19 September Sunday

വീടും സ്ഥലവും കാണിച്ച്‌ 
20 ലക്ഷം രൂപ തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

കാസർകോട്‌

സ്ഥലവും വീടും കാണിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആലംപാടി ബാഫഖി നഗറിൽ  ഏഴര സെന്റ്‌ സ്ഥലവും വീടും കാണിച്ച്   20 ലക്ഷം രൂപ തട്ടിയെടുത്ത്‌ വഞ്ചിച്ചതായി ആലംപാടിയിലെ എ ബി അലീമത്ത്‌ തസ്‌നി കാസർകോട്‌ ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി. കൂഡ്‌ലു രാംദാസ്‌ നഗറിലെ പി സി നൗഷാദ്‌, കൂഡുലുവിലെ മുഹമ്മദ്‌ സത്താർ എന്നിവർക്കെതിരെയാണ്‌ പരാതി. നിരവധി പേരെ  തട്ടിപ്പിനിരയാക്കിയതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മീപ്പുഗുരിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന നൗഷാദ് സഹോദരന്റെ ഭാര്യയുടേയും മറ്റൊരു സഹോദരന്റെ മകന്റെയും പേരിലുള്ള സ്ഥലത്തിന്റെ രേഖകൾ കാണിച്ചാണ് തസ്‌നിയുടെ ഭർത്താവ്‌ ഉളിയത്തടുക്കയിലെ മുഹമ്മദ് സമീർ, മേൽപറമ്പിലെ നസീർ എന്നിവരിൽ നിന്ന്‌ പണം തട്ടിയത്‌. അഞ്ച്‌ ലക്ഷം രൂപ മുൻക്കൂറായി വാങ്ങി വീടിന്റെ താക്കോൽ നൽകി. പിന്നീട്‌ 15 ലക്ഷം രൂപയും വാങ്ങി. കോവിഡ്‌ നിയന്ത്രണം കാരണം സ്‌റ്റാമ്പ്‌ പേപ്പർ കിട്ടാത്തതിനാൽ എഗ്രിമെന്റ് എഴുതി തരാൻ നിർവാഹമില്ലെന്ന്‌ നൗഷാദും കൂടെയുള്ളവരും  വിശ്വസിപ്പിച്ചു. 
     പിന്നീട്‌ ആധാരം ആവശ്യപ്പെട്ടപ്പോൾ എട്ട് മാസമായി താമസിക്കുന്ന  വീട്ടിൽ നിന്ന്‌ ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു. വീടിന്റെ അടുക്കള ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട്‌പുതുക്കിയിരുന്നു. നിർമാണ ആവശ്യത്തിന് എടുത്തിരുന്ന വൈദ്യുതി വിച്ഛേദിപ്പിച്ചു. പുതിയ കണക്ഷൻ എടുക്കാനും സമ്മതിച്ചില്ല.  നിരന്തരമായ ഭീഷണിയും മാനസിക പീഡനവും കാരണം തസ്‌നിയയുടെ ഗർഭസ്ഥ ശിശു മരിച്ചതായി കാഞ്ഞങ്ങാട് ആശുപത്രിയിൽ പരിശോധനയിൽ വ്യക്തമായി.  വീടും സ്ഥലവും രജിസ്റ്റർ ചെയ്‌തു കിട്ടണമെന്നും മകളുടെ ഗർഭസ്ഥ ശിശു മരിക്കാനിടയായ മാനസിക പീഡനത്തിന്‌ കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട്  കലക്ടർ, ജില്ലാ പൊലീസ്‌ മേധാവി, കാസർകോട് ഡിവൈഎസ്‌പി, വിദ്യാനഗർ പൊലീസ്‌, സംസ്ഥാന വനിതാ കമീഷൻ എന്നിവർക്ക് പരാതി നൽകി. തട്ടിപ്പിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌  ആക്ഷൻ കമ്മിറ്റി സമരത്തിന്‌ നേതൃത്വം നൽകുമെന്ന്‌ ഭാരാവഹികൾ അറിയിച്ചു. ചെയർമാൻ സുബൈർ പടുപ്പ്‌, ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടംഞ്ചാൽ, തട്ടിപ്പിനിരയായ ബീഫാത്തിമ, നസീർ മേൽപറമ്പ്, മൊയ്‌തു ഉളിയത്തടുക്ക എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top