25 August Sunday

18‐-ാം മണിക്കൂറിൽ ജീവിതത്തിലേക്ക‌്

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

അമ്പാടി വെളിച്ചപ്പാടനെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ രക്ഷിക്കുന്നു

നീലേശ്വരം
മരണത്തിന്റെ കയത്തിൽ നിന്നത് അവർ 18 മണിക്കൂർ. മല വെള്ളത്തിന്റെ കനിവ് കാത്ത് വൃദ്ധനായ വെളിച്ചപ്പാടനും മകനും ഒരു വീട്ടിൽ. മറ്റൊരു വീട്ടിൽ ഗർഭിണിയായ യുവതിയും മകനും അമ്മയും. ആകാംക്ഷയുടെ മുൾമുനയിൽ നാട്ടുകാരും. മടിക്കൈ കക്കാട്ട് പള്ളത്തുവയലിലെ വളപ്പിൽ അമ്പാടി വെളിച്ചപ്പാട് (92), മകൻ രാധാകൃഷ്ണൻ, കക്കാട്ട് ആറ്റിപ്പിലെ നാരായണി (65), മകളും ഗർഭിണിയുമായ പ്രമീള (38), പ്രമീളയുടെ മകൻ വിശാൽ (4) എന്നിവരാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ രണ്ടു വീടുകളിലായി കുടുങ്ങിയത്. വൈകുന്നേരം വരെ സാധാരണ വെള്ളമേ ഉണ്ടായിരുന്നുള്ളു. രാത്രിയിലാണ് പെട്ടന്ന് ഒഴുക്കും ജലനിരപ്പും ഉയർന്നത്. വൃദ്ധനായ അച്ഛനെ എടുത്ത് രാധാകൃഷ്ണനോ ഗർഭിണിയായ മകളെയും കൂട്ടി നാരായണിക്കോ വീട്ടിൽ നിന്നും പുറത്തിറങ്ങാനായില്ല. ഇവരുടെ നിലവിളിയും കോരിച്ചൊരിയുന്ന മഴയിൽ ആരും കേട്ടില്ല.
   പ്രദേശവാസികൾ സംശയം തോന്നി വീടുകൾ പരിശോധിച്ചപ്പോഴാണ് വീട്ടിലുള്ളവരെ കുറിച്ചറിഞ്ഞത്. ഉടൻ നീലേശ്വരം പൊലീസിലും കാഞ്ഞങ്ങാട് ഫയർസ് സ്റ്റേഷനിലും വിവരം പറഞ്ഞു. രാത്രി ഫയർ ഫോഴ്‌സ് എത്തിയെങ്കിലും കരയിൽ നിന്നും ഏറെ ദൂരമുള്ള വീടുകളിൽ നിന്നും ഇവരെ കൊണ്ടുവരാൻ കഴിഞ്ഞില്ല. ഇവരെ വീടിന്റ തട്ടിൻപുറത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ കാഞ്ഞങ്ങാട് ഫയർഫോഴ്‌സ് അസിസ്റ്റന്റ് ഓഫീസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വടംകെട്ടി വലിയ ചെമ്പ് പാത്രത്തിലിരുത്തി ഇവരെ കരക്കെത്തിക്കുകയായിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top