24 October Thursday

മഞ്ചേശ്വരം ചർച്ച്‌ ആക്രമണം പ്രതികളെ ഉടൻ പിടിച്ചില്ലെങ്കിൽ ഉപവാസ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
കാസർകോട്‌ 
മഞ്ചേശ്വരം മേഴ്‌സി ചർച്ച്‌  ആക്രമിച്ചവരെ  ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കലക്ടറുടെയും ജില്ല പൊലീസ്‌ മേധാവിയുടെയും ഓഫീസിന്‌ മുന്നിൽ ഉപവാസ സത്യഗ്രഹം നടത്തുമെന്ന്‌  കത്തോലിക്‌ സഭ മംഗളൂരുവിന്റെ കാസർകോട്‌ ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 
സംഭവം നടന്നു ഒരുമാസമായിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. ശരീരമാസകലം മറച്ച രണ്ട്‌പേരാണ്‌ കഴിഞ്ഞ 19ന്‌  പുലർച്ചെ മൂന്നരക്ക്‌  ഗേറ്റ്‌ ചാടികടന്നു പള്ളിയുടെ ചില്ലുകൾ തകർത്തത്‌. സംഭവം അറിഞ്ഞയുടൻ ഉന്നതരായ പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്ത്‌ എത്തുകയും  രണ്ട്‌ സംഘം രൂപീകരിച്ചു അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു.   18ഓളം പേരെ  ചോദ്യം ചെയ്‌തുവെങ്കിലും പ്രതികളെ ഇതുവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. 
ഈ സാഹചര്യത്തിലാണ്‌ സൂചനാസമരം നടത്തുന്നത്‌. വാർത്തസമ്മേളനത്തിൽ മഞ്ചേശ്വരം ചർച്ച്‌ വികാരി ഫാ. വിൻസന്റ്‌ വിനോദ്‌ സൽദാന,  പാവ്‌ലു റോല്‌ഫി ഡികോസ്‌ത,  രാജു സ്‌റ്റീഫൻ ഡിസൂസ, ഫ. ജോൺവാസ്‌, ഫാ. വർഗീസ്‌ ചക്കാല, ജീൻ ലവീന എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top