19 September Thursday

ഇതാ, കുട്ടിക്കൂട്ടത്തിന്റെ മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
കാഞ്ഞങ്ങാട് 
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാൻ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കാനുള്ള സവിശേഷ പ്രൊജക്ട് അവതരിപ്പിച്ച ആദർശിനെ മാതൃകയാക്കി മേലാങ്കോട്ടെ കുട്ടിക്കൂട്ടം .തിരുവനന്തപുരം വ്ലാത്തങ്കര ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയായ ആദർശ് എൽപിക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് തനിക്ക് കിട്ടുന്ന പോക്കറ്റ് മണി സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വന്ന വാർത്തയാണ്‌ പ്രചോദനം. 
സ്വാതന്ത്യ സമര സേനാനി എ സി കണ്ണൻ നായരുടെ നാമധേയത്തിലുള്ള കാഞ്ഞങ്ങാട്ടെ  മേലാങ്കോട്ട് ഗവ.യുപി.സ്കൂളിലെ ഒരു കൂട്ടം  വിദ്യാർഥികളാണ് ആദർശിനെ മാതൃകയാക്കി  ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ   വേറിട്ട വഴി കണ്ടെത്തിയത്. 
സ്വാതന്ത്ര്യ ദിനത്തിൽ കീക്കാങ്കോട്ടും നീലേശ്വരത്തും  നടന്ന ജില്ലാതല ക്വിസ് മത്സരങ്ങളിൽ യു പി വിഭാഗത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ആയുഷ് മധു, ശ്രീനന്ദൻ കെ രാജ്, ആനന്ദ്കെ അരവിന്ദ്, രാമു ജയൻ ,അദ്വൈത് കെ അരവിന്ദ് എന്നിവർ സമ്മാനമായി കിട്ടിയ മുഴുവൻതുകയും  ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിന് പുറമെ  കൊച്ചു സമ്പാദ്യവും   നൽകാൻ പ്രധാനാധ്യാപകൻ  ഡോ.കൊടക്കാട് നാരായണനെ ഏല്പിച്ചു. 
രണ്ടാം ക്ലാസിലെ ശിവപ്രസാദ് തന്റെ പണക്കുടുക്കയിലെ 'മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് നൽകി.  മൂന്നാം തരത്തിലെ മണികണ്ഠൻ തന്റെ സമ്പാദ്യത്തോടൊപ്പം അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും സമാഹരിച്ച തുകയടക്കം 1410  രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.   ഇതിനകം 30000  രൂപ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു . കലക്ടറെ  തുക ഏല്പിക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top