04 August Wednesday

തൃക്കരിപ്പൂർ മണ്ഡലത്തിൽ പദ്ധതികൾക്ക്‌ വേഗം കൂടും

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
വെള്ളരിക്കുണ്ട്    
ജില്ലയിലെ  തന്നെ ഏറ്റവും വലിയ പദ്ധതിയായ ചെറുവത്തൂർ - ചീമേനി - നല്ലോംപുഴ - ചിറ്റാരിക്കൽ - ഭീമനടി റോഡ് പ്രവൃത്തിയുൾപ്പെടെ തൃക്കരിപ്പൂർ മണ്ഡലത്തിലെ കിഫ്ബിയിൽ ഉൾപ്പെടുത്തിയ മുഴുവൻ പദ്ധതികളും പെട്ടെന്ന്‌ തീർക്കും.
കിഫ്ബി ഉന്നതതല യോഗം ചേർന്ന്‌ നടപടി സ്വീകരിച്ചതായി എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. സിഇഒ ഡോ. കെ എം അബ്രഹാം ഉൾപ്പെടെയുള്ള മുതിർന്ന  ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. 
ചെറുവത്തൂർ, കയ്യൂർ -ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ -കരിന്തളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 58.88 കിലോമീറ്റർ ദൂരമുള്ള പിഡബ്ല്യുഡി ലിങ്ക് റോഡാണ്‌ കിഫ്ബിയിൽ ഉൾപ്പെടുത്തി 98 കോടിരൂപ ചിലവിൽ നിർമിക്കുന്നത്.  ആദ്യ റീച്ചിൽ ഞാണങ്കൈ മുതൽ ചീമേനി വരെ ഏഴ് മീറ്റർ വീതിയിലും തുടർന്ന് 5.5മീറ്റർ വീതിയിലും മെക്കാഡാം ടാറിങ്ങ് നടത്തും. ഇരുവശത്തും ഒരു മീറ്റർ വീതിയിൽ ഡ്രയിനേജും 39കിലോമീറ്റർ കോൺക്രീറ്റ് നടപ്പാതയും  നിർമിക്കും. 47പുതിയ കലുങ്ക്‌, ബാരിയർ, പ്രധാന ടൗണുകളിൽ കൈവേലി എന്നിവയും നിർമിക്കും. വലിയ കയറ്റം  കുറക്കും. 34 പഴയ കലുങ്കുകൾ നന്നാക്കും.  കരാറുകാരന്റെ അനാസ്ഥയിൽ  റോഡിന്റെ പണി മന്ദഗതിയിലായതിനാലാണ്‌ എംഎൽഎ  കിഫ്ബി അധികൃതരുടെ യോഗം വിളിച്ചത്‌. 
നീലേശ്വരം– - എടത്തോട് 
റോഡും ചർച്ചയായി
തൃക്കരിപ്പൂർ - കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ പെടുന്ന നീലേശ്വരം - എടത്തോട് റോഡ് നിർമ്മാണ പ്രതിസന്ധിയും യോഗം ചർച്ച ചെയ്തു. 
തൃക്കരിപ്പൂർ മണ്ഡലത്തിലെ മറ്റു കിഫ്ബി പദ്ധതികളായ നീലേശ്വരം രാജാ റോഡ്, കച്ചേരിക്കടവ് പാലം, രാമൻചിറ പാലം , ഭീമനടി കാലിക്കടവ് പാലം, മാടക്കാൽ റോഡുപാലം, തെക്കേക്കാട് പടന്നക്കടപ്പുറം പാലം തുടങ്ങിയ പദ്ധതികൾ  ത്വരിതപ്പെടുത്താനും യോഗം  തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top