20 August Tuesday

കല്ല്യോട്ട‌് സിപിഐ എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്നത‌് നുണ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
കാഞ്ഞങ്ങാട‌്
പെരിയ കല്ല്യോട്ട‌് 65 സിപിഐ എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നുവെന്നത‌് കല്ലുവച്ച നുണ. വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്നവരും കല്ല്യോട്ടെ കോൺഗ്രസ‌് ക്രിമിനൽ സംഘത്തിന്റെ തേർവാഴ‌്ചയിൽ  മനം മടുത്ത‌് പാർടി പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിന്നവരും ഇടക്കാലത്ത‌് പുരോഗമന പ്രസ്ഥാനങ്ങള‌ുമായി ബന്ധപ്പെട്ട‌്  പ്രവർത്തിച്ചിരുന്നവരുമായ 12  മുൻകാല കോൺഗ്രസ‌് പ്രവർത്തകരെ മാലയിട്ട‌് സ്വീകരിച്ചശേഷമാണ‌് സിപിഐ എം പ്രവർത്തകരായ 65 പേർ കോൺഗ്രസിൽ ചേർന്നുവെന്ന വാർത്ത പ്രചരിപ്പിച്ചത‌്. വാർത്ത ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ  മുക്കത്ത‌് വിരൽവെക്കുന്ന സ്ഥിതിയിലാണ‌്.  കല്ല്യോട്ടെ കൊലപാതകത്തിന്റെ മറവിൽ പുരോഗമന പ്രസ്ഥാനത്തെ ഇല്ലാതാക്കിക്കളയാമെന്ന‌് ധരിച്ച‌് ഇറങ്ങിപ്പുറപ്പെട്ട കോൺഗ്രസ‌് നേതൃത്വവും ഒരു സംഘം മാധ്യമങ്ങളും നടത്തിയ അവസാന നാടകമായിരുന്നു രാജിവാർത്ത. സ്വീകരണമേറ്റുവാങ്ങിയ ജോസ‌് പാറക്കുളം നാല‌് വർഷം മുമ്പ‌് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ‌് സിപിഐഎമ്മുമായി സഹകരിച്ചിരുന്നു. എന്നാൽ, പാർടി പ്രവർത്തനങ്ങളിലൊന്നും പങ്കാള‌ിയായിരുന്നില്ല. കോൺഗ്രസുകാരന്റെ വീട്ടിൽ താമസിക്കുന്ന ഷെൽബിയാണ‌് മറ്റൊരാൾ. പലരും ഭീഷണിക്ക‌് വഴങ്ങിയാണ‌്   സ്വീകരണ ചടങ്ങിനെത്തിയത‌്. താന്നിത്തോട്ടെ വേണുവാണ‌് മറ്റൊരാൾ. പരമ്പാരഗതമായി കോൺഗ്രസ‌് കുടുംബാംഗമാണ‌്. രാജിവെച്ചുവെന്നുപറയുന്ന മറ്റൊരാൾ വർഷങ്ങളായി കോൺഗ്രസുകാരനായി അറിയപ്പെടുന്ന ആളാണ‌്. സ്വീകരണ ചടങ്ങിൽ  പങ്കെുത്ത കൃഷ‌്ണൻ  കൃപേഷിന്റെ പിതാവുമാണ‌്. ശരത‌് ലാലിന്റെയും കൃപേഷിന്റെയും അടുത്ത  ബന്ധുക്കളും കുടുംബാംഗങ്ങളും കോൺഗ്രസ‌് അനുകൂലികളോ നിഷ‌്പക്ഷമതികളോ ആയി അറിയപ്പെടുന്ന ചിലയാളുകളും സ്വീകരണ ചടങ്ങിൽ പങ്കെടുത്തിരുന്നു. സിപിഐ എമ്മിന്റെയോ വർഗ ബഹുജനസംഘടനകളുടെയോ  ഒരു പ്രവർത്തകൻ പോലും പാർടിയിൽനിന്ന‌് രാജിവച്ചിട്ടില്ലന്ന‌് സിപിഐ എം പെരിയ ലോക്കൽ കമ്മറ്റി വ്യക്തമാക്കി. കൊലപാതകത്തിന്റെ മറവിൽ പാർടിയെ അപകീർത്തിപ്പെടുത്താൻ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന നാടകങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചതാണ‌് സ്വീകരണച്ചടങ്ങെന്നും പ്രസ‌്താവനയിൽ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top