23 November Saturday

മീഞ്ചയിലും നിറയുന്നു പ്രതീക്ഷയുടെ വെളിച്ചം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

മഞ്ചേശ്വരം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം ശങ്കർ റൈക്ക്‌ മീഞ്ച പഞ്ചായത്തിലെ ചിനാലയിൽ നൽകിയ സ്വീകരണം ഫോട്ടോ: കെ രാജശേഖർ

മഞ്ചേശ്വരം
അതിർത്തിഗ്രാമമായ മീഞ്ച ആവേശത്തിലാണ്‌. വികസനപിന്നോക്കാവസ്ഥയ‌്ക്ക‌് പരിഹാരമുണ്ടാകണം. എൽഡിഎഫ‌് സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക‌്  മീഞ്ചയിലെ ജനതയും നേരവകാശികളാകണം. എല്ലാത്തിനും നേതൃത്വം വഹിക്കാൻ എം ശങ്കർ റൈ വിജയിക്കണം. അതിനുള്ള അത്യധ്വാനത്തിലാണ‌് മീഞ്ചയിലെ സാധാരണക്കാർ. സി എച്ച‌് കുഞ്ഞമ്പു എംഎൽഎയായിരിക്കെ ആരംഭിച്ച പദ്ധതികളാണ‌് മണ്ഡലത്തിൽ പുതുവഴി വെട്ടിയത‌്. ഇപ്പോൾ എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളും വിളക്കുമാടങ്ങളായി മുമ്പിലുണ്ട‌്.
കൊമ്മംഗളെയിൽ പര്യടന ഉദ‌്ഘാടനവേദിയിലും മാറ്റത്തിന്റെ കാഹളമാണ‌് മുഴങ്ങിയത‌്. ബേരിക്കെ കാവി രാഷ്ട്രീയത്തിന‌് മേൽക്കൈയുള്ള പ്രദേശമാണ‌്. അവിടെ സാധാരണയായി എൽഡിഎഫിന്റെ പരിപാടികൾ കുറവാണ്‌. സ്വീകരണത്തിൽ മുസ്ലീം സ‌്ത്രീകൾ ഉൾപ്പെടെ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തി. ആത്തിക്കയും ഫാത്തിമയും ഉൾപ്പെടെയുള്ളവർക്ക്‌ നാടിന്റെ പ്രശ്‌നങ്ങളാണ്‌ പറയാനുളളത്‌. ദേരമ്പള പിന്നിട്ട‌് തൊട്ടത്തൊടിയിലെത്തുമ്പോൾ മുൻ എംപി പി കരുണാകരൻ ഇടതുപക്ഷത്തിന്റെ ഇടപെടൽ വിവരിച്ച‌് പ്രസംഗിക്കുന്നു. രാമബംഗേര ഗ്രന്ഥാലയം പരിസരത്തെ ആൾക്കൂട്ടം സ്ഥാനാർഥിയെ കണ്ടതോടെ ആവേശത്തിൽ. ചിനാലയിലും പകൽച്ചൂടിനെ കൂസാത്ത ആൾക്കൂട്ടം. ജില്ലാ പഞ്ചായത്ത‌് അംഗമായിരുന്ന ശങ്കർ റൈയെ എല്ലാവർക്കും അറിയാം. മുഗേര ദേവസ്ഥാനം സന്ദർശിക്കണമെന്ന‌് ചിലർക്ക‌് നിർബന്ധം. സ്ഥാനാർഥി മുന്നിൽനടന്നു. വയോധികർ ഉൾപ്പെടെ പിന്നാലെ. 
ചികുർപാതയിൽ ആവേശകരമായ സ്വീകരണമാണ‌്. പർദയിട്ട സ‌്ത്രീകൾ ഉൾപ്പെടെ എത്തിയിട്ടുണ്ട‌്. തുളുവിൽ കത്തിക്കയറിയ പ്രസംഗം ആൾക്കൂട്ടത്തെ കൈയിലെടുത്തു. തുടർന്ന‌് കലാഭവൻ മണിയുടെ ഒരുപാട്ടും അതിന‌് തുളുവിൽ തർജുമയുമായി മാസ‌്റ്റർ അരങ്ങ‌് തകർത്തു. 
ആളുകൾ പാട്ടിനൊത്ത‌് താളം പിടിച്ചു. ബള്ളംകൂടലിൽ ഒരു ക്ഷേത്രമുറ്റത്താണ‌് പരിപാടി. ചുറ്റും വയലാണ‌്. ഇടിയും മിന്നലും. അടുക്കത്തൂരി പിന്നിട്ട‌് സജയിലേക്ക‌്. വഴിയോരത്തുനിന്നും ആളുകളുടെ അഭിവാദ്യം. കടമ്പാർ, മൊറത്തണെ എന്നിവിടങ്ങൾ ഇടതുപക്ഷസ്വാധീനമുള്ള മേഖലയാണ‌്. അവിടങ്ങളിലും ആവേശകരമാണ്‌ അകമ്പടി. മുദ്രാവാക്യങ്ങൾ, പൊട്ടിച്ചിതറുന്ന പടക്കങ്ങൾ. ഹാരാർപ്പണം.  കോളിയൂർ പദവ‌് പിന്നിട്ടു‌ കോളിയൂരിലെത്തുമ്പോൾ ഇരുട്ട‌്. പ്രതീക്ഷയുടെ വെളിച്ചവുമായി സ്ഥാനാർഥിയെത്തുന്നു. മാറ്റം കൊതിക്കുന്ന മണ്ണും മനസും മാസ‌്റ്ററെ ഏറ്റെടുക്കുകയാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top