുമേനി. പാടങ്ങളും തരിശുഭൂമികളും കൃഷിയിടങ്ങളാക്കിയാണ്‌ പുതിയ നേട്ടം കൊയ്യുന്നത്‌. കോവിഡ്‌ കാലത്ത്‌ ഭക്ഷ്യ പ്രതിസന്ധിയുണ്ടാകുമെന്ന മുൻകരുതലിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയാണ്‌  സഹകരണസ്ഥാപനങ്ങളെ കൃഷിയിലേക്ക്‌ തിരിച്ചുവിട്ടത്‌.  ഭൂരിപക്ഷം സംഘങ്ങളും ലഭിച്ച അരി പ്രാദേശികമായി  വിൽക്കുമ്പോൾ ചില സംഘങ്ങൾ അരി വിപണിയിലിറക്കി.പച്ചക്കറികൾക്കും മറ്റുമായി വിൽപനകേന്ദ്രങ്ങൾ തുറന്നു.   
കരനെൽ ഉൾപ്പടെ  നാലര ഏക്കറിൽ നെൽകൃഷി ചെയ‌്തതായി പനത്തടി സർവീസ‌് സഹകരണ ബാങ്ക‌് സെക്രട്ടറി പി  രഘുനാഥ‌്പറഞ്ഞു. പത്ത്‌ ക്വിന്റൽ നെല്ലാണ‌് ലഭിച്ചത‌്. അരി മിതമായ നിരക്കിൽ പ്രദേശത്തുതന്നെ വിൽക്കാനാണുദ്ദേശിക്കുന്നത‌്. മൂന്നര ഏക്കറിൽ  കപ്പകൃഷിയുണ്ട‌്.  ഇഞ്ചി, മഞ്ഞൾ, ഏത്തവാഴകൃഷിയും പനത്തടി ബാങ്കിന്റേതായുണ്ട‌്‌. 
20 ഏക്കറിൽ നിന്ന്‌ ഉദുമലേബർ കോൺട്രാക്ട‌് സൊസൈറ്റിക്ക‌്  250 ക്വിന്റൽ നെല്ലാണ‌് ലഭിച്ചത‌്. നെല്ല‌് കുത്തി അരിയാക്കി സംഘത്തിന്റെ ബ്രാൻഡ‌് നെയിമായ ‘ലേബർ റൈസ‌്’ എന്ന പേരിൽ വിൽക്കുമെന്ന്‌ സെക്രട്ടറി പി ഗോപാലകൃഷ്‌ണൻ പറഞ്ഞു.  വെള്ളരി, മഞ്ഞൾ, ചോളം, മധുരക്കിഴങ്ങ‌് കൃഷി വിളവെടുപ്പിന‌് പാകമാകുന്നേയുള്ളു. 
നാലര ഏക്കറിൽ നിന്ന‌് 150 ക്വിന്റൽ നെല്ല‌് ലഭിച്ചതായി കയ്യൂർ സർവീസ‌് സഹ. ബാങ്ക‌് സെക്രട്ടറി പി പി പവിത്രൻ പറഞ്ഞു. ഇവ പ്രാദേശികമായി വിതരണം ചെയ്യുകയാണ‌്. മറ്റു വിളകൾ പാകമായി വരുന്നു. 
ഒരേക്കർ നാൽപത‌് സെന്റിലാണ‌് മുളിയാർ സർവീസ‌് സഹകരണ ബാങ്ക‌് നെൽകൃഷി ചെയ‌്തത‌്.  20 ക്വിന്റൽ നെല്ല‌് ലഭിക്കുമെന്നാണ‌് പ്രതീക്ഷയെന്ന്‌  സെക്രട്ടറി എ കെ ശശിധരൻ പറഞ്ഞു.  സ്വന്തം ബ്രാൻഡിൽ  വിൽക്കാനാണ‌് ഉദ്ദേശ്യം
88 സ്ഥാപനങ്ങൾ കൃഷി ചെയ്‌തു
ജില്ലയിൽ 82 സഹകരണ സ്ഥാപനങ്ങളാണ‌്  നേരിട്ട‌് കൃഷി നടത്തിയത‌്.  19 സംഘങ്ങൾവഴി 872 കർഷകർക്ക‌് 394. 21 ലക്ഷം രൂപ കൃഷിവായ‌്പ നൽകി.  14  സംഘങ്ങൾ പച്ചക്കറി വിപണന കേന്ദ്രങ്ങൾ തുടങ്ങി. 20 ഏക്കറിൽ കൃഷി ചെയ‌്ത സംഘങ്ങൾവരെയുണ്ടെന്ന‌് സഹകരണ അസി.  രജിസ‌്ട്രാർ(പ്ലാനിങ‌്) മുരളീധരൻ പറഞ്ഞു. 
കുറഞ്ഞ വിലയ്‌ക്ക്‌ പച്ചക്കറി 
ജില്ലയിൽ  169. 35 ഏക്കർ സ്ഥലത്താണ‌്  സംഘങ്ങൾ കൃഷിയിറക്കിയത‌്. കപ്പ, നെല്ല‌്, മധുരക്കിഴങ്ങ‌്, ഇഞ്ചി, മഞ്ഞൾ തുടങ്ങിവയും പച്ചക്കറികളും സുലഭമായി. സംഘങ്ങളുടെപച്ചക്കറി സ‌്റ്റാളുകളിൽ നിന്ന്‌ ന്യായവിലക്ക്‌ ലഭിച്ചപ്പോൾ  ഇതര സംസ്ഥാനങ്ങളിൽ നിന്ന്‌ വരുന്നവയുടെ വില പിടിച്ചു നിർത്താൻ സാധിച്ചു.
കാർഷികവൃത്തിക്കായി ജോയന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ, സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവ രൂപീകരിച്ചു. വിത്ത്,  ജൈവവളം, കാർഷികയന്ത്രങ്ങൾ, കീടനാശിനികൾ എന്നിവ  ബാങ്കുകളുടെ  കാർഷിക കേന്ദ്രങ്ങൾ വഴി വിതരണം ചെയ‌്തു.  കൃഷി വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top