18 August Sunday

ആവേശക്കടലിൽ മനം നിറഞ്ഞ് യെച്ചൂരി

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
കാലിക്കടവ്
കയ്യൂർ സഖാക്കളുടെ സ്മരണയിൽ മലയാള സംബോധന; മനം നിറഞ്ഞ് യച്ചൂരി. ആട്ടവും പാട്ടും കൊഴുപ്പിച്ച സായന്തനത്തിലേക്കാണ് ഇടതുപക്ഷത്തിന്റെ പടനായകൻ വന്നിറങ്ങിയത്. അലകടൽ പോലെ ആവേശം ഇൻക്വിലാബാൽ മുഖരിതം. ഹാരാർപണങ്ങൾ ഏറ്റുവാങ്ങിയ ശേഷം എൽഡിഎഫ‌് തൃക്കരിപ്പൂർ മണ്ഡലം റാലി ഉദ്ഘാടനം ചെയ്യാൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. പ്രിയമുള്ള സഖാക്കളെ സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്തപ്പോൾ സദസ്സിൽ കരഘോഷം. ഇപ്പോഴത്തെ എംപി പി കരുണാകരനും ഭാവി എംപി സതീഷ്ചന്ദ്രനും എന്ന് തുടങ്ങി സംഭാഷണം ആരംഭിച്ചപ്പോൾ വീണ്ടും ജനക്കൂട്ടം ആവേശത്തിൽ. നാൽപത് വർഷം മുമ്പ് വിദ്യാർഥി കാലം തൊട്ട്  സതീഷ് ചന്ദ്രനെ എനിക്ക് പരിചയമുണ്ട്. രക്തസാക്ഷികളുടെ മണ്ണാണിവിടം. എല്ലാ മനുഷ്യർക്കും വേണ്ടി പരമോന്നത ജീവിതാർപണം നടത്തിയ കയ്യൂർ രക്തസാക്ഷികൾ യുവതലമുറക്ക് പ്രചോദനമാണ്. ആർഎസ്എസിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ കേരള മാതൃകയിലാണ് മാതൃക തീർക്കുന്നത്. കോൺഗ്രസിനെയും ആർ എസിഎസിനേയും നിശിതമായി വിമർശിച്ച യച്ചൂരി രാജ്യത്തിന് ഇടതുപക്ഷമാണ് ബദലെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് 20 എൽഡിഎഫ‌് സ്ഥാനാർഥികളെയും വിജയിപ്പിച്ച് സ്വാധീനം വർധിപ്പിക്കണം. കോൺഗ്രസ് പ്രസിഡന്റിന്റെ മുത്തശി ചിക്മഗ്ളൂരിലും അമ്മ ബല്ലാരിയിലും മത്സരിച്ചത് ബിജെപിക്കെതിരായിരുന്നു. എന്നാൽ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ എന്ത് സന്ദേശമാണ് നൽകുന്നത്. നരേന്ദ്ര മോദിയെ ശക്തമായി വിമർശിക്കാനും യച്ചൂരി തയ്യാറായി. കേരളത്തിന്റെ മൂല്യവും സംസ്കാരവും സംരക്ഷിക്കുമെന്ന് പറയുന്ന മോഡി ആർഎസ്എസ് പിന്തുടരുന്ന മനുഷ്യത്വ വിരുദ്ധമായ സംസ്കാരം കേരളത്തിൽ ചിലവാക്കേണ്ട. മാനവികതയുടെ രാഷ്ട്രീയമാണ് കേരളം ഉയർത്തിപ്പിടിക്കുന്നത്. മഹാഭാരതത്തിലെ കൗരവപക്ഷത്തെ ദുര്യോദനന്റെയും ദുശ്ശാസനന്റെയും വേഷത്തിലാണ് മോഡിയും അമിത് ഷായും. തങ്ങളെ തോൽപ്പിക്കാനാവില്ലന്നാണ് അമിത് ഷാ വീമ്പിളക്കുന്നത്. എന്നാൽ അഞ്ച് പേരടങ്ങിയ പാണ്ഡവർ കൗരവരെ പരാജയപ്പെടുത്തിയത് പോലെ ഞങ്ങൾ നിങ്ങളെ തോൽപ്പിക്കും. ഇന്ത്യയിൽ ബിജെപിയെ ആശയപരമായും രാഷ്ടീയപരമായും നേരിടാൻ ഇടതുപക്ഷം മാത്രമാണ്. ഇന്ത്യൻ പാർലിമെന്റിലെ പഴയ കോൺഗ്രസുകാരായ 112 പേരെയും കൊണ്ടാണ് മോഡി പ്രധാനമന്ത്രിയായത്. ബാലാക്കോട്ട് ഭീകരാക്രമത്തിലും മറ്റും കാവൽക്കാരനും രക്ഷകനുമായി ചമയുന്ന മോഡി ബഹിരാകാശത്തു തന്നെ നിൽക്കുന്നതാണ് ഉത്തമമെന്നും യച്ചൂരി പറഞ്ഞു. 
കാലിക്കടവിൽ സംഘടിപ്പിച്ച റാലി വിവിധ പരിപാടിയുടെ കലാവിരുന്നായി. ബാലസംഘം കുട്ടികളുടെ തെരുവ് നാടകം, ഡിവൈഎഫ്ഐ ക്ലായിക്കോട് വില്ലേജ് കമ്മിറ്റിയുടെ പുരക്കളി, എസ്എഫ്ഐ യുടെ ഫ്ളാഷ് മോബ്, ശിവഗംഗയുടെ നൃത്തം എന്നിവയുണ്ടായി. ചിത്രകാരൻ അശോകൻ വരച്ച യച്ചൂരിയുടെ ഛായാചിത്രം കൈമാറി. രാഷ്ട്രീയത്തിലെ മറവികളും ഓർമ്മപ്പെടുത്തലും എന്ന വിഷയത്തിൽ കലാപീഠം ഒരുക്കിയ ചിത്രക്യാമ്പിലെ കുട്ടികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ വിവി കൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ എംപി, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, മന്ത്രി ഇ ചന്ദ്രശേഖരൻ,  എം രാജഗോപാലൻ എംഎൽഎ, പാർലിമെന്റ് മണ്ഡലം സെക്രട്ടറി ടി വി രാജേഷ്,  കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, കെ ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഇ കുഞ്ഞിരാമൻ, കെ സുധാകരൻ, എം വി കോമൻ നമ്പ്യാർ, അസീസ് കടപ്പുറം, പി വി ഗോവിന്ദൻ, പി പി അടിയോടി, ജോൺ ഐമൺ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് എന്നിവർ സംസാരിച്ചു. കെ പി വത്സലൻ സ്വാഗതം പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top