23 March Saturday

‘സഖി'മാർക്ക് പച്ചക്കറി കൃഷിയിൽ മികച്ച വിളവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019

ഉദുമ

ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തെ പാഠശേഖരത്തിൽ സഖി ഉദയമംഗലം പ്രവർത്തകരുടെ പച്ചക്കറി കൃഷിയിൽ മികച്ച വിളവ‌്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നവംബർ 24 നാണ് ഭൂമിക ജൈവ പച്ചക്കറി കൃഷിക്ക്  വിത്തിട്ടത്. തക്കാളി, വഴുതിന, ചീര, വെണ്ട, മത്തൻ, നരമ്പൻ, കിഴങ്ങ്, കപ്പ, ചോളം, പച്ചമുളക്, പയർ എന്നിവയാണ് കൃഷി ചെയ്തത്. 
സഖി പ്രവർത്തകരായ ജിജിന നാരായണൻ, ആരതി ചന്ദ്രൻ, മോണിക്ക മോഹനൻ, അശ്വതി ചന്ദ്രൻ, ശ്വേത രത്നാകരൻ, ശ്രേയ രത്നാകരൻ, പി വി അഞ്ജലി, അജിഷ ഭാസ്കരൻ, കെ മാളവിക, വർഷ മോഹനൻ, കെ വിപിന രാജ്, എം നിഥുന, ജിഷ്ണ നാരായണൻ, വിജിന, സ്വാതി കൃഷ്ണ, ജിനിഷ സുകുമാരൻ, പി വി മാളവിക, ഫാത്തിമ ഹാദിയ നിഹ്‌ല, പി വി കാവ്യശ്രീ, ആതിഥ്യ കൃഷ്ണൻ എന്നിവരാണ്  കൃഷി നടത്തിയത്. ഇതിൽ ഒരാൾ പഞ്ചായത്ത് ജീവനക്കാരിയും മറ്റുള്ളവർ വിദ്യാർഥികളുമാണ്. രാവിലെ 6.30 മുതൽ ഏഴര വരെയും വൈകിട്ട‌്  അഞ്ചര മുതൽ ആറര വരെയും ഇവർ  തോട്ടത്തിലെത്തി വെളളം നനക്കും. സഹായത്തിന് ഇവരുടെ അമ്മമാരും എത്തും. കഴിഞ്ഞ വർഷം വീടുകളിൽ ഗ്രോബാഗിലാണ് പച്ചക്കറി ചെയ്തത്. ഈ വർഷം പരീക്ഷണാർഥമാണ് പാടത്ത് കൃഷി ഇറക്കിയത്. പൂർണമായും ജൈവ വളമാണ് ഉപയോഗിച്ചത്. 
നൂറുമേനി വിളവ് കിട്ടിയതിൽ ഇവർ ഏറെ സന്തോഷത്തിലാണ്. സമീപത്തെ വീട്ടുകാർ വന്ന് പച്ചക്കറി വാങ്ങുന്നതിനാൽ കടകളിൽ കൊണ്ടുപോയി വിൽക്കേണ്ടി വരുന്നില്ല. നാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പച്ചക്കറി വാങ്ങാൻ നിരവധി പേർ തോട്ടത്തിലെത്തുന്നുണ്ട്. കടകളിൽ വിൽക്കുന്നതിനേക്കാൾ വില കുറച്ചാണ് ഇവർ ആവശ്യക്കാർക്ക് പച്ചക്കറികൾ വിൽക്കുന്നത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top