04 August Wednesday

കാഞ്ഞങ്ങാട്–--പാണത്തൂർ പാത 
കിഫ്ബി സംഘം പരിശോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കാഞ്ഞങ്ങാട്–--പാണത്തൂർ സംസ്ഥാന പാതയിൽ പൂടംകല്ല് മുതൽ ചിറങ്കടവ് വരെ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

രാജപുരം
കാഞ്ഞങ്ങാട്-–-പാണത്തൂർ പാതയിൽ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗങ്ങളിൽ രണ്ട് റീച്ചുകളായി നടക്കുന്ന നിർമാണപ്രവൃത്തിയുടെ അവസാനഘട്ട പരിശോധനക്ക്‌ കിഫ്ബി സംഘം എത്തി. 
പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി നേരത്തെ കരാർ റദ്ദ് ചെയ്തിരുന്നു. ഇതേ തുടർന്ന്‌ കിഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ രാഘേവേന്ദ്ര, അസിസ്റ്റന്റ് എൻജിനിയർ സി ജെ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ  പൂടങ്കല്ല് മുതൽ ബളാംതോട് വരെ 1.875 കിലോമീറ്റർ ഭാഗത്തെ നവീകരണം ഒന്നാംഘട്ടമായും, ബളാംതോട് മുതൽ ചെറങ്കടവ് വരെയുള്ളത്‌ രണ്ടാംഘട്ടമായും നടത്തുന്നതിന് പദ്ധതി തയ്യാറാക്കി കിഫ്ബിക്ക് കൈമാറിയിരുന്നു.   പദ്ധതിക്ക് സാങ്കേതികഅനുമതി നൽകുന്നതിന് മുന്നോടിയായാണ്‌ പൂടംകല്ല് മുതൽ ചെറങ്കടവ് വരെ കിഫ്ബി  ഉദ്യോഗസ്ഥർ പരിശോധിച്ചത്.  ഒരാഴ്ചക്കകം റിപ്പോർട്ട് നൽകും.  
അനുമതി ലഭിക്കുന്നതോടെ   കരാർ നടപടിയിലേക്ക് കടക്കും.  59.94 കോടി രൂപ ചെലവിലാണ്‌  നവീകരണം.  ബളാംതോട് മുതൽ ചിറങ്കടവ് വരെയുള്ള 3.813 കി.മീറ്റർ നവീകരണത്തിന് 15.25 കോടി രൂപയുടെ  അടങ്കലും സമർപ്പിച്ചു. കയറ്റവും വളവും കുറച്ച് 10.20 മീറ്റർ വീതിയിലായിരിക്കും റോഡ്‌നിർമ്മാണം. ആദ്യഭാഗത്ത് മാത്രം 15 വളവ്‌ കുറക്കും. വീതിക്കൂട്ടാൻ 200 മരങ്ങൾ മുറിക്കേണ്ടിവരും. കലുങ്കുകളടക്കം 20 ചെറുപാലങ്ങളും വേണം. 13.5 കിലോമീറ്റർ നീളത്തിൽ ഓവുചാലും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുമൊരുക്കും. 
രാജപുരം, മാലക്കല്ല് എന്നിവിടങ്ങളിൽ നാലുവരിപ്പാത,  ബസ് ബേ എന്നിവയുമുണ്ടായിരിക്കും. നീക്കിവച്ച 59.94 കോടിയിൽ രണ്ട് കോടി രൂപ വൈദ്യുതി ലൈനുകളും തൂണുകളും മാറ്റാനും 1.5 കോടി രൂപ ജല അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റാനും ചെലവഴിക്കും. തിരുവനന്തപുരത്ത്‌ നിന്നുള്ള കിഫ്ബി ഉന്നത ഉദ്യോഗസ്ഥരായ ആർ ജി സന്ദീപ്, സി ദിപിൻ, എസ് അജിത്ത്, കെ പ്രദീപ്, എസ് അനിൽ,  അസിസ്റ്റന്റ് എൻജിിനിയർ സി ജെ കൃഷ്ണൻ എന്നിവരാണ്‌ പരിശോധന നടത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top