02 December Wednesday

പുതിയ കെട്ടിടം കിഫ്‌ബിയിലൂടെ തികവോടെ തളങ്കര സ്‌കൂൾ

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020

നിർമാണം അവസാനഘട്ടത്തിലെത്തിയ തളങ്കര ജിഎംവിഎച്ച‌്എസ‌്എസ‌് കെട്ടിടം

കാസർകോട‌്
തളങ്കര ഗവ. മുസ്ലിം വൊക്കേഷണൽ ഹയർസെക്കൻഡറിക്ക‌് പതിറ്റാണ്ടുകളായി പറയാനുണ്ടായിരുന്നത‌് ഇല്ലായ‌്മകൾ മാത്രം. ഹയർസെക്കൻഡറിയിൽ തൊഴിലധിഷ‌്ഠിത വിദ്യാഭ്യാസം വന്നപ്പോൾ ഏറെ പ്രതീക്ഷയായിരുന്നു നാട്ടുകാർക്ക്‌.  അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം മികച്ച നിലവാരത്തിലേക്ക‌് എത്താനായില്ല.യുഡിഎഫ‌് അധികാരത്തിലെത്തിയ നിരവധി ഘട്ടങ്ങളിൽ  സ‌്കൂൾ ഉൾപ്പെടുന്ന കാസർകോട‌് മണ്ഡലത്തിന് മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടായിരുന്നു. അവരാരും തീരപ്രദേശത്ത്‌ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ സ‌്കൂളിനെ  പരിഗണിച്ചില്ല. മൂന്നേക്കർ ഭൂമിയുണ്ടായിട്ടും ജനപ്രതിനിധികളുടെ അലംഭാവംകൊണ്ട‌ുമാത്രം  സ്‌കൂളിലേക്ക്‌ വികസനം എത്തിനോക്കി‌യില്ല.
 എൽഡിഎഫ‌് ഭരണത്തിലെ വിദ്യാഭ്യാസ മാറ്റത്തിന‌് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ‌് പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വിദ്യാലയം. കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടം പൊളിച്ചുമാറ്റി അഞ്ചുകോടി രൂപ ചെലവിൽ ഇരുനില കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ‌്.  
രാഷ്ട്രീയ വേർതിരിവുമില്ലാതെ നാടിന്റെ വികസനം മാത്രം ലക്ഷ്യമിടുന്ന സർക്കാർ കിഫ‌്ബിയിൽ ഉൾപ്പെടുത്തിയാണ‌് കെട്ടിടം നിർമിക്കുന്നത‌്. 21 ക്ലാസ‌് മുറികൾ, കംപ്യൂട്ടർ ലാബ‌്, അടുക്കള, ഭക്ഷണശാല ഉൾപ്പെടെ 25,726 ചതുരശ്ര അടി വിസ‌്തീർണമുള്ളതാണ‌് പുതിയ കെട്ടിടം. റെയിൽവേ പാളം അടുത്തുള്ളതിനാൽ  കെട്ടിടം നിർമിക്കുന്നതിന‌് തടസം നേരിട്ടിരുന്നു. ഇതിന‌് പരിഹാരം കാണാനും ജനപ്രതിനിധികൾക്കായില്ല. ഒടുവിൽ സർക്കാർ നിർദേശപ്രകാരം കലക്ടർ ഡോ. ഡി സജിത‌്ബാബു ഇടപെട്ടാണ‌് പ്രശ‌്നം പരിഹരിച്ച‌ത്‌.  
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി  28 ടോയ‌്‌ലറ്റും 12 മൂത്രപ്പുരയും നിർമിച്ചു. അടുക്കളയിൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറിയും കുട്ടികൾക്ക‌് കൈകഴുകാൻ പ്രത്യേക സൗകര്യവും ഒരുക്കി. കൂടാതെ 50,000 ലിറ്റർ  മഴവെള്ള സംഭരണിയും പമ്പ‌്ഹൗസും സ്ഥാപിച്ചു. ക്ലാസ‌്മുറികൾ  ടൈൽസ‌് പാകി മനോഹരമാക്കി.  മുറ്റം ഇന്റർലോക്ക‌് പാകലാണ്‌ ഇനി നടക്കാനുള്ളത‌്. മുറ്റത്തെ മരങ്ങൾക്ക്‌ ചുറ്റും തറകെട്ടി ഗ്രാനൈറ്റ‌് പാകി. നവംബർ ആദ്യവാരം ഉദ‌്ഘാടനം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ‌് പ്രവൃത്തിചെയ്യുന്ന  ഊരാളുങ്കൽ ലേബർ കോൺട്രാക്ട‌് കോ–- ഓപ്പറേറ്റീവ്‌ സൊസൈറ്റി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top