നീലേശ്വരം
ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ ഓർമയിലേക്ക് പന്തുതട്ടി മുൻകാല താരങ്ങൾ.പോയ കാലത്തെ സുവർണ പാദുകങ്ങളിൽ പഴയ കളിയുടെ മിന്നലാട്ടം കണ്ട കാണികൾക്ക് കളി വിസ്മയമായി.
പള്ളിക്കര അമ്പല മൈതാനിയിൽ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി കോസ്മസ് പള്ളിക്കര ക്ലബ്ബാണ് വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചത്.വെറ്ററൻസ്എടാട്ടുമ്മൽ, പള്ളിക്കര എന്നീ പേരുകളിലാണ് കളത്തിലിറങ്ങിയത്.
എടാട്ടുമ്മലിന് മുൻ സിവിൽ സർവ്വീസ് താരം മധു, രാമകൃഷ്ണൻ, അശോകൻ, സുമേഷ് എന്നിവർ അണിനിരന്നു. പള്ളിക്കരയ്ക്ക് മുൻ സന്തോഷ് ട്രോഫി താരം കെ വിജയചന്ദ്രൻ, എം വി ഗംഗാധരൻ, ടി വി അശോകൻ, കൃഷ്ണൻ പുതുക്കൈ എന്നിവരും കളിച്ചു.
മഴയെ കൂസാതെ മത്സരംവീക്ഷിക്കാൻ നൂറുകണക്കിനാളുകളെത്തി. ഏകപക്ഷീയമായ ഒരു ഗോളിന് എടാട്ടുമ്മൽ വിജയിച്ചു.
പഴയ ഫുട്ബോൾ താരവും റിട്ട. എസ്ഐയുമായ മോഹനൻ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു.പി വി രാജേഷ് അധ്യക്ഷനായി. ഹരീഷ് ബാബു സ്വാഗതം പറഞ്ഞു.