18 February Monday

രാജധാനി എക‌്സ‌്പ്രസ്‌ 2 മുതൽ കാസർകോട്ടും

സ്വന്തം ലേഖകൻUpdated: Tuesday Jan 22, 2019
കാസർകോട‌്
കാസർകോടിന്റെ റെയിൽവേ മോഹങ്ങൾക്ക‌് വീണ്ടും ചിറകുമുളക്കുന്നു. അത്യുത്തര കേരളം ഏറെ കാലമായി കാത്തിരിക്കുന്ന രാജധാനി എക‌്സ‌്പ്രസ്സ‌് ഫെബ്രുവരി രണ്ടുമുതൽ കാസർകോട്ട‌് നിർത്തിത്തുടങ്ങും. 
സംസ്ഥാന സർക്കാരും പി കരുണാകരൻ എംപിയും നടത്തിയ ഇടപെടലുകളിലൂടെയും സമ്മർദങ്ങളുടെയും ഭാഗമായാണ‌് കാസർകോടിന്റെ സ്വപ‌്നം സഫലമാകുന്നത‌്.  അത്യുത്തര കേരളം കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ഇത‌്. റെയിൽവേ മന്ത്രിയുടെ ഓഫീസിൽനിന്ന‌്  പി കരുണാകരൻ എംപിയെയാണ‌് സ‌്റ്റോപ്പ‌് അനുവദിക്കാനുള്ള തീരുമാനം അറിയിച്ചത‌്.  ഫെബ്രുവരി രണ്ടിന‌് പുലർച്ചെ 4.50ന‌് രാജധാനി എക‌്സ‌്പ്രസ്സ‌് കാസർകോട്ട‌് എത്തും.  
ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ‌് രാജധാനി എക‌്സ‌്പ്രസ‌് പുറപ്പെടുന്നത‌്. രാത്രി 7.15ന‌് തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽനിന്ന‌് പുറപ്പെടുന്ന ട്രെയിൻ (12431) അടുത്തദിവസം പുലർച്ചെ 3.28ന‌് കണ്ണൂരിൽ എത്തും‌. തുടർന്ന‌് നാലരയോടെ കാസർകോടുവഴി കടന്നുപോകുന്ന ട്രെയിനിന്റെ അടുത്ത സ‌്റ്റോപ്പ‌് അഞ്ചരയ‌്ക്ക‌് മംഗളൂരു ജങ‌്ഷനിൽ മാത്രമായിരുന്നു. തിരിച്ച‌് പകൽ 10.55ന‌് പുറപ്പെടുന്ന ട്രെയിൻ (12432) രണ്ടാംദിവസം വൈകിട്ട‌് 5.50ന‌് മംഗളൂരു ജങ‌്ഷനിൽഎത്തി രാത്രി ഏഴോടെ കാസർകോടു വഴി കടന്നുപോയി 8.03ന‌് കണ്ണൂരിൽ എത്തുകയായിരുന്നു. 
രാജധാനി എക‌്സ‌്പ്രസിന‌് കാസർകോട‌് സ‌്റ്റോപ്പ‌് അനുവദിക്കണമെന്നാവശ്യപ്പെട്ട‌് നിരവധി തവണയാണ‌് പി കരുണാകരൻ എംപി റെയിൽവേ മന്ത്രിക്കും റെയിൽവേ ബോർഡിനും നിവേദനം നൽകിയത‌്. അന്ത്യോദയ എക‌്സ‌്പ്രസിന‌് കാസർകോട്ട‌് സ‌്റ്റോപ്പ‌് അനുവദിക്കണമെന്നാവശ്യപ്പെട്ട‌് കാസർകോട്ട‌് റെയിൽവേ സ‌്റ്റേഷനിൽ എംപി നടത്തിയ നിരാഹാര സമരത്തിലും ഈ ആവശ്യം ഉന്നയിച്ചു. തുടർന്ന‌് നിരവധിതവണ കേന്ദ്ര മന്ത്രിയെ നേരിട്ടുകണ്ട‌് കാസർകോടിന്റെ പ്രാധാന്യവും ആവശ്യവും ഉന്നയിച്ചു. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ താൽപര്യമെടുത്ത‌് സർക്കാരിന്റെ ഔദ്യോഗിക ആവശ്യമായി ഇത‌് കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചു. 
ഉത്തരേന്ത്യയിലേക്കുള്ള നിരവധി യാത്രക്കാരാണ‌് കാസർകോടുനിന്നുള്ളത‌്. ഇവരൊക്കെ നിലവിൽ മംഗളൂരുവിൽ എത്തിയാണ‌് ട്രെയിൻ കയറുന്നത‌്. മാത്രമല്ല, കാസർകോടിന്റെ ടൂറിസം സാധ്യതകളും പ്രധാനമായിരുന്നു. ജില്ലാ ആസ്ഥാനമായിട്ടും പല ദീർഘദൂര ട്രെയിനുകൾക്കും കാസർകോട‌് സ‌്റ്റോപ്പ‌് ഇല്ല. ഈ അവഗണനയ‌്ക്കെതിരെ എംപിയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലാണ‌് നടന്നത‌്. ഇതിന്റെയെല്ലാം ഫലമായാണ‌് രാജധാനി എക‌്സ‌്പ്രസിന‌് കാസർകോട്ട‌് സ‌്റ്റോപ്പ‌് അനുവദിച്ചത‌്. 
സ‌്റ്റോപ്പ‌് അനുവദിക്കാൻ തീരുമാനമെടുത്ത റെയിൽവേ മന്ത്രിയേയും ബോർഡിനേയും അഭിനന്ദിക്കുന്നതായി പി കരുണാകരൻ എംപി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആവശ്യമായി കേന്ദ്രസർക്കാരിനു മുന്നിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി തന്നെ താൽപര്യമെടുത്തതും പ്രധാനമാണ‌്–- പി കരുണാകരൻ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top