27 November Sunday
അലാമിപ്പള്ളിയിൽ ജില്ലാ ലെെബ്രറി കൗൺസിൽ പുസ്തകോത്സവം

മായാതെ മറയാതെ പുസ്‌തകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവത്തിന്റെ ഭാഗമായി ചരിത്രഗാഥ സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌  
അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്തെ കൊടക്കാട് കെ നാരായണൻ മാസ്റ്റർ നഗറിൽ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന   പുസ്‌തകോത്സവം പുസ്‌തകങ്ങൾ വാങ്ങാനും  എഴുത്തുകാരെ കേൾക്കാനും അറിയാനുമുള്ള അപൂർവ അവസരമായി. 
മേളയുടെ ഭാഗമായി സംഘടിപ്പിച്ച  വിവിധ പരിപാടികൾ സഹൃദയരുടെ സാന്നിധ്യംകൊണ്ട്‌ സമ്പന്നമായി. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പതിനായിരം ചരിത്രപഠന ക്ലാസിന്റെ ഭാഗമായി ഞായർ  നടന്ന ചരിത്രഗാഥ  കൗൺസിൽ പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്‌ണൻ  ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനായി. ഡോ. സി ബാലൻ, ഡോ. കെ വി സജീവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പിഎൻ പണിക്കർ അവാർഡ്‌ ജേതാവ്‌ പി അപ്പുക്കുട്ടനെ ഡോ. കെ വി കുഞ്ഞികൃഷ്‌ണൻ ആദരിച്ചു. ഡോ.  വിനോദ്‌കുമാർ പെരുമ്പള സ്വാഗതവും എം പി ശ്രീമണി നന്ദിയും പറഞ്ഞു. 
വൈകിട്ട്‌ ലൈബ്രറി പ്രവർത്തക സംഗമം പി അപ്പുക്കുട്ടൻ ഉദ്‌ഘാടനം ചെയ്‌തു. പി ദീലീപ്‌ കുമാർ അധ്യക്ഷനായി. എ ആർ സോമൻ, പി കെ അഹമ്മദ്‌ ഹുസൈൻ, വി ചന്ദ്രൻ,  ഡി കമലാക്ഷ എന്നിവർ സംസാരിച്ചു. പി ദാമോദരൻ സ്വാഗതവും ജി അംബുജാക്ഷൻ നന്ദിയും പറഞ്ഞു. രാത്രി നടന്ന കൃഷ്‌ണകുമാർ പള്ളിയത്തിന്റെ കഥാപ്രസംഗം സി എം വിനയചന്ദ്രനും നാടകരാവ്‌ രാജ്‌മോഹന നീലേശ്വരവും ഉദ്‌ഘാടനം ചെയ്‌തു. വാസു ചോറോട്‌, പി പി കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. പി വേണുഗോപാലൻ സ്വാഗതവും പപ്പൻ കുട്ടമത്ത്‌ നന്ദിയും പറഞ്ഞു.  മരണമൊഴി (മധു ബേഡകം), ജോസഫിന്റെ റേഡിയോ (തെസ്ബിയൻ തിയറ്റേഴ്സ് ആലപ്പുഴ) നാടകങ്ങളാണ് അരങ്ങിലെത്തിയത്‌.
വായനക്കാരുടെ തിരക്കേറി
കാഞ്ഞങ്ങാട്
ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ ഞായർ വലിയ തിരക്കായിരുന്നു. ജില്ലയിലെ 400ലേറെ ലൈബ്രറികളിൽനിന്നായി മൂന്നും നാലും പേരാണെത്തിയത്‌. ഞായർ അവധി കണക്കിലെടുത്ത് സാധാരണക്കാരായ വായനക്കാരും കുഞ്ഞുകുട്ടികളുമായെത്തി. രാവിലെ മുതൽ തുടങ്ങിയ തിരക്ക് ഉച്ച പിന്നിട്ടതോടെയാണ് അൽപ്പം കുറഞ്ഞത്. കോവിഡ് കാലത്തെ പ്രതിസന്ധി മാറി വിപണി പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തിയെന്ന് വിൽപ്പനക്കാർ പറയുന്നു.
പുസ്തകങ്ങൾക്ക് ശരാശരി 33 ശതമാനം ഇളവാണ് നൽകുന്നത്. വായനാ മത്സരവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ചിന്ത പബ്ലിക്കേഷൻസ്, ഡിസി, ​ഗ്രീൻ, ഒലിവ്, പൂർണ, മാതൃഭൂമി, മനോരമ തുടങ്ങിയ അറിയപ്പെടുന്ന ഒട്ടുമിക്ക പബ്ലിക്കേഷൻസുമെത്തിയിട്ടുണ്ട്. പുസ്തകങ്ങൾക്ക്‌ വിലകൂടിയിട്ടുണ്ടെങ്കിലും ലൈബ്രറികളുടെ ​ഗ്രാന്റ്‌ ആനുപാതികമായി കൂടാത്തത് ചില ലൈബ്രറികളെ ബാധിക്കുന്നു.
ഏറെചർച്ചയായ പുസ്തകങ്ങൾക്കും പേരെടുത്ത പബ്ലിക്കേഷൻസിന്റെ സ്റ്റാളിലുമാണ് ആളുകൾ കൂടുതൽ. നോവലുകൾക്കും ബാലസാഹിത്യത്തിനും പ്രത്യേക പരി​ഗണന ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പി വി കെ പനയാൽ ഉൾപ്പെടെയുള്ള ജില്ലയിലെ എട്ട് എഴുത്തുകാരുടെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. അഫിലിയറ്റ് ചെയ്ത 431 ലൈബ്രറികളിൽ 413 എണ്ണത്തിനാണ് ഇത്തവണ ​ഗ്രാന്റ്‌ അനുവദിച്ചത്. തിങ്കൾ തിരക്ക് കൂടുമെന്നാണ് വിലയിരുത്തൽ.
ഇന്ന്‌ വെെകിട്ട് സമാപിക്കും
കാഞ്ഞങ്ങാട്‌ 
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം തിങ്കൾ സമാപിക്കും.   രാവിലെ 10.30ന്‌  ചലച്ചിത്ര ഗാനാലാപന മത്സരം കരിവെള്ളൂർ മുരളി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌  സമാപന സമ്മേളനത്തിൽ കെ വി ജയപാൽ അധ്യക്ഷനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top