19 September Thursday

കൂക്കൾ രാഘവന്‌ 
ഹരമാണ്‌ നാടകം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

കയ്യൂർ നാടകത്തിൽ കൂക്കൾ രാഘവൻ നിലേശ്വരം തമ്പുരാന്റെ വേഷത്തിൽ

രാജപുരം
ചമയങ്ങളണിഞ്ഞ് മറ്റൊരാളായി വേദികളിൽ കൂക്കൾ രാഘവൻ നിറഞ്ഞാടാൻ തുടങ്ങിയിട്ട്‌ 46 വർഷമായി.  കഠിനാധ്വാനത്തിന്റെ  പകലറുതിയിൽ അവതരണങ്ങൾ സജീവമാകുന്ന സായാഹ്നങ്ങളിൽ കലയുടെ ഓളങ്ങളൊടുങ്ങാത്ത സമയത്തായിരുന്നുകുട്ടിക്കാലം.1977 ൽ 16–-ാം വയസിൽ   പി അയ്യനേത്ത് എഴുതി പനത്തടി വിജയകലാസമിതി അവതരിപ്പിച്ച ‘ഗാണ്ഡീവ’ത്തിൽ  വേഷമിട്ടതിനുശേഷം  ഇദ്ദേഹത്തിന്‌ വിശ്രമമുണ്ടായില്ല.  
അമച്വർ നാടകോത്സവം മുന്നാട് നടക്കുമ്പോൾ ഈ  പനത്തടി സ്വദേശിക്കുമുണ്ട്‌ ഏറെ ഓർമകൾ. നാട്ടിലും വിദേശത്തും നാടകം അവതരിപ്പിച്ച  രാഘവൻ പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ടും നാടകത്തോടുള്ള താൽപ്പര്യം അവസാനിപ്പിച്ചിട്ടില്ല.  1987ൽ ഷാർജയിലെ ‘മാസ്’ അവതരിപ്പിച്ച  ‘ഡ്യൂപ്ലിക്കേറ്റ്’ നാടകത്തിൽ അഭിനയിച്ചു.പിന്നീട് മാസിന്റെ എല്ലാ നാടകങ്ങളിലും അബുദാബി ശക്തി തീയേറ്റേർസിന്റെ ഭരത് മുരളി നാടകോത്സവത്തിലും  പങ്കെടുത്തു. റാസൽ ഖൈമ ചേതനയുടെ ‘ഒറ്റമുറി’, കയ്യൂർ സമരസഖാക്കളുടെ കഥ പറയുന്ന ‘കയ്യൂർ’ നാടകത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പനത്തടി വിജയ കലാസമിതിയുടെ ദുഖസാമ്രാജ്യം, ജ്വലനം, സൂര്യാവർത്തം, സർഗക്ഷേത്രം, നീലക്കടൽ, വൃത്തം, കറക്ക് കമ്പനി തുടങ്ങി നിരവധി നാടകങ്ങളിൽ വേഷമിട്ടു. അട്ടേങ്ങാനം രചന തിയേറ്റേർസ്, ചുള്ളിക്കര പ്രതിഭ, ഭാവനാ തിയറ്റേഴ്‌സ്, നീലേശ്വരം ജനത കലാസമിതി, സംയുക്ത,കാഞ്ഞങ്ങാട് കാകളി  എന്നിവയുടെ വിവിധ നാടകങ്ങളിൽ വേഷമിട്ടു.  യുഎഇയിലെ മാർത്തോമ്മാ ചർച്ചിൽ അവതരിപ്പിച്ച ബൈബിൾ നാടകമായ അഗ്നിസാക്ഷിയിലും,  ദുബായ് നയനയുടെ വിലാപപക്ഷികളിലും.  ടി പത്മനാഭന്റെ ‘നിധിചാലസുഖമാ’ കഥയുടെ നാടകഭാഷ്യത്തിൽ പ്രധാന വേഷത്തിലും അഭിനയിച്ചു.    2022 ൽ പനത്തടി വിജയകലാസമിതിയുടെ ‘മഞ്ഞ് പെയ്യുന്ന മനസാണ്‌ ’അവസാനം അഭിനയിച്ച നാടകം.  20 ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.  ജേക്കബിന്റെ സ്വർഗ്ഗരാജ്യം, തൃശ്ശിവപേരൂർ ക്ലിപ്തം, കക്ഷി അമ്മിണിപ്പിള്ള, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, മൂന്നാംപ്രളയം, സർക്കാസ് സിർക്ക, ദി ലാസ്റ്റ്, ഹെലൻ, കനകംകാമിനി കലഹം, നാരദൻ, മധുരരാജ, പ്രകാശൻ പറക്കട്ടെ പ്രിയൻ ഓട്ടത്തിലാണ്  തുടങ്ങിയ സിനിമകളിലും വേഷമിട്ടു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top