27 February Thursday
ഒന്നു കാണാനൊരു മോഹം

പ്രായം മറന്നവർ വന്നു

ഉപേന്ദ്രൻ മടിക്കൈUpdated: Wednesday Jan 22, 2020

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച പെൺ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ.

നീലേശ്വരം
കാണാനൊരു മോഹം, എഴുപതാം വയസിൽ പെൺ സഹപാഠികൾ ഒത്തുകൂടി. കുട്ടിപ്പാവാടയും കുപ്പായവും ഇട്ടു വന്ന പഴയ പെൺകുട്ടികളല്ല ഇന്നവർ.  അമ്മയും അമ്മൂമ്മയായും കാലം മാറ്റിയപ്പോഴും മാറാത്ത മനസുമായാണ്‌ ഒത്തുചേർന്നത്‌.  പലരും അധ്യാപികമാരായി റിട്ടയർ ചെയ്തവർ. പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ,വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർ. കാഴ്ച മങ്ങി തുടങ്ങിയെങ്കിലും പരസ്പരം തിരിച്ചറിയുക തന്നെ ചെയ്തു. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ച് പഠിച്ചവരും പഠനശേഷം വഴിപിരിഞ്ഞവരുടെയും സംഗമവേദിയായത്‌ നീലേശ്വരം തളിയിൽ ക്ഷേത്ര പരിസരം. 56 വർഷങ്ങൾക്ക് ശേഷമാണ് പലരും  കണ്ടത്. എഴുപതിനും അതിന് മുകളിലുമാണ് വയസ്.മുപ്പത്തൊന്നു പേരാണ്  എത്തിയത്.പലരും  മക്കളും മക്കളുടെ മക്കളും മരുമക്കളുമൊക്കെയായി തൃശൂർ, പയ്യന്നൂർ,അങ്കമാലി എന്നിവിടങ്ങളിലൊക്കെ താമസിക്കുകയാണ്‌.നാട്ടിലുള്ള നളിനി ശ്രീധരൻ, കെ കെ രാജലക്ഷ്മി, അധ്യാപികയായ സൗമിനി എന്നിവരാണ് സംഗമത്തിന്  പിന്നിലുണ്ടായിരുന്നവർ.  കൂടെ പഠിച്ച 'ആൺകുട്ടികൾ ' താൽപ്പര്യം കാണിക്കാത്തതാണ് പെൺകുട്ടായ്‌മയിലൊതുക്കാൻ  കാരണമായത്. ഡോ. പത്മിനി, ഭവാനി ടീച്ചർ എന്നിവർ ഫോൺ നമ്പർ സംഘടിപ്പിച്ചാണ്‌  ജീവിത സായാഹ്നത്തിൽ സഹപാഠികളെ കാണണമെന്ന ആഗ്രഹം സഫലീകരിച്ചത്‌. വിശാലമായ ഒരു ഒത്തുകൂടലിന് തീരുമാനിച്ചാണ്‌ പിരിഞ്ഞത്. കാഞ്ഞങ്ങാട് നിത്യാനന്ദ കോട്ട സന്ദർശിക്കുകയും ചെയതു.  
പ്രധാന വാർത്തകൾ
 Top