22 October Thursday

അറിവിന്റെ ആയുധവുമായി അറുപതാണ്ട്‌ രജിത്‌ കാടകം

രജിത്‌ കാടകംUpdated: Sunday Oct 18, 2020

കൊട്ടംകുഴിയിലെ പി കുഞ്ഞമ്പുനായർ

കാടകം
കാറഡുക്ക കൊട്ടംകുഴിയിലെ  പി കുഞ്ഞമ്പു നായർക്ക് 'ദേശാഭിമാനി' ആയുധമാണ്. തന്റെ പാർടിയെ നുണപ്രചാരണവും വ്യാജവാർത്തകൊണ്ടും തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെ  പ്രതിരോധിക്കാൻ ആയുധം കൈയിൽ കരുതാൻ തുടങ്ങിയിട്ട് 60 വർഷം പിന്നിടുന്നു. നാട്ടുകാർ സ്നേഹത്തോടെ 'താടി കുഞ്ഞമ്പുവേട്ടൻ’ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്  പങ്കുവയ്ക്കാനുള്ളത് ദേശാഭിമാനിയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്. 
പൊയിനാച്ചി പടിഞ്ഞാറടുക്കത്ത് കർഷകകുടുംബത്തിലാണ് ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസമില്ല. 1960ൽ പതിനെട്ടാം വയസ്സിൽ അക്ഷരങ്ങൾ ചേർത്ത് വായിക്കാൻ പഠിച്ചത് ദേശാഭിമാനിയിലൂടെയാണ്‌. പീടികയിൽനിന്ന് പത്രം ഉച്ചത്തിൽ വായിക്കും. തെറ്റിയാൽ അവിടുള്ളവർ തിരുത്തും. അന്ന് മുതൽ വായന ശീലമാക്കി. അയൽവാസിയായ കമ്മട്ട കുഞ്ഞമ്പുനായരുടെ വീട്ടിൽ ദേശാഭിമാനിയുമായി താമസിക്കാൻ വരുന്ന പാച്ചേനി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ളവർ സ്വാധീനിച്ചു. 1964 മുതൽ വരിക്കാരനായി. മൂന്നര അണയാണ് വില. വളണ്ടിയർ ക്യാപ്റ്റനായിരുന്ന നമ്പിളിവള്ളം കുഞ്ഞിക്കണ്ണൻ നായരാണ് ഏജന്റ്. വളണ്ടിയറായിരുന്ന കുഞ്ഞമ്പുവേട്ടൻ  സഹായിക്കും. പൊയിനാച്ചി ടൗണിലെത്തുന്ന കെട്ടുകൾ സൈക്കിളിൽ ബണ്ടിച്ചാലിൽ എത്തിച്ചു കൊടുക്കും.  
1984ൽ കാടകത്തേക്ക് താമസം മാറി. പത്രം ലഭിക്കണമെങ്കിൽ കൊട്ടംകുഴിയിൽ നിന്ന് രണ്ട് കിലോമീറ്റർ കുന്ന് കയറി കർമംതൊടിയിലെത്തണം. അതിരാവിലെ എഴുന്നേറ്റ് കൃഷിയിടത്തിലും  പത്രക്കെട്ട് എത്തുന്ന സമയം കർമംതോടിയിലുമെത്തും. അവിടെയിരുന്ന്  മുഴുവൻ വാർത്തകളും ഉച്ചത്തിൽ വായിക്കും. സി കെ, മൊയ്‌തു എന്നിവരുടെ പീടികയും പാർട്ടി എസി ഓഫീസുമാണ് ഇരിപ്പിടം. ചോയപ്പ മണിയാണി, അപ്പക്കുഞ്ഞി മണിയാണി എന്നിവരുൾപ്പെടെ ഒരു ബെഞ്ച് നിറയെ ശ്രോതാക്കൾ. 2011 ഡിസംബർ 11 ന് പത്രമെടുക്കാൻ വരുമ്പോഴുണ്ടായ അപകടത്തിൽ സാരമായ പരിക്കേറ്റതിനാൽ കർമംതോടിയിലെ  പത്രവായന നിന്നു. 
ബസ് സ്റ്റാൻഡിലും ആൾക്കൂട്ടത്തിലും ചെന്നിരുന്ന് ഉച്ചത്തിൽ പത്രം വായിക്കുന്ന ശീലം  ഉണ്ടായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് കോഴിക്കോട് ഉള്ള്യേരിയിലായിരുന്നു കുഞ്ഞമ്പുവേട്ടൻ. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട  വാർത്തകൾ ഉച്ചത്തിൽ വായിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഭീഷണിയായി. തന്റെ വായനയിൽനിന്ന്‌ ലഭിക്കുന്ന വിവരമനുസരിച്ചു  മിച്ചഭൂമിയും റേഷൻ കാർഡും ലഭിച്ച നിരവധി പേരുണ്ടെന്ന് അദ്ദേഹം ഓർക്കുന്നു. പ്രധാന സംഭവങ്ങളുള്ള പത്രങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. രണ്ട് മാസത്തെ പത്രം ഇരിപ്പിടത്തിന് അരികിലുണ്ട്. 60 വർഷത്തെ രാഷ്ട്രീയ ചരിത്രം മനഃപാഠമാണ്. ആ ഓർമകൾക്ക്  ഇന്ധനം പകരുന്നത് മുടങ്ങാത്ത ദേശാഭിമാനി വായനയും.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top