27 February Thursday

മംഗളൂരുവിലെ പ്രതിഷേധം കർണാടക പൊലീസിന്റെ നടപടി ഫാസിസം: എം വി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
കാസർകോട്‌ 
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി തൊട്ടടുത്ത പ്രദേശമായ മംഗളൂരുവിലേക്ക്‌ പോകുന്ന മലയാളികൾക്കെതിരെ   നടപടി സ്വീകരിക്കാനുള്ള കർണാടക പൊലീസിന്റെ തീരുമാനം തനി ഫാസിസമാണെന്നും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും സിപിഐ എം ജില്ല സെക്രട്ടറി എം  വി ബാലകൃഷ്‌ണൻ പറഞ്ഞു. പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ഉയർന്ന കഴിഞ്ഞ ഡിസംബർ 19ന്‌ മംഗളൂരുവിലുണ്ടായിരുന്നവരുടെ  മൊബൈൽ ഫോൺ നമ്പർ പരിശോധിച്ചു കേരളീയരായ 2000ത്തോളം പേർക്ക്‌   കർണാടക പൊലീസ്‌   നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌.   
വിദ്യാർഥികൾ, ആശുപത്രികളിൽ പോകുന്നവർ, സ്‌ത്രീകൾ, കുട്ടികൾ എയർപോർട്ടിൽ പോകുന്നവർ, വിവിധ തൊഴിലെടുക്കുന്നവർ എന്നിവരോടൊക്കെ മംഗളൂരുപൊലീസിന്‌ മുന്നിൽ ഹാജരാവാൻ ഉത്തരവിട്ടുണ്ട്‌.    മംഗളൂരുവിൽ  പോയി എന്ന ഒറ്റ കാരണത്താൽ എല്ലാവരെയും കുറ്റവാളികളായി കാണുന്നത്‌ കേട്ടുകേൾവിയില്ലാത്തതാണ്‌. ജാമ്യം കിട്ടാത്ത 20ഓളം വകുപ്പുകൾ ഉൾപ്പെടുത്തി തുറുങ്കിലടക്കുമെന്നാണ്‌  ഭീഷണിപ്പെടുത്തുന്നത്‌.   അയൽസംസ്ഥാനത്തിലെ ഭരണസംവിധാനത്തെ പോലും അറിയിക്കാതെയുള്ള നടപടി   ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്‌.  കർണാ ടകയിലെയും കേരളത്തിലെയും ജനങ്ങൾ പരസ്‌പര സ്‌നേഹത്തോടെ ജീവിക്കുന്നവരാണ്‌. ഇരു സംസ്ഥാനത്തുമുള്ളവർ പലകാര്യങ്ങളിലും അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിക്കാറുണ്ട്‌. 
കേരളത്തിന്റെ വടക്കൻ ജില്ലകളിലുള്ളവർ വിദ്യാഭ്യാസത്തിനും ചികിൽ്സക്കും കാലാകാലങ്ങളായി ആശ്രയിക്കുന്ന നഗരമാണ്‌ മംഗളൂരു. നിത്യവും ആയിരക്കണക്കിനാളുകൾ പോവുകയും വരികയും ചെയ്യുന്നു. ആ സുദൃഢബന്ധത്തിന്‌ ഇതുവരെ തടസ്സമുണ്ടായിട്ടില്ല.  
രാഷ്‌ട്രീയ താൽപര്യം വച്ചു അത്‌ തകർക്കാനുള്ള ബിജെപി സർക്കാരിന്റെ നീക്കം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ വകവച്ചു തരില്ല. സമാധാനവും സഹവർത്തിത്തവും ആഗ്രഹിക്കുന്ന ജനങ്ങൾ ഈ നീക്കത്തിനെതിരെ  ശക്തമായി രംഗത്ത്‌ വരണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top