20 October Tuesday

നീലേശ്വരം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം 28ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
കാസർകോട്‌
നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിക്ക് എൻഡോസൾഫാൻ  പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടം ആരോഗ്യ  മന്ത്രി കെ കെ ശൈലജ ഈ മാസം 28ന്‌ പകൽ 2.30ന് വീഡിയാ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.ലോകസഭാംഗമായിരുന്ന പി കരുണാകരൻ മുൻകൈ എടുത്ത് എൻഡോസൾഫാൻ പാക്കേജിൽ ഉൾപ്പെടുത്തി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 2.13കോടി രൂപ ചെലവഴിച്ചാണ് രണ്ട് നിലയിൽ  നിർമാണം പൂർത്തിയാക്കിയത്. 
കാസർകോട്  വികസന പാക്കേജിൽ ഉൾപ്പെടുത്തി കെട്ടിടത്തിൽ വൈദ്യുതി സംവിധാനം ഒരുക്കുന്നതിന്  ആവശ്യമായ 20 ലക്ഷം രൂപ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അനുവദിച്ചത് പുതിയ കെട്ടിടത്തിൽ സമയബന്ധിതമായി വൈദ്യൂതീകരണ ജോലി പൂർത്തിയാക്കാൻ സഹായകമായി. ഇതിനു പുറമെ നീലേശ്വരം നഗരസഭയുടെ തനത്ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടത്തിനനുബന്ധമായി പുതിയ ട്രാൻസ്‌ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. 
പുതിയ കെട്ടിടത്തിൽ ഡയാലിസിസ് ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. നഗരസഭ  മുൻകൈയെടുത്ത് ഫിസിയോ തെറാപ്പി യൂണിറ്റിന്റെ പ്രവർത്തനം അടുത്ത കാലത്ത് തുടങ്ങിയിട്ടുണ്ട്.
പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം താലൂക്കാശുപത്രിയിൽ ഇപ്പോഴത്തെ സ്‌പെഷ്യാലിറ്റി വിഭാഗമായ ശിശുരോഗം, പ്രസവ ശ്രുശ്രൂഷ, ജനറൽ മെഡിസിൻ, ദന്തരോഗം എന്നിവയ്ക്ക് പുറമെ  മറ്റ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ കൂടി ഇവിടെ തുടങ്ങുവാനുള്ള ശ്രമത്തിലാണ് നീലേശ്വരം നഗരസഭ.
ഈ താലൂക്ക് ആശുപത്രി മൂന്ന് വർഷം തുടർച്ചയായി സംസ്ഥാനതലത്തിൽ കായകൽപ്പം അവാർഡിന് അർഹമായിട്ടുണ്ട്. 24 മണിക്കൂറും കാഷ്യാലിറ്റി സൗകര്യമുള്ള നീലേശ്വരം താലൂക്ക് ആശുപത്രി രോഗീ സൗഹൃദ ആശുപത്രിയെന്ന ജനകീയ അംഗീകാരമുള്ള ഒരു സ്ഥാപനമാണ്.  ജില്ലയിൽ ഏക ഡി.അഡിക്ഷൻ സെന്റർ പ്രവർത്തിച്ചു വരുന്ന ഈ ആശുപത്രിയിൽ എക്‌സ്‌റേ യൂണിറ്റ്  നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top