22 August Thursday

നേരിടാൻ ജില്ല സുസജ്ജം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കാസർകോട‌്
കാലവർഷക്കെടുതി നേരിടാൻ ജില്ലാ സുസജ്ജമെന്ന് കലക്ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. അപ്രതീക്ഷിതമായാണ് ജില്ലയിൽ അതിശക്തമായ മഴ പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും മുന്നറിയിപ്പ് നൽകിയതിനാൽ കെടുതികൾ നിയന്ത്രിക്കാൻ കഴിഞ്ഞു.  ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം. 
റവന്യു, തീരദേശ പോലീസ്, ഫിഷറീസ്, ഫയർഫോഴ്‌സ്, പോലീസ് സംവിധാനങ്ങൾ ഏത് അടിയന്തര സാഹചര്യങ്ങൾ നേരിടുവാനും തയ്യാറാണ്. രക്ഷാപ്രവർത്തനത്തിന് നീലേശ്വരം അഴീത്തലയിൽ റെസ്‌ക്യു ബോട്ടും കാസർകോട് കീഴൂരിൽ വലിയ വള്ളവും സജ്ജമാണ്. പരിശീലനം ലഭിച്ച രക്ഷാഭടന്മാരെയും ഏതു സാഹചര്യവും നേരിടാൻ തയ്യാറാണ്. തീരദേശ പോലീസും ജാഗ്രത പാലിക്കുന്നുണ്ട്.
മധൂർ പട്‌ല പാടത്തുനിന്നും വെള്ളം കയറിയതിനെ തുടർന്ന് 33 കുടുംബങ്ങളെ പ്രദേശത്തുനിന്നും ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മാറ്റി. 40 ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഉൾപ്പെടെയുള്ള കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കും മറ്റുമായി മാറ്റിയത്. പരപ്പ വില്ലേജിലെ മുണ്ടത്തടുക്കം ക്വാറിയിൽ ഡ്രൈനേജിന്റെ കരയിൽ താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. 
മഴ ശക്തമായതിനാൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയക്കാൻ നിർദേശം നൽകി. വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്കു ചുറ്റും സുരക്ഷാസംവിധാനം ഏർപ്പെടുത്തണം. വിദ്യാലങ്ങൾക്ക് സമീപമുള്ള ക്വാറികളിൽ പ്രത്യേക ജാഗ്രത പാലിക്കുവാൻ ജിയോളജിസ്റ്റിനും വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകി. കടലാക്രമണം നേരിടാൻ ജിയോ ബാഗുകൾ ഉപയോഗിക്കാൻ ജലസേചന വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top