28 September Tuesday

മുഗു ബാങ്ക്: വായ്‌പ തട്ടിയ പ്രമുഖരെ പൊലീസ്‌ വിളിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
കാസർകോട്‌
മുഗു സർവീസ്‌ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പിൽ ഉൾപ്പെട്ടവരിൽ നിന്ന്‌ പണം തിരിച്ചു പിടിക്കൽ നടപടി ശക്തമാക്കി. ബിജെപി നേതാവായിരുന്ന മുൻ പ്രസിഡന്റ്‌, മുൻ ബാങ്ക്‌ സെക്രട്ടറിമാർ, ബന്ധുക്കൾ എന്നിവരിൽ നിന്ന്‌ വായ്‌പ തിരിച്ചു പിടിക്കാൻ ബാങ്ക്‌ പൊലീസിൽ പരാതി നൽകി. ഇവരോട്‌ തിങ്കളാഴ്‌ച ഹാജരാകാൻ ഡിവൈഎസ്പി പി ബാലകൃഷ്‌ണൻ നിർദേശിച്ചു.
ബാങ്കിൽ കേരള ബാങ്ക്‌ നിയോഗിച്ച സിഇഒ ബി വിജയന്റെ പരാതിയിലാണ്‌ നടപടി. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ എസ്‌ നാരായണ, ദീർഘകാലം സെക്രട്ടറിയായിരുന്ന മുഗു നാരായണൻ നമ്പ്യാർ, സഹോദരി പി സീത, മറ്റൊരു സെക്രട്ടറി ശങ്കരഭട്ട്‌ എന്നിവരെയാണ്‌ പൊലീസ്‌ വിളിച്ചുവരുത്തിയത്‌.
36 കോടി വരെ നിക്ഷേപവും രണ്ട്‌ ശാഖയുമുണ്ടായിരുന്ന ബാങ്കിൽ, ബിജെപി മുൻ  ഭരണസമിതിയുടെയും ബാങ്ക്‌ സെക്രട്ടറിമാരുടെയും ഒത്താശയോടെ കോടികളുടെ വായ്‌പാ തട്ടിപ്പാണ്‌ അരങ്ങേറിയത്‌. മുൻ സെക്രട്ടറി മാത്രം കുടുംബാംഗങ്ങളുടെ പേരിൽ നാലരകോടി രൂപ ബാങ്കിൽ നിന്നും തട്ടി. മറ്റൊരു സെക്രട്ടറി  ഒന്നര കോടിയും. മുൻ പ്രസിഡന്റ്‌ ഒരുകോടിയും വായ്‌പ സംഘടിപ്പിച്ചു. ഇതെല്ലാം കുടിശികയാണ്‌. കേരള ബാങ്കിൽ മാത്രം 28 കോടിയോളം രൂപ തിരിച്ചടക്കാനുണ്ട്‌. ഇതേ തുടർന്നാണ്‌ പണം തിരിച്ചുപിടിക്കൽ  സജീവമാക്കിയത്‌. തട്ടിപ്പ്‌ നടത്തിയവർക്കെതിരെ ക്രിമിനൽ കേസും ആലോചിക്കുന്നുണ്ട്‌.
ഇല്ലാത്ത വീടിന്റെ പേരിൽ ഭവനവായ്‌പ, ബിനാമി വായ്‌പ, ബാങ്കിന്റെ പരിധിക്ക്‌ പുറത്തുള്ള വായ്‌പ എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ്‌ കണ്ടെത്തിയത്‌. വകുപ്പുതല അന്വേഷണ റിപ്പോർട്ട്‌  കഴിഞ്ഞ വർഷം മെയിൽ സഹകരണവകുപ്പിന്‌ സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നും നഷ്ടം തിരിച്ചു പിടിക്കാൻ ഉത്തരവായതുമാണ്‌.
ബാങ്ക്‌ പ്രതിസന്ധിയിലായതോടെ, കർഷക പരിശരഹിത വായ്‌പ, ചുരുങ്ങിയ പലിശ വായ്‌പ, വിദ്യാർഥികൾക്കുള്ള വിദ്യാതരംഗിണി വായ്‌പ അടക്കം മുഗു വില്ലേജിൽ മുടങ്ങി‌.  കർഷകർക്കുള്ള ബാങ്ക്‌ സഹായം  മുടങ്ങാതിരിക്കാൻ, ബിജെപിയുടെ രാഷ്ട്രീയ ഇടപെടൽ ഉടനുണ്ടാവണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top