കാസർകോട്
കാസർകോട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാനിടയാക്കിയ നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മുസ്ലിംലീഗിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് സ്വതന്ത്രരും പിന്തുണ നൽകാമെന്നറിയിച്ചിട്ടും കൃത്യമായ ഇടപെടൽ നടത്താതെ ബിജെപിയെ ജയിപ്പിക്കാനുള്ള കരുനീക്കമാണ് ലീഗ് നേതൃത്വം സ്വീകരിച്ചത്. നേതൃത്വത്തിന്റെ പിടിപ്പുകേട് കാരണമാണ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം നഷ്ടപ്പെടാനിടയാക്കിയതെന്ന് തിരിച്ചറിഞ്ഞ ലീഗ് കൗൺസിലർമാരായ മമ്മു ചാലയും അസ്മ മുഹമ്മദും ലീഗ് മുനിസിപ്പൽ കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നഗരസഭയിലെ 12–--ാം വാർഡ് ചാലയിലെ കൗൺസിലറാണ് മമ്മു ചാല. ബന്ധുവും 13–-ാം വാർഡ് ചാലക്കുന്നിലെ കൗൺസിലറുമാണ് അസ്മ മുഹമ്മദ്. ഇരുവരും രാജിക്കത്ത് നൽകിയതിന് പിന്നാലെ ഇരു വാർഡിലും യൂത്ത്ലീഗ് പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചിട്ടുണ്ട്. വാർഡ് സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധിപ്പേർ സോഷ്യൽമീഡിയയിലും പാർടി നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മമ്മു ചാലക്കും ബിജെപിയിലെ കെ രജനിക്കും മൂന്നുവീതം വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ രജനി വിജയിക്കുകയായിരുന്നു. 1995-–- 2000 കാലയളവിന് ശേഷം ആദ്യമായാണ് നഗരസഭയിൽ ബിജെപിക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കുന്നത്.
ബിജെപിയെ ചെറുക്കുന്നതിന് പകരം സഹായിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന നിലപാടിലാണ് രാജിവച്ചവർ. പിന്തുണ തേടി പാർടി കത്ത് നൽകിയിരുന്നെങ്കിൽ രണ്ട് സ്വതന്ത്ര കൗൺസിലർമാരുടെയും വോട്ടുറപ്പിച്ച് ചെയർമാൻ സ്ഥാനത്ത് മമ്മു ചാല എത്തുമായിരുന്നു. നേതൃത്വത്തിലെ ചിലരുടെ കണ്ണിലെ കരടായ മമ്മു ചാലയെ തന്ത്രപൂർവം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റിനിർത്താനുള്ള അണിയറ നീക്കങ്ങൾ നേരത്തെ നടന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വതന്ത്രരുടെ വോട്ടുതേടാത്തത്.
ലീഗ്–- ബിജെപി കൂട്ടുഭരണത്തിന്റെ തനിയാവർത്തനം
വർഷങ്ങളായ നഗരസഭയിൽ നടക്കുന്നത് മുസ്ലിംലീഗ്–- ബിജെപി "കൂട്ടുഭരണ'മാണെന്ന ആക്ഷേപങ്ങൾ ശരിവയ്ക്കുന്നതായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിലെ ബിജെപി ജയം. കഴിഞ്ഞതവണ മത്സ്യമാർക്കറ്റ് (ഫോർട്ട് റോഡ്) വാർഡിൽ വിമത സ്ഥാനാർഥിയായി ജയിച്ച റാഷിദ് പൂരണം ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ലീഗിന് പിന്തുണ നൽകിയിരുന്നു. ഇതിന് ശേഷം റാഷിദിന്റെ പിന്തുണയുടെ ആവശ്യമില്ലെന്നും നാണംകെട്ട് ഒപ്പംകൂടിയതാണെന്നും പലതവണ അവഹേളിച്ചു. ഇതേ തുടർന്നാണ് ഇത്തവണ പിന്തുണയ്ക്കണമെങ്കിൽ രേഖാമൂലം കത്ത് തരണമെന്ന നിർദേശം വച്ചത്. ലീഗ് മുനിസിപ്പൽ നേതൃത്വം തയ്യാറായില്ല. ലീഗിലെ വിഭാഗതയുടെ ഇരയായി മമ്മു ചാല മാറുന്നതാണ് പിന്നീട് കാണാനായത്. രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറാതെ പ്രശ്നം പരിഹരിക്കാൻ മുസ്ലിംലീഗ് ജില്ലാ ജനറൽസെക്രട്ടറി എ അബ്ദുൾറഹ്മാനും പ്രസിഡന്റ് ടി ഇ അബ്ദുള്ളയും നേരിട്ട് അനുനയ നീക്കം നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..