18 October Friday

ഹൃദയങ്ങളോതി; ഈ നന്മ സ്വീകരിച്ചാലും

സ്വന്തം ലേഖകൻUpdated: Thursday Aug 22, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സമാഹരിക്കുന്നതിനായി സവാക്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കലാജാഥ എഡിഎം എൻ ദേവിദാസ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്‌
കലാകാരന്മാർ പാട്ടുപാടി തെരുവുകളിലേക്കിറങ്ങിയപ്പോൾ നാട്ടുകാർ കൈയടിയോടെ മനസ്സറിഞ്ഞ്‌ സഹായിക്കാൻ മുന്നോട്ടുവന്നു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സമാഹരിച്ച്‌ നൽകാനായി കലാകാരന്മാരുടെ സംഘടനയായ സ്‌റ്റേജ്‌ ആർടിസ്‌റ്റ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ ഓഫ്‌ കേരള (സവാക്‌) ജില്ലാകമ്മിറ്റി സംഘടിപ്പിച്ച കലാജാഥയെയാണ്‌ തുളുനാടിന്റെ മണ്ണ്‌ ഹൃദയപൂർവം വരവേറ്റത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനങ്ങൾ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോൾ ഇങ്ങേയറ്റത്ത്‌ പ്രളയദുരിതത്തിനിരയാകാത്ത തുളുനാട്ടുകാർ കൈമെയ്‌ സഹായിക്കാനെത്തുന്ന കാഴ്‌ചയാണ്‌ എങ്ങുമുണ്ടായത്‌. ബുധനാഴ്‌ച രാവിലെ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നിന്നാരംഭിച്ച കലാജാഥയിൽ മുപ്പതിലേറെ പാട്ടും കവിതകളുമായി  തെരുവോരങ്ങളിൽ നിറഞ്ഞുനിന്നു. കാസർകോട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌, ചെർക്കള, ബോവിക്കാനം, മുളിയാർ, ബദിയടുക്ക, കുമ്പള, ഉപ്പള എന്നിവിടങ്ങളിലെ പര്യടനത്തിന്‌ ശേഷം രാത്രിയോടെ ഹൊസങ്കടിയിൽ പരിപാടി അവസാനിപ്പിച്ചു.
കലാകാരന്മാർ ഒത്തുകൂടിയ ധനസമാഹരണ യജ്ഞം തുളു പാട്‌ധന കലാകാരൻ ശങ്കർ സ്വാമി കൃപക്ക്‌ പതാക കൈമാറി എഡിഎം എൻ ദേവിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. സവാക്‌ പ്രസിഡന്റ്‌ ഉമേഷ്‌ എം സാലിയാൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയായി. 
തിയറ്ററിക്‌സ്‌ സൊസൈറ്റി ട്രഷറർ ടി വി ഗംഗാധരൻ ആദ്യ ഫണ്ട്‌ കൈമാറി. ടി എ ഷാഫി, സണ്ണി ജോസഫ്‌, അഷറഫലി ചേരങ്കൈ, മോഹന നായ്‌ക്‌, ഭാരതി ബാബു, സുരേഷ്‌ പണിക്കർ, മോഹിനി, ദയ പിലിക്കുഞ്ചെ, ദിവാകര കാസർകോട്‌, യശോദസ്വാമി കൃപ, ലൈല എന്നിവർ സംസാരിച്ചു. രവീന്ദ്രൻ നായർ സ്വാഗതവും സണ്ണി അഗസ്‌റ്റിൻ നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top