17 September Tuesday

പട്ടികജാതി സ്‌ത്രീയുടെ ഭൂമി തട്ടിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കുഡുലു
പട്ടികജാതി സ്‌ത്രീയുടെ പത്ത്‌ സെന്റ്‌ സ്ഥലം തട്ടിയെടുത്തതായി പരാതി. മൊഗർ വിഭാഗത്തിൽ പെട്ട കോട്ടവളപ്പിൽ കരിയപ്പയുടെ മകൾ രേവതിയുടെ സ്ഥലമാണ്‌ ഗുഡെ അമ്പലത്തിന്‌ സമീപം താമസിക്കുന്ന രതീഷ്‌കുമാർ തട്ടിയെടുത്തതെന്ന്‌ കലക്ടറടക്കമുള്ള അധികൃതർക്ക്‌ നൽകിയ പരാതിയിൽ പറയുന്നു. കോയിപ്പാടി വില്ലേജിൽ നിന്ന്‌ 2001ൽ പതിച്ചു കിട്ടിയ  സ്ഥലമാണ്‌ രേവതിയുടെ ബന്ധുവും സുള്ള്യ സ്വദേശിയുമായ ശ്രുതിക്കിനെ ഉപയോഗപ്പെടുത്തി തട്ടിയെടുത്തത്‌. സാക്ഷിപട്ടികയിൽ ഒപ്പിടാനെന്നു തെറ്റിദ്ധരിപ്പിച്ചാണ്‌ സ്ഥലത്തിന്റെ രേഖയുമായി കാസർകോട്‌ സബ്‌രജിസ്‌ട്രാർ ഓഫീസിൽ രേവതിയെ കൊണ്ടുപോയി രജിസ്‌റ്റർ ചെയ്യിപ്പിച്ചത്‌. സാക്ഷി നിന്നതിന്‌ പ്രതിഫലമെന്ന നിലയിൽ  പതിനൊന്നായിരം രൂപയും നൽകി. രേവതിക്ക്‌  സ്ഥലം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്ക്‌ രതീഷ്‌കുമാറിന്‌ വിൽപന നടത്തിയതായാണ്‌  ആധാരം രജിസ്‌റ്റർ ചെയ്‌തത്‌. 
കബളിപ്പിക്കുകയായിരുന്നുവെന്നും തനിക്ക്‌ വേറെ സ്ഥലമില്ലെന്നും ഈ ഭൂമി തിരിച്ചു ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌   കലക്ടർ, ഡിവൈഎസ്‌പി, സ്ഥലം എസ്‌ഐ എന്നിവർക്ക്‌ രേവതി പരാതി നൽകി. പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക്‌ പതിച്ചു കിട്ടിയ ഭൂമി മറ്റു സമുദായത്തിൽ പെട്ടവർ വാങ്ങുന്നതിന്‌ നിയമപരമായി വിലക്കുണ്ട്‌.  അത്‌ പോലും കണക്കിലെടുക്കാതെയാണ്‌  സ്ഥലം ജിസ്‌റ്റർ ചെയ്‌തത്‌.  രേവതിയുടെ സ്ഥലം തിരിച്ചു ലഭിക്കുന്നതിനാവശ്യമായ സഹായം അധികൃതരുടെ ഭാഗത്ത്‌ നിന്നുണ്ടാവണമെന്ന്‌ സിപിഐ എം മൊഗ്രാൽ പുത്തൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top