04 April Saturday
വസ്‌തുനികുതി രശീതിൽ കൃത്രിമം

ജീവനക്കാരനെതിരെ നടപടിക്ക്‌ മടിച്ച്‌ കാസർകോട്‌ നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കാസർകോട്‌
നഗരസഭയിൽ വസ്‌തുനികുതി പിരിക്കുന്നതിൽ വീഴ്‌ചവരുത്തുന്നതിനൊപ്പം രസീതിൽ കൃത്രിമം നടത്തുകയും ചെയ്‌ത ജീവനക്കാരനെതിരെ നടപടിയെടുക്കാൻ മടിച്ച്‌ കൗൺസിൽ യോഗം. ഭരണകക്ഷി–- പ്രതിപക്ഷ അംഗങ്ങളും സെക്രട്ടറിയും റവന്യു ഓഫീസറും തമ്മിലുള്ള നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ജീവനക്കാരനെ സ്ഥലംമാറ്റണമെന്ന്‌ സർക്കാരിന്‌ നിർദേശം നൽകാൻ തീരുമാനം.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്‌ച വരുത്തിയ ബിൽ കലക്ടർ കെ അശോക്‌കുമാറിനെതിരെ നടപടിക്കാണ്‌ ശുപാർശ. ഇയാൾക്കെതിരെ എസ്‌എച്ച്‌ഒയ്‌ക്ക്‌ പരാതി നൽകാനും വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കി നഗരകാര്യ ഡയറക്ടർക്ക്‌ സമർപ്പിക്കാനുമുള്ള സെക്രട്ടറി എസ്‌ ബിജുവിന്റെ  ഉത്തരവ്‌ ചൊവ്വാഴ്‌ച നടന്ന കൗൺസിലിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ഇയാൾക്ക്‌ മാപ്പ്‌ നൽകണമെന്ന നിലപാടാണ്‌ ബിജെപി നേതാവ്‌ പി രമേശനും സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ എം മുനീറും സ്വീകരിച്ചത്‌. അന്തിമ നടപടിയെടുക്കുന്നതിന്‌ മുമ്പ്‌ റവന്യു വിഭാഗത്തിലെ മൂന്നുപേരടങ്ങിയ സംഘം വിശദമായ അന്വേഷണം നടത്തണമെന്ന്‌ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം ആവശ്യപ്പെട്ടു. ഇതിനെ ഭരണ–- പ്രതിപക്ഷ അംഗങ്ങളൊന്നാകെ പിന്തുണച്ചു. സെക്രട്ടറിയും റവന്യു ഓഫീസറും അന്വേഷിച്ച്‌ തയ്യാറാക്കിയ നടപടി റിപ്പോർട്ടിൽ കീഴ്‌ജീവനക്കാർ വീണ്ടും അന്വേഷിക്കുന്നതിലെ എതിർപ്പ്‌ സെക്രട്ടറി ചൂണ്ടിക്കാട്ടി. വീണ്ടും അന്വേഷിക്കുന്നെങ്കിൽ പുറമെ നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ക്രിമിനൽ നടപടിക്കായി പൊലീസിൽ പരാതി നൽകണമെന്നും സെക്രട്ടറി അറിയിച്ചതോടെ എതിർപ്പറിയിച്ചവർ പിൻവാങ്ങി. ഒടുവിൽ സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കാനുള്ള തീരുമാമെടുത്താണ്‌ കൗൺസിൽ പിരിഞ്ഞത്‌.
അശോക്‌കുമാർ പിരിച്ച പത്ത്‌ രസീത്‌ മാത്രം പരിശോധിച്ചപ്പോൾ 40,000 രൂപയുടെ ക്രമക്കേടാണ്‌ കണ്ടെത്തിയത്‌. വസ്‌തുനികുതി പിരിക്കുന്നതിൽ വ്യാപക ക്രമക്കേട്‌ നടക്കുന്നതായി 2018 ജൂണിൽ "ദേശാഭിമാനി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഭരണസമിതിയും അന്നത്തെ സെക്രട്ടറിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതേക്കുറിച്ച്‌ അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. സെക്രട്ടറിയും റവന്യു ഓഫീസറും സ്ഥലംമാറി പുതിയ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ്‌ പഴയ ക്രമക്കേടുകൾ ഓരോന്നായി അന്വേഷണത്തിൽ പുറത്തുവരാൻ തുടങ്ങിയത്‌. അഴിമതിക്കും ക്രമക്കേടിനും ലീഗിനും ബിജെപിക്കും ഒറ്റമനസ്സാണെന്ന ആക്ഷേപം ശരിവയ്‌ക്കുന്ന വിവരങ്ങളാണ്‌  പുറത്തുവരുന്നത്‌.
പ്രധാന വാർത്തകൾ
 Top