27 November Sunday

കാഞ്ഞങ്ങാടിനെ ചുവപ്പിച്ച്‌ മഹാറാലി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും കേരള വികസന മാതൃക ഉയർത്തിക്കാട്ടാനുമായി സിപിഐ എം ചൊവ്വ വൈകിട്ട്‌ കാഞ്ഞങ്ങാട്‌ നഗരത്തിൽ സംഘടിപ്പിച്ച ബഹുജന റാലി സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും കേരള വികസന മാതൃക ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് സിപിഐ എം ചൊവ്വ വൈകിട്ട്‌ കാഞ്ഞങ്ങാട്‌ നഗരത്തിൽ സംഘടിപ്പിച്ച മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. കാഞ്ഞങ്ങാട്‌ മാന്തോപ്പ്‌ മൈതാനിയിൽ നിന്നാരംഭിച്ച റാലി നോർത്ത് കോട്ടച്ചേരിയിൽ സമാപിച്ചു.
മൂന്നുവരിയായി ഏരിയാകമ്മിറ്റികളുടെ ബാനറിന്‌ കീഴിലാണ്‌ പ്രവർത്തകർ അണിനിരന്നത്‌. വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും  തൊഴിലും നൽകാൻ കേന്ദ്രനയങ്ങൾ തിരുത്തുക, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബദൽനയങ്ങൾ ഉയർത്തിക്കാട്ടുക,  പൊതുസ്വത്ത് വിറ്റുതുലക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. 
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ, ജില്ലാസെക്രട്ടറിയറ്റ്‌ അംഗങ്ങൾ, ജില്ലാകമ്മിറ്റിയംഗങ്ങൾ എന്നിവർ മുൻ നിരയിൽ റാലി നയിച്ചു. തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്‌, എളേരി, പനത്തടി, ഉദുമ, ബേഡകം, കാറഡുക്ക, കാസർകോട്‌, മഞ്ചേശ്വരം, കുമ്പള ക്രമത്തിലാണ്‌ ഏരിയാകമ്മിറ്റികൾ റാലിയിൽ അണിനിരന്നത്‌. സ്‌ത്രീകളടക്കം വൻജനാവലി  ചെങ്കൊടിയേന്തി വീഥികളെ ചുവപ്പിച്ച്‌ മുന്നേറി.
നോർത്ത്‌ കോട്ടച്ചേരിയിൽ മരത്തണലിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു പൊതുയോഗം. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്  ദിനേശൻ  ഉദ്ഘാടനം ചെയ്‌തു. മുതിർന്ന നേതാവ്‌ പി കരുണാകരൻ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്‌ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ രാജ്‌ മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ കെ വി കുഞ്ഞിരാമൻ, സാബു അബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ എന്നിവരും പങ്കെടുത്തു. 

ഗവർണറെ ഇറക്കിയത്‌ കേരള ബദലിനെ തകർക്കാൻ

കാഞ്ഞങ്ങാട്‌
രാജ്യമാകെ ഉറ്റുനോക്കുന്ന കേരള ബദലിനെ തകർക്കാൻ പലവിധത്തിലുള്ള വഴികളാണ്‌ സംഘപരിവാർ ശക്തികൾ പരീക്ഷിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ  പറഞ്ഞു. കാഞ്ഞങ്ങാട്‌ സിപിഐ എം റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തിലെ അന്വേഷണം നീണ്ടാൽ സ്വർണം ഇറക്കിയതും വാങ്ങിയതും ആരാണെന്നത്‌ പുറത്തുവരും. അത്‌ മറച്ചുവയ് ക്കാനാണ്‌ ഈ കേസിൽ പുകമറ സൃഷ്ടിക്കുന്നത്‌. ഇതിലൂടെ ഈ സർക്കാരിനെ തകർക്കാൻ കഴിയില്ലായെന്ന്‌ ബോധ്യമായപ്പോഴാണ്‌ ഇപ്പോൾ ഗവർണറെ രംഗത്തിറക്കിയത്‌. ഏന്തെങ്കിലും സ്വന്തമായി തീരമാനമെടുക്കാൻ ഗവർണർ പദവിക്ക്‌ പറ്റില്ല. മന്ത്രിസഭ തീരുമാനിക്കുന്നതിന്‌ ഒപ്പിടാൻ മാത്രമേ കഴിയൂ. അത്‌ ചെയ്യാതെ ഫയലുകളെല്ലാം പിടിച്ചുവച്ച്‌ അട്ടിയട്ടിയായി വയ്ക്കുകയാണ്‌. രാജ്യത്തിനാകെ മാതൃകയായ കേരള ബദലിനെ തകർക്കാനും ഭരണനേട്ടങ്ങളുടെ വേഗം കുറയ്ക്കാനുമാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.  
കേരള വികസനം വൈകിപ്പിക്കാൻ ബിജെപിക്കൊപ്പം കേരളത്തിലെ കോൺഗ്രസ്‌ എംപിമാരും പാർലമെന്റിൽ ശ്രമിക്കുകയാണ്‌.  രാഹുൽ ഇപ്പോൾ നടത്തുന്ന യാത്രയിൽ ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ ഒന്നുപോലും ഉന്നയിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ലെന്നും പുത്തലത്ത് ദിനേശൻ ചൂണ്ടിക്കാട്ടി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top