16 October Saturday
ചെറുവത്തൂർ– ഭീമനടി റോഡ്‌

ഇനി വൈകില്ല; വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
വെള്ളരിക്കുണ്ട്    
ചെറുവത്തൂർ, ചീമേനി, പാലാവയൽ, ചിറ്റാരിക്കാൽ, ഭീമനടി 50 കിലോമീറ്റർ റോഡ് സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി. എം രാജഗോപാലൻ എംഎൽഎയുടെ സാന്നിധ്യത്തിൽ കിഫ്ബി, കെആർഎഫ്ബി ഉദ്യോഗസ്ഥർ റോഡ്‌കടന്നുപോകുന്ന പ്രദേശങ്ങൾ സന്ദർശിച്ച ശേഷം തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തീരുമാനിച്ചു.  മലയോര കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന്  ഉതകുന്ന റോഡ് സ്വപ്ന പദ്ധതിയാണ്. ചെറുവത്തൂർ, കയ്യൂർ -ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്‌  കിഫ്ബി  98 കോടി രൂപയാണ് അനുവദിച്ചത്. 
 50 കിലോമീറ്റർ റോഡ്‌   കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട് ബോഡ് മുഖേനയാണ്‌ നവീകരിക്കുന്നത്. ആദ്യ റീച്ചിൽ ഞാണങ്കൈ മുതൽ ചീമേനി വരെ ഏഴ് മീറ്റർ വീതിയിലും തുടർന്ന് 5.5 മീറ്റർ വീതിയിലും മെക്കാഡം ചെയ്യും. ഇരുവശത്തും ഒരു മീറ്റർ വീതിയിൽ ഓവുചാൽ,  39 കിലോമീറ്റർ ഫുട്പാത്ത്‌ എന്നിവയും നിർമിക്കും. 47 കലുങ്കുകൾ, പ്രധാന ടൗണുകളിൽ ഹാൻഡ്‌ റെയിൽ എന്നിവയുമുണ്ടായിരിക്കും. വലിയ കയറ്റങ്ങൾ കുറയ്‌ക്കും. 34 പഴയ കലുങ്കുകൾ നവീകരിക്കും. 
എറണാകുളത്തെ റൂബി സോഫ്റ്റ്സ് എൻജിനിയറിങ് വിങ്ങാണ്  ഇൻവെസ്‌റ്റിഗേഷൻ പൂർത്തിയാക്കിയത്. ചീമേനി, കാക്കടവ്, മൗക്കോട്, കടുമേനി, പാലാവയൽ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, നർക്കിലക്കാട്, ഭീമനടി തുടങ്ങിയ മലയോര ടൗണുകൾ വികസിക്കും. 
     കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ പുരുഷോത്തമൻ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ എം സജിത്ത്, കിഫ്ബി എക്സിക്യൂട്ടീവ് എൻജനിയർ ആഷിഖ്, പി അരുൺ, എം രാജേഷ്‌കുമാർ എന്നിവർ എംഎൽഎയുടെ കൂടെയുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top