15 October Tuesday

ദുർഗയിൽ നക്ഷത്രങ്ങളുടെ സംഗമം

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

ദുർഗ ഹയർസെക്കൻഡറി സ‌്കൂളിൽനിന്ന‌് വിവിധ കാലഘട്ടങ്ങളിൽ സമ്മാനിതരായ കലോത്സവ പ്രതിഭകൾ സംഗമിച്ചപ്പോൾ.

കാഞ്ഞങ്ങാട‌്
ടി കെ കമലാക്ഷൻ എന്ന പഴയകാല പാട്ടുകാരൻ  ദുർഗയിലെത്തിയ കലാകാരന്മാരെ 55 വർഷം പിന്നിലേക്ക‌് കൈപിടിച്ച‌് നടത്തുകയായിരുന്നു. എഴുപതുകാരനായ അദ്ദേഹം പഴയ എട്ടാം ക്ലാസുകാരന്റെ സ്വരശുദ്ധിയോടെ പാടി ‘‘ കണ്ണാ.... കറുമൈനിറം  കണ്ണാ....’’  വശ്യമധുരമായ ആലാപനത്തിലൂടെ പ്രായത്തെ ചെറുതാക്കിയ   അദ്ദേഹം  കലോത്സവങ്ങൾക്ക‌് നിരവധി തവണ സാക്ഷിയായവരെ അത്ഭുതപ്പെടുത്തി.  
ദുർഗ ഹയർസെക്കൻഡറി സ‌്കൂളിൽനിന്ന‌് വിവിധ കാലഘട്ടങ്ങളിൽ സംസ്ഥാന സ‌്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത‌് സമ്മാനിതരായവരുടെ സംഗമായിരുന്നു വേദി.  ലളിതസംഗീതത്തിൽ അന്ന‌്  സിനിമാപ്പാട്ടും അനുവദനീയമായിരുന്നു. തമിഴും മലയാളവും എല്ലാം ചേർത്ത‌് ഒന്നരപ്പാട്ട‌് എന്ന‌് കളിയാക്കുമായിരുന്നു അക്കാലത്തെ ലളിതസംഗീതത്തെ.  ഷൊർണൂരിൽനിന്ന‌് നേടിയ ഒന്നാം സ്ഥാനത്തിന്റെ കഥയും അദ്ദേഹം വിവരിച്ചു. 
സംഗീതത്തിലൂടെ കുടുംബം മുഴുവൻ കലോത്സവ ജേതാക്കളായ കഥയാണ‌് എം കെ നിരഞ‌്ജിനിക്കും സഹോദരങ്ങൾക്കും പറയാനുണ്ടായത‌്‌.  ഡോ. എം കെ നീന, എം കെ വിനോദ‌്കുമാർ എന്നിവർ വിവിധ ഘട്ടങ്ങളിൽ സ‌്കൂൾ കലോത്സവങ്ങളിലും സർവകലാശാല കലോത്സവങ്ങളിലും സമ്മാനിതരായി. ‌പാട്ടുകാരായ അനേകം സഹോദരങ്ങളെക്കൊണ്ട‌് സമ്പന്നമായിരുന്നു ഒരു കാലത്ത‌് ദുർഗ ഹൈസ‌്കൂൾ. ശ്രീപ്രിയ ചന്ദ്രൻ, സുപ്രിയ ചന്ദ്രൻ എന്നിവർ ഗാനമേളയിലും കവിതാപാരായണത്തിലും ക്ലാസിക്കൽ സംഗീതത്തിലും സമ്മാനം നേടി. എ എം ഗീതയും എ എം ഗിരിജയും ഗാനമേളയിലൂടെയാണ‌് ദുർഗയുടെ യശസ്സുയർത്തിയത‌്. ഒപ്പനയിലുടെ സമ്മാനം നേടിയ   ആതിര അനിൽകുമാറും തിരുവാതിരയിലൂടെ സമ്മാനിതയായ എം പി സുജിതയും സംഗമത്തിനെത്തി. ഗാനമേള ‐-ഓർക്കസ‌്ട്ര വിഭാഗത്തിലെ ഷിനു എം സാമുവൽ, അഡ്വ. ഷിബ എം സാമുവൽ, പി എം അനിൽകുമാർ എന്നിവരും സംഗമത്തിലെ താരങ്ങളായി. വി പി രാജഗോപാലൻ (മാർഗംകളി, ഒപ്പന), എം ഉദയകുമാർ(ഗാനമേള, ലളിതസംഗീതം), മുഹമ്മദ‌് അസ്ലം, ഹരികുമാർ(ലളിതസംഗീതം), അബിസൂര്യ സുരേഷ‌്(ഉറുദു ഗസൽ, സംഘഗാനം, ഒപ്പന), പ്രമോദ‌് പി നായർ(ഗാനമേള, ഓർക്കസ‌്ട്ര, കഥകളി സംഗീതം) എന്നിങ്ങനെ ദുർഗയുടെ യശസ്സുയർത്തിയ നിരവധി കലാപ്രതിഭകളുടെ  കൂടിച്ചേരൽ ഈ കലാലയമുറ്റത്തെ നിരവധി വർഷത്തെ കലോത്സവങ്ങളുടെ പ്രതീതി ജനിപ്പിച്ചു. 
ശാസ‌്ത്രീയ സംഗീതം, മൃദംഗം, അഷ്ടപദി, കഥകളി സംഗീതം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാമതെത്തി 2009‐ 2013ലെ  വ്യക്തിഗത ചാമ്പ്യനായ വിനീത‌് സംഘാടകന്റെ വേഷത്തിലായിരുന്നു. കാസർകോട‌് ഗവ. കോളേജ‌് ലക‌്ചററായ വിനീതിന്റെ കാലമെത്തുമ്പോഴേക്കും പ്രതിഭാപട്ടം എടുത്തുകളഞ്ഞിരുന്നു. അല്ലെങ്കിൽ അക്കൊല്ലത്തെ കലാപ്രതിഭ വിനീതാകുമായിരുന്നു. ദുർഗയുടെ നക്ഷത്രങ്ങൾ എന്നു പേരിട്ട സംഗമത്തിൽ കെ കെ രാജഗോപാലൻ മുഖ്യാതിഥിയായി. എം കെ വിനോദ്‌കുമാർ അധ്യക്ഷനായി. അധ്യാപകരായ സി രാധാകൃഷ‌്ണൻ, പി ഭാസ‌്കരൻ, സതീശൻ, പ്രിൻസിപ്പൽ പി വി ദാക്ഷ എന്നിവർ സംസാരിച്ചു. പ്രമോദ‌് പി നായർ സ്വാഗതവും പി പ്രവീൺകുമാർ നന്ദിയും പറഞ്ഞു. അടുത്ത ഞായറാഴ‌്ച ഇവർ വീണ്ടും ഒത്തുചേരും; കൂടുതൽ കലാപ്രതിഭകളുമായി.
പ്രധാന വാർത്തകൾ
 Top